ചെന്നൈ: ചെങ്കൽപേട്ട് ജില്ലയിൽ പുതിയ ഇലക്‌ട്രോലൈസറുകളും ഗ്രീൻ ഹൈഡ്രജൻ ഫാക്ടറിയും സ്ഥാപിക്കുന്നതിനായി ഒമിയം ഇന്റർനാഷനൽ തമിഴ്നാട് സർക്കാരുമായി 400 കോടി രൂപയുടെ ധാരണാപത്രം ഒപ്പിട്ടു. സാൻഫ്രാൻസിസ്‌കോയിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിട്ടത്. സംസ്ഥാനത്തേക്കു കൂടുതൽ വിദേശ നിക്ഷേപം എത്തിക്കുന്നതിനായി യുഎസിലുള്ള മുഖ്യമന്ത്രി കമ്പനി മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഒപ്പിട്ടത്.
ഹരിതോർജം ഉൽപാദിപ്പിക്കുന്നതിനും സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും പദ്ധതി സഹായിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. പുതുതായി 500 പേർക്കു തൊഴിൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 28ന് യുഎസിലെത്തിയ സ്റ്റാലിൻ ഗൂഗിൾ, മൈക്രോസോഫ്റ്റ് അടക്കം വിവിധ പ്രമുഖ കമ്പനികളുമായി ഇതിനകം ചർച്ച നടത്തി. സെമികണ്ടക്ടർ, ടെലികോം മേഖലകളുടെ വികസനവുമായി ബന്ധപ്പെട്ട് 900 കോടി രൂപയുടെ കരാറിൽ നേരത്തെ ഒപ്പുവച്ചിരുന്നു.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി അംഗീകരിക്കപ്പെട്ട തമിഴ്‌നാട്, 39,000 ഫാക്ടറികളും 2.6 ദശലക്ഷത്തിലധികം ജീവനക്കാരും ഉള്ളതിനാൽ വ്യാവസായിക തൊഴിലവസരങ്ങളുടെ കാര്യത്തിൽ ഇന്ത്യയിലെ മുൻനിര സംസ്ഥാനമായി മാറുകയാണ്. സന്തുലിതവും വ്യാപകവുമായ വികസനം ഉറപ്പാക്കുന്നതിന്, തമിഴ്‌നാട് സംസ്ഥാനത്തുടനീളം നിരവധി വികസന കേന്ദ്രങ്ങൾ സ്ഥാപിക്കുകയും വളർച്ചയ്‌ക്കായി മനുഷ്യവിഭവശേഷിയും നൈപുണ്യവും പ്രയോജനപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നുണ്ട്.