പരപ്പനങ്ങാടി: മത്സ്യത്തൊഴിലാളികളുടെ മനംനിറച്ച് മത്തി ചാകര. അതും ലോക മത്സ്യത്തൊഴിലാളി ദിനത്തിൽ തന്നെയെന്നത് ഏറെ മനം കുളിർക്കുന്ന ഒന്നാണ്. മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക തീരങ്ങളിലും ലക്ഷങ്ങളുടെ മത്തിയുമായാണ് ഓരോ ചുണ്ടൻ വള്ളങ്ങളും തീരമണിഞ്ഞത്.
കഴിക്കാനുള്ള രുചിയിൽ മാത്രമല്ല ഹൃദയത്തിനും തലച്ചോറിനും ഏറെ ഗുണകരമായ മത്തിയിൽ വൈറ്റമിൻ ഡി, എ, ബി എന്നിവയോടൊപ്പം പ്രോട്ടീൻ, കാത്സ്യം എന്നിവ അടങ്ങിയതിനാൽ ഈ മത്സ്യം പല രോഗാവസ്ഥക്കും മരുന്നായി ഡോക്ടർമാർ നിർദേശിക്കാറുമുണ്ട്.
Also Read: നഴ്‌സിംഗ് വിദ്യാർത്ഥിയുടെ മരണം; പ്രതികൾക്ക് ജാമ്യമില്ല
ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഔഷധങ്ങൾക്കും, കൊളസ്ട്രോൾ നിയന്ത്രണത്തിനും മത്തിയെണ്ണ ഉപയോഗപ്പെടുത്തുന്നുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനായി കാത്സ്യം വർധിപ്പിക്കാൻ മത്തി ഉൾപ്പടെയുള്ള മത്സ്യങ്ങൾ ഏറെ ഗുണകരവുമാണ്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിലെ ഫാക്ടറികൾ മത്തി ധാരാളം വാങ്ങുന്നതാണ് മുൻ കാലങ്ങളിലേക്കാൾ ഈ മത്സ്യത്തിന്‍റെ വിലയിടിയാതെ നിലനിർത്തുന്നത്.