മെക്സികോ സിറ്റി: അധികാരത്തിലേറി ആറുദിവസത്തിനകം നഗരസഭ മേയറെ കൊലപ്പെടുത്തി മെക്സിക്കൻ ലഹരി മാഫിയ സംഘങ്ങൾ.. ചിൽപാസിംഗോ നഗരസഭ മേയറായ അലജാൻഡ്രോ ആർകോസാണ് കൊല്ലപ്പെട്ടത്. കഴുത്തറുത്ത നിലയിൽ പിക് അപ് ട്രക്കിൽ മേയറുടെ മൃതദേഹം കിടക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കൊലപാതകത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായി ഗുറേറൊ സ്റ്റേറ്റ് അറ്റോണി ജനറലിന്റെ ഓഫിസ് അറിയിച്ചു.
അതേസമയം, കൊലപാതക്കിന്റെ പശ്ചാത്തലത്തിൽ മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡൻ്റായി ഒരാഴ്‌ചയ്‌ക്ക് അധികാരമേറ്റ ഷെയ്ൻബോം ഇത്തരം കുറ്റകൃത്യങ്ങളിൽ വലയുന്ന രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന് മുൻഗണന നൽകുന്ന ഒരു നയം അവതരിപ്പിക്കാനൊരുങ്ങുകയാണ്.
Also Read: റഷ്യൻ സൈന്യത്തിന്റെ സുപ്രധാന ഇന്ധന സംഭരണ കേന്ദ്രം തകർത്ത് യുക്രെയിൻ
അപകടകരമായ നഗരങ്ങളായ കോളിമ, ടിജുവാന, അകാപുൾകോ, സെലയ എന്നിവയുൾപ്പെടെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കൊലപാതകങ്ങളുടെ നാലിലൊന്നെങ്കിലും വരുന്ന 10 മേഖലകളിലെ ഗുരുതരമായ കുറ്റകൃത്യങ്ങൾ കുറയ്ക്കാനാണ് ഷെയിൻബോമിൻ്റെ പദ്ധതിയുടെ ആദ്യ ഘട്ടം ലക്ഷ്യമിടുന്നത്.
ജൂൺ രണ്ടിന് നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ആറ് സ്ഥാനാർഥികളാണ് ഇവിടെ കൊല്ലപ്പെട്ടത്. സിറ്റി കൗൺസിലിന്റെ പുതിയ സെക്രട്ടറിയായ ഫ്രാൻസിസ്കോ ടാപിയ മൂന്ന് ദിവസം മുമ്പ് വെടിയേറ്റ് മരിച്ചിരുന്നു.