മസ്കത്ത്: ഒമാനിൽ പണപ്പെരുപ്പ നിരക്ക് 1.5 ശതമാനം വർധിച്ചതായി ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ സെന്ററിന്റെ കീഴിലുള്ള കൺസ്യൂമർ പ്രൈസ് ഇൻഡക്സ് റിപ്പോർട്ട്. കഴിഞ്ഞ മാസം അവസാനത്തെ കണക്കനുസരിച്ചുള്ള റിപ്പോർട്ടാണിത്. ഭക്ഷ്യയോഗ്യമായ, ലഹരിയില്ലാത്ത ശീതള പാനീയങ്ങളുടെ വില 4.5 ശതമാനമാണ് വർധിച്ചത്. പലവക വിഭാഗത്തിൽപ്പെട്ട ഉൽപന്നങ്ങളുടെ വില 3.1 ശതമാനവും ആരോഗ്യം 2.4 ശതമാനവും ഗൃഹം, വെള്ളം, വൈദ്യുതി, ഗ്യാസ് മറ്റ് ഇന്ധനങ്ങൾ 1.7 ശതമാനം എന്നിങ്ങനെയാണ് വർധനയുണ്ടായത്.
റസ്റ്റാറന്റുകൾ, ഹോട്ടലുകൾ 0.6 ശതമാനവും വസ്ത്രം, പാദരക്ഷ 0.3 ശതമാനവും ഫർണിച്ചർ, വീട്ടുപകരണങ്ങൾ 0.3 ശതമാനവുമായി വർധിച്ച വസ്തുക്കളിൽപെടുന്നു. എന്നാൽ, ഗതാഗത ഗ്രൂപ്പുകളുടെ ചെലവ് 1.7 ശതമാനവും വിദ്യാഭ്യാസ ചെലവ് 0.4 ശതമാനവും കുറഞ്ഞു. പുകയില ഉൽപന്നങ്ങൾ, വാർത്താവിനിമയം എന്നവയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. പച്ചക്കറികളുടെ വില 20 ശതമാനവും പഴവർഗങ്ങളുടെ വില 7.6 ശതമാനവും പാൽ, ചീസ്, മുട്ട എന്നിവയുടെ വില 4.7 ശതമാനവും വർധിച്ചു.
ഇറച്ചി 2.2 ശതമാനം, പഞ്ചസാര, തേൻ, ജാം രണ്ട് ശതമാനം, മത്സ്യം, കടൽ ഭക്ഷ്യ ഉൽപന്നങ്ങൾ 1.8 ശതമാനം, ഫുഡ് സ്റ്റഫ് 1.6 ശതമാനം, ഭക്ഷ്യ എണ്ണ 1.3 ശതമാനം എന്നിങ്ങനെയും വർധിച്ചിട്ടുണ്ട്. വടക്കൻ ശർഖിയയിലാണ് ഈ കലയളവിൽ ഏറ്റവും കൂടുതൽ വില വർധനയുണ്ടായത്. ഇവിടെ 2.3 ശതാമനമാണ് വില വർധന. തെക്കൻ ശർഖിയയിജൽ 2.2 ശതമാനവും മുസന്തം അൽ വുസ്ത എന്നിവിടങ്ങളിൽ 2.1 ശതമാനവുമാണ് വില വർധന.വടക്കൻ ബാത്തിനയിൽ രണ്ട് ശതമാനവും ദോഫാറിൽ 1.6 ശതമാനവും തെക്കൻ ബാത്തിന, ബുറൈമി എന്നിവിടങ്ങളിൽ 1.6 ശതമാനവും വില വർധിച്ചു. ദഖിറ, ദാഖിലിയ എന്നിവിടങ്ങളിൽ 1.5 ശതമാനവും മസ്കത്ത് ഗവർണറേറ്റിൽ 1.2 ശതമാനവുമാണ് വർധന. മസ്കത്ത് ഗവർണറേറ്റിലാണ് ഏറ്റവും കുറഞ്ഞ പണപ്പെരുപ്പമുണ്ടായിരിക്കുന്നത്.