ജെയ്പൂർ: ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളിൽ രാജസ്ഥാനിലെ രൺതംബോർ നാഷണൽ പാർക്കിലാണ് ഏറ്റവും കൂടുതൽ കടുവകൾ ഉള്ളത് . 75 കടുവകൾ ഉള്ള രൺതംബോർ നാഷണൽ പാർക്കിൽ നിന്നും കഴിഞ്ഞ ഒരു വർഷത്തിനിടെ 25 കടുവകളെ കാണാനില്ലെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പവൻ കുമാർ ഉപാധ്യായ പാർക്ക് അധികൃതരെ അറിയിച്ചു. 2019 ജനുവരി മുതൽ 2022 ജനുവരി വരെ രൺതംബോറിൽ നിന്ന് 13 കടുവകളെ കാണാതായിരുന്നു. എന്നാൽ ആദ്യമായാണ് ഇത്രയധികം കടുവകളെ കാണാതായ വിവരം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്നത്.
വന്യജീവി വകുപ്പ് വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കടുവകളുടെ തിരോധാനം അന്വേഷിക്കാൻ മൂന്നംഗ സമിതിക്ക് രൂപം നൽകി. രണ്ട് മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്ന് പവൻ കുമാർ ഉപാധ്യായ പറഞ്ഞു. നിരീക്ഷണ കാമറകൾ പരിശോധിക്കുകയും പാർക്ക് ഉദ്യോഗസ്ഥരുടെ വീഴ്ചകൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുകയും ചെയ്യും. ഈ വർഷം മെയ് 17നും സെപ്റ്റംബർ 30നും ഇടയിൽ കാണാതായ 14 കടുവകളെ കണ്ടെത്താനാണ് ആദ്യം മുൻകൈയെടുക്കുക.
Also Read:മുംബൈയിൽ അന്തരീക്ഷ മലിനീകരണം മോശമായി തുടരുന്നതായി റിപ്പോർട്ട്
നവംബർ 4ന് രൺതംബോറിൽ നടത്തിയ നിരീക്ഷണത്തിൽ കടുവകളെ കാണാതായതുമായി ബന്ധപ്പെട്ട ഔദ്യോഗിക റിപ്പോർട്ടുകൾ വന്നിരുന്നു. പാർക്കിന്റെ ഫീൽഡ് ഡയറക്ടർക്ക് പലതവണ നോട്ടീസ് അയച്ചിട്ടും കാര്യമായ പുരോഗതികളൊന്നും ഉണ്ടായില്ല.
കടുവകളുടെ വർദ്ധനവ്മൂലം രൺതംബോർ പാർക്ക് നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും ഇത് കടുവകൾക്കിടയിൽ സംഘർഷത്തിന് കാരണമാകുന്നുവെന്നും പാർക്ക് അധികൃതർ പറഞ്ഞു. രൺതംബോർ നാഷണൽ പാർക്കിൽ 40 ഓളം കടുവകളെ മാത്രമേ സുരക്ഷിതമായി പാർപ്പിക്കാൻ കഴിയൂ എന്ന് വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 2006-2014 ൽ നടത്തിയ പഠനത്തിൽ പറയുന്നു. 900 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണ്ണമുള്ള രൺതംബോർ പാർക്ക് കുഞ്ഞുങ്ങൾ അടക്കം 75 കടുവകളെ ഉൾക്കൊള്ളാൻ പാടുപെടുകയാണ്.