4000ത്തോളം സിനിമ സ്‌ക്രീനുകളില്‍ മെയ് 31ന് 99 രൂപയ്ക്ക് സിനിമ കാണാം

4000ത്തോളം സിനിമ സ്‌ക്രീനുകളില്‍ മെയ് 31ന് 99 രൂപയ്ക്ക് സിനിമ കാണാം
4000ത്തോളം സിനിമ സ്‌ക്രീനുകളില്‍ മെയ് 31ന് 99 രൂപയ്ക്ക് സിനിമ കാണാം

രാജ്യത്തെ 4000ത്തോളം സിനിമ സ്‌ക്രീനുകളില്‍ മെയ് 31ന് 99 രൂപയ്ക്ക് സിനിമ കാണാന്‍ അവസരം. മള്‍ട്ടിപ്ലക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എംഎഐ) സിനിമ ലൗവേര്‍സ് ഡേയായി മെയ് 31 ആചരിക്കുന്നതിന്റെ ഭാഗമായാണ് ഈ ഓഫര്‍. പിവിആര്‍ ഇനോക്‌സ്, സിനിപോളിസ്, മിറാജ് സിനിമാസ് അടക്കം വിവിധ മള്‍ട്ടിപ്ലെക്‌സ് ചെയിനുകളില്‍ ഈ ഓഫര്‍ ലഭിക്കും എന്നാണ് പുറത്ത് വരുന്ന വിവരം.

എന്നാല്‍ മാര്‍ച്ച് മാസത്തില്‍ മോളിവുഡില്‍ ഒഴികെ മറ്റു ഭാഷകളില്‍ വലിയ റിലീസുകള്‍ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ്. പൊതുതിരഞ്ഞെടുപ്പ് വലിയ റിലീസുകളെ ബാധിച്ചിട്ടുണ്ട്. ഈ അവസരത്തില്‍ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാന്‍ കൂടി വേണ്ടിയാണ് സിനിമ ലൗവേര്‍സ് ഡേ നടത്തുന്നത്. എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരെയും തിയേറ്ററുകളിലേക്ക് ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഈ ദിനം ആചരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം.

ഉത്തരേന്ത്യയില്‍ അടക്കം ചൂടിനെ മറികടക്കാന്‍ മള്‍ട്ടിപ്ലക്‌സുകള്‍ ആളുകള്‍ തിരഞ്ഞെടുത്തേക്കും. കഴിഞ്ഞ വര്‍ഷം ദേശീയ സിനിമാദിന പരിപാടിയില്‍ കുടുംബങ്ങള്‍ അടക്കം വലിയൊരു വിഭാഗം സിനിമ കാണാന്‍ എത്തിയിരുന്നു. അന്ന് പങ്കെടുക്കുന്ന സ്‌ക്രീനുകളില്‍ 50-70 ശതമാനം ഒക്യുപെന്‍സി ലഭിച്ചു. മെയ് 31 ന് സമാനമായ പ്രവണതയാണ് പ്രതീക്ഷിക്കുന്നത്-എംഎഐ പ്രസിഡന്റ് കമല്‍ ജിയാന്‍ചന്ദാനി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എംഎഐ ഇതുപോലെ ദേശീയ സിനിമാദിനം ആചരിച്ചിരുന്നു. അന്ന് 99 രൂപയ്ക്ക് ഷോകള്‍ നടത്തിയപ്പോള്‍ രാജ്യത്തെ വിവിധ സ്‌ക്രീനുകളില്‍ ആ ദിവസം ആറ് ദശലക്ഷത്തോളം അധിക സിനിമ പ്രേമികള്‍ എത്തിയെന്നാണ് കണക്ക്. അതേ സമയം 99 രൂപ ഷോകള്‍ സംബന്ധിച്ച് അതില്‍ പങ്കെടുക്കുന്ന സിനിമ ചെയ്‌നുകള്‍ അവരുടെ വെബ്സൈറ്റുകള്‍ വഴിയും സോഷ്യല്‍ മീഡിയ ചാനലുകള്‍ വഴിയും കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടുമെന്ന് എംഎഐ കൂട്ടിച്ചേര്‍ത്തു.

Top