മസ്‌കത്ത്: വാണിജ്യ ഉല്‍പ്പന്നങ്ങളില്‍ ദേശീയ ചിഹ്നങ്ങളും ചിത്രങ്ങളും അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഒമാന്‍ വാണിജ്യ മന്ത്രാലയം. സാധുവായ ലൈസന്‍സില്ലാതെ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ടോ എന്ന് കണ്ടെത്താനായി പരിശോധന കര്‍ശനമാക്കി.
ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കിയത്. സ്വകാര്യ സ്ഥാപനങ്ങള്‍, വാണിജ്യ കമ്പനികള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, വിവിധ വാണിജ്യ ഉത്പന്നങ്ങള്‍ എന്നിവയില്‍ ലൈസന്‍സ് ഇല്ലാതെ രാജകീയ മുദ്രകള്‍ ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. ഇവ ഉപയോഗിക്കുന്നതിന് ലൈസന്‍സ് നേടണമെന്ന് മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തില്‍ അപേക്ഷിച്ച് ലൈസന്‍സ് നേടാനാകും.
വെബ്‌സൈറ്റുകളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രവര്‍ത്തിക്കുന്ന ചില ഓണ്‍ലൈന്‍ സ്റ്റോറുകള്‍ ആവശ്യമായ പെര്‍മിറ്റുകളില്ലാതെ ദേശീയ ചിഹ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉല്‍പ്പന്നങ്ങള്‍ പ്രമോട്ട് ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. അംഗീകൃത ദേശീയ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ അംഗീകാരം നേടേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം വീണ്ടും അവര്‍ത്തിച്ചു. ബിസിനസ്സുകളെ അവരുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഇ-കൊമേഴ്‌സ് ലൈസന്‍സ് നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. കൂടാതെ, ഡിജിറ്റല്‍ വിപണിയില്‍ നിയമാനുസൃതമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിന് ഇ-കൊമേഴ്‌സ് നിയന്ത്രണ ചട്ടക്കൂടിലെ എല്ലാ നിബന്ധനകളും പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.