CMDRF

ഒളിംപിക്‌സ്: ഇന്ത്യയുടെ അമ്പെയ്ത്ത് താരങ്ങള്‍ ഇന്നിറങ്ങും

ഒളിംപിക്‌സ്: ഇന്ത്യയുടെ അമ്പെയ്ത്ത് താരങ്ങള്‍ ഇന്നിറങ്ങും
ഒളിംപിക്‌സ്: ഇന്ത്യയുടെ അമ്പെയ്ത്ത് താരങ്ങള്‍ ഇന്നിറങ്ങും

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് മെഡല്‍ നേടാനുള്ള, ആദ്യ മത്സരം ഇന്ന് നടക്കും. പുരുഷ, വനിതാ വ്യക്തിഗത റാങ്കിങ് റൗണ്ട് മത്സരങ്ങളാണ് ആദ്യ ദിനം നടക്കുന്നത്. 53 രാജ്യങ്ങളില്‍ നിന്നായി 128 താരങ്ങള്‍ യോഗ്യതാ റൗണ്ടില്‍ മത്സരിക്കും. നാലാം ഒളിംപിക്‌സിനറങ്ങുന്ന പരിചയസമ്പന്നരായ തരുണ്‍ദീപ് റായും ദീപികാ കുമാരിയും നയിക്കുന്ന ഇന്ത്യന്‍ സംഘത്തിന് യോഗ്യതാ റൗണ്ട് നിര്‍ണായകമാണ്. ആദ്യ പത്തിലെങ്കിലും സ്ഥാനം നേടുകയാണ് ടീമിന്റെ പ്രഥമലക്ഷ്യം. ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് പുരുഷ, വനിതാ ടീമുകള്‍ യോഗ്യത നേടിയത്. അഞ്ച് മെഡല്‍ ഇനങ്ങളില്‍ ഇന്ത്യ മത്സര രംഗത്തുണ്ട്.

പുരുഷ ടീമിലാണ് ഇന്ത്യക്ക് കൂടുതല്‍ പ്രതീക്ഷയുള്ളത്. ഷാങ്ഹായില്‍ ഇത്തവണ ലോകകപ്പില്‍ നേടിയ വിജയവുമായാണ് ഇന്ത്യന്‍ പുരുഷന്‍മാര്‍ ഇറങ്ങുന്നത്. ഫൈനലില്‍ അതികായരായ ദക്ഷിണകൊറിയയെയാണ് ഇന്ത്യ ഞെട്ടിച്ചത്. തരുണ്‍ദീപിനൊപ്പം ടോക്യോയില്‍ മത്സരിച്ച പ്രവീണ്‍ യാദവും പുതുമുഖതാരം ധീരജ് ബൊമ്മദേവരയുമാണുള്ളത്. ഒരു മാസംമുന്‍പ് തുര്‍ക്കിയില്‍ വേള്‍ഡ് കപ്പ് സ്റ്റേജ് -3 മത്സരത്തില്‍ ടോക്യോയിലെ വെള്ളിമെഡല്‍ ജേതാവ് ഇറ്റലിയുടെ മൗറൊ നെസ്പോളിയെ തോല്‍പ്പിച്ച് ധീരജ് വെങ്കലം നേടിയിരുന്നു. ഏഷ്യന്‍ഗെയിംസ് വെള്ളിനേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു.

ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ദീപികാ കുമാരിയിലാണ് വനിതകളില്‍ ഇന്ത്യന്‍ പ്രതീക്ഷ. ഏപ്രിലില്‍ വേള്‍ഡ് കപ്പ് സ്റ്റേജ്-1 മത്സരത്തില്‍ നേടിയ വെള്ളി ദീപികയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ടോക്യോയില്‍ സ്വര്‍ണം നേടിയ കൊറിയയുടെ ആന്‍ സാന്‍ ഇത്തവണ രംഗത്തില്ല. മറ്റൊരു കൊറിയന്‍താരമായ ലിം സി ഹയോണാവും ദീപികയുടെ പ്രധാന എതിരാളി. ഈ വര്‍ഷം രണ്ടുതവണ കൊറിയന്‍ താരം ദീപികയെ തോല്‍പ്പിച്ചിരുന്നു.

ഫോമിലാണെങ്കില്‍ അനായാസം കൃത്യം ലക്ഷ്യം കണ്ടെത്തി പത്തില്‍ പത്തുപോയന്റും നേടാന്‍ ദീപികയ്ക്ക് കഴിയും. എന്നാല്‍, സ്ഥിരതപുലര്‍ത്താന്‍ കഴിയാത്തതാണ് ദീപികയ്ക്ക് മിക്കപ്പോഴും തിരിച്ചടിയാവുന്നത്. ദീപിക ഒഴിച്ചാല്‍ മറ്റുള്ളവരുടെ പരിചയക്കുറവാണ് വനിതാ ടീം നേരിടുന്ന പ്രശ്‌നം. അങ്കിത ഭഗത്തും ഭജന്‍ കൗര്‍ ആദ്യമായാണ് ഒളിംപിക്‌സിനിറങ്ങുന്നത്. ഏഷ്യന്‍ ഗെയിംസില്‍ ഇരുവരും വെങ്കലം നേടിയിരുന്നു.

Top