CMDRF

ഒമാൻ വെടിവയ്പ്പ്; ഇന്ത്യക്കാരനുൾപ്പെടെ മരണം ഒൻപത്, 28 പേർക്ക് പരുക്ക്

ഒമാൻ വെടിവയ്പ്പ്; ഇന്ത്യക്കാരനുൾപ്പെടെ മരണം ഒൻപത്, 28 പേർക്ക് പരുക്ക്
ഒമാൻ വെടിവയ്പ്പ്; ഇന്ത്യക്കാരനുൾപ്പെടെ മരണം ഒൻപത്, 28 പേർക്ക് പരുക്ക്

മസ്‌കത്ത് : നഗരത്തോട് ചേർന്ന് വാദീ കബീറിൽ പള്ളിയുടെ പരിസരത്തുണ്ടായ വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. ഒരു പൊലീസ് ഉദ്യോഗസ്ഥനും മൂന്ന് ആക്രമികളും അഞ്ച് സാധാരണക്കാരുമാണ് മരിച്ചതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മരിച്ചവരിൽ ഒരു ഇന്ത്യക്കാരനും ഉൾപ്പെട്ടതായി മസ്‌കത്ത് ഇന്ത്യൻ എംബസി അറിയിച്ചു. അതെ സമയം മറ്റൊരു ഇന്ത്യക്കാരന് പരുക്കേൽക്കുകയും ചെയ്തതായി ഒമാൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചതായും, ഇവരുടെ കുടുംബത്തിന് എല്ലാവിധ സേവനങ്ങളും നൽകാൻ മന്ത്രാലയം സന്നദ്ധമാണെന്നും എംബസി പ്രസ്താവനയിൽ പറഞ്ഞു. മരിച്ച ഇന്ത്യക്കാരന്റെ പേര് വിവരങ്ങൾ ഇതവരെ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ദിവസം നടന്ന വെടിവയ്പ്പിൽ വിവിധ രാജ്യക്കാരായ 28 പേർക്കാണ് പരുക്കേറ്റത്. ഇവരിൽ നാല് പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി വരികയാണെന്നും റോയൽ ഒമാൻ പൊലീസ് (ആർഒപി) അറിയിച്ചു.
കൂടാതെ ആർഒപിയും മറ്റു സുരക്ഷാ വിഭാഗങ്ങളും ചേർന്ന് എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.അതെ സമയം മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയും പരുക്കേറ്റവവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും റോയൽ ഒമാൻ പൊലീസ് പറഞ്ഞു.

വാദി കബീറിലുണ്ടായ വെടിവയ്പ്പിൽ നാല് പാക്കിസ്ഥാൻ പൗരൻമാർ മരിച്ചതായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സയിദ് ഖൈസർ അബ്ബാസ്, സുലൈമാൻ നവാസ് ഗുലാം അബ്ബാസ്, ഹസൻ അബ്ബാസ് എന്നിവരാണ് മരിച്ചത്. 30 പാക്കിസ്ഥാനികൾ ചികിത്സയിലുണ്ടെന്നും പറഞ്ഞു. നേരത്തെ തന്നെ വാദി കബീർ ഏരിയയിലേക്ക് പോകരുതെന്നും അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ട് പാക്കിസ്ഥാൻ അംബാസഡറും രംഗത്തെത്തിയിരുന്നു.

വാദി കബീറിലെ അലി ബിൻ അബി താലിബ് പള്ളിയിൽ തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് വെടിവയ്പ്പും ആക്രമണ സംഭവങ്ങളുമുണ്ടായത്. മസ്ജിദ് സമീപത്ത് പ്രാർഥനയ്ക്കായി തടിച്ചുകൂടിയവർക്കെതിരെ ആക്രമി സംഘങ്ങൾ വെടിയുതിർക്കുകയായിരുന്നുവെന്നാണ് അനൗദ്യോഗിക വിവരം. ഈ സമയം നൂറ് കണക്കിന് പേരാണ് പള്ളി കോമ്പൗണ്ടിൽ ഉണ്ടായിരുന്നത്. അതെ സമയം ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Top