മാനന്തവാടി: ഇന്ന് ഉത്രാടപ്പാച്ചിൽ. തിരുവോണ ദിവസം കോടിയുടുത്ത് സദ്യവട്ടം ഒരുക്കാനായി മലയാളികൾ ഉത്രാടദിനത്തിൽ സാധനങ്ങൾ വാങ്ങാനുള്ള ഓട്ടപാച്ചിലിലാവും. എന്നാൽ, ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്ക് പൊലിമ കുറവാണ്. ക്ലബുകളും വായനശാലകളും സ്വാശ്രയ സംഘങ്ങളും പൂക്കള മത്സരങ്ങൾ ഉൾപ്പെടെയുള്ള ആഘോഷങ്ങൾ പൂർണമായി ഒഴിവാക്കിയത് പൂവിപണിയെ കാര്യമായി ബാധിച്ചു. പച്ചക്കറി വിപണിയും അത്ര സജീവമല്ലെങ്കിലും പൂരാടദിനം മുതൽ മാനന്തവാടി നഗരത്തിൽ വഴിയോര പച്ചക്കറി വിപണി സജീവമാണ്. വിലയുടെ കാര്യത്തിൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.
തിരുവോണത്തിന് ഒരു ദിവസം മാത്രമാണ് ബാക്കിയെങ്കിലും ജില്ലയിലെ പൂവിപണി ഉണർന്നില്ല. മുണ്ടക്കൈ ദുരന്ത പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ചുരുങ്ങിയതും കനത്ത മഴയെ തുടർന്ന് കർണാടകയിൽ നിന്നുള്ള പൂക്കളുടെ വരവ് കുറഞ്ഞതുമാണ് പൂവിപണിക്ക് തിരിച്ചടിയായത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ബംഗളൂരു, മൈസൂർ, ഹൊസൂർ, ഗുണ്ടൽപേട്ട, കോയമ്പത്തൂർ, മേട്ടുപാളയം എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് പൂക്കൾ എത്തുന്നത്. ഇത്തവണ പൂക്കൾക്ക് വലിയ വിലവർധന ഉണ്ടായിട്ടില്ല. ഓണപ്പൂക്കളിൽ താരമായ അരളിക്കാണ് വില കൂടുതൽ, കിലോക്ക് 600 രൂപ. തൊട്ടുപിന്നിൽ വാടാർമല്ലി, കിലോക്ക് 400 രൂപ. വെള്ള ജമന്തിക്കും ഓറഞ്ച് ജമന്തിക്കും 200 രൂപയാണ് വില. താമര ഒന്നിന് 40 രൂപയും മുല്ലക്ക് 40 മുതൽ 50 രൂപയാണ് വില. അത്തം തലേനാൾ മുതൽ സജീവമായിരുന്ന പൂവിപണിയാണ് ഇത്തവണ ഇല്ലാതായത്. മുൻവർഷങ്ങളിൽ അത്തം തുടങ്ങുന്നതിന്റെ തലേനാൾ തന്നെ ജില്ലയിലെ പ്രധാന ടൗണുകളിൽ പൂവിപണി സജീവമാകുമായിരുന്നു.
വഴിയോരങ്ങളിൽ തട്ടുകൾ ഉണ്ടാക്കി അതിൽ വിവിധ വർണങ്ങളിലുള്ള പൂക്കൾ വിൽപനക്കായി സ്ഥാനം പിടിച്ചിരുന്നു. ഇവിടം പൂക്കൾ വാങ്ങാനെത്തുന്നവരാൽ സജീവമായിരുന്നു. എന്നാൽ, ഇത്തവണ ഈ കാഴ്ചകൾ ടൗണുകളിൽ നന്നേ കുറവാണ്. ഇതിനാൽ തന്നെ പൂവിപണിയിൽ മത്സരവും കുറവാണ്. ഇത്തവണ കച്ചവടം കുറവാണെന്നും കർണാടകയിൽ മഴ പെയ്തതിനാൽ പൂക്കളുടെ വരവ് കുറഞ്ഞതായും കച്ചവടക്കാർ പറഞ്ഞു. കോവിഡിനുശേഷം ഇത്തരമൊരു അവസ്ഥ ആദ്യമായാണ് ടൗണുകളിൽ ഉണ്ടാകുന്നത്.