വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിൽ കോച്ചിന്റെ വീഴ്ച പരിശോധിക്കണം: ശശി തരൂര്‍

വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിൽ കോച്ചിന്റെ വീഴ്ച പരിശോധിക്കണം: ശശി തരൂര്‍
വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിൽ കോച്ചിന്റെ വീഴ്ച പരിശോധിക്കണം: ശശി തരൂര്‍

വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ കടുത്ത നിരാശയെന്ന് ശശി തരൂര്‍ എം.പി. കോച്ചിന് വീഴ്ച വന്നോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ അയോഗ്യതയില്‍ ഗൂഢാലോചന ആരോപിച്ച് ഗുസ്തി താരം വിജേന്ദര്‍ സിങ് രംഗത്തെത്തി. വിനേഷ് ഫോഗട്ടിന് കൂടുതല്‍ സമയം നല്‍കണമായിരുന്നു. കടുത്ത നിരാശയെന്ന് ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര പ്രതികരിച്ചു. യഥാര്‍ഥ ചാംപ്യന് സ്വര്‍ണമെഡല്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വിനേഷ് ഫോഗട്ട് ഇന്ത്യയുടെ അഭിമാനവും പ്രചോദനവുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ തിരിച്ചടി മുറിപ്പെടുത്തുന്നത്, കൂടുതല്‍ ശക്തയായി തിരിച്ചുവരൂ എന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി.ഉഷയുമായി സംസാരിച്ചു. ഫോഗട്ടിനെ അയോഗ്യയാക്കിയത് ഞെട്ടിക്കുന്നതെന്ന് ബിജെപി പ്രതികരിച്ചു. ന്യൂഡൽഹിയിലെ ജന്തർ മന്തറിലെ തെരുവുകളിൽ അനീതിക്കെതിരെ പോരാടിയ ഗുസ്തി താരങ്ങളുടെ സംഘത്തിലുണ്ടായിരുന്ന വിനേഷ് ഫോഗട്ടിന്റെ ഫൈനൽ പ്രവേശം, സമരത്തെ അവഗണിച്ച കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടെയുള്ളവർക്കുള്ള മറുപടിയായി വ്യാഖ്യാനിക്കപ്പെടുന്നതിനിടെയാണ് ഭാരപരിശോധനയിൽ അയോഗ്യയാക്കപ്പെട്ടതും പുറത്തായതും.

കലാശപ്പോരിനു മുന്നോടിയായി ഇന്നു രാവിലെ നടന്ന ഭാരപരിശോധനയിൽ 100 ഗ്രാം തൂക്കം വ്യത്യാസം വന്നതോടെയാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. നേരത്തെ, കടുത്ത പോരാട്ടത്തിൽ പ്രീക്വാർട്ടറിൽ ജപ്പാന്റെ ലോക ഒന്നാം നമ്പർ താരം യുയി സുസാക്കി, ക്വാർട്ടറിൽ മുൻ യൂറോപ്യൻ ചാംപ്യനും 2018ലെ ലോക ചാംപ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവുമായ ഒക്സാന ലിവാച്ച് എന്നിവരെ തോൽപ്പിച്ചാണ് വിനേഷ് ഫോഗട്ട് സെമിയിൽ ഇടംപിടിച്ചത്. അവിടെ ക്യൂബയുടെ യുസ്‌നെയ്‌ലിസ് ഗുസ്മൻ ലോപസിനെ 5–0ന് മലർത്തിയടിച്ചാണ് വിനേഷ് സ്വപ്ന ഫൈനലിന് ടിക്കറ്റെടുത്തത്. ഇന്ന് രാത്രി 9.45നാണ് വിനേഷിന്റെ സ്വർണ മെഡൽ പോരാട്ടം.

Top