കേരളത്തിലെ ആബാലവൃദ്ധം ജനങ്ങള്‍ക്കും ആഹ്ലാദത്തിന്റെ ദിവസങ്ങളാണ് ഓണക്കാലം. പഞ്ഞക്കര്‍ക്കിടകത്തില്‍ നിന്ന് പുത്തന്‍ പ്രതീക്ഷകളോടെയാണ് ഓരോ മലയാളിയും പൊന്നില്‍ ചിങ്ങത്തെ വരവേല്‍ക്കാറുള്ളത്. ലോകത്തെ ഏത് കോണിലാണെങ്കിലും ആ ശീലത്തിന് മാറ്റമുണ്ടാകാറില്ല. എന്നാല്‍ ഇക്കുറി അങ്ങനെയല്ല. ദുരിതവും ദുരന്തവും കഴിഞ്ഞ കുറച്ച് നാളുകളായി കേരളത്തിന് കൂട്ടായുണ്ട്. ഒരിക്കല്‍ പ്രളയത്തില്‍ മുങ്ങിനിവര്‍ന്ന കേരളത്തിന്റെ ഇന്നത്തെ വേദനയാണ് ഉരുളെടുത്ത വയനാട്.
സ്വന്തം സഹോദരങ്ങളുടെ അടുപ്പ് പുകയാത്തപ്പോള്‍ മലയാളിക്കെങ്ങനെയാണ് മനസ്സുനിറഞ്ഞ് ഓണമുണ്ണാന്‍ കഴിയുക. ഏത് ദുരന്തത്തിലും നമ്മെ വ്യത്യസ്തരാക്കുന്നതും ഇതേ ഒരുമയാണ് താനും. ആഘോഷങ്ങളുടെ മാറ്റ് കുറയ്ക്കുമ്പോഴും ഓണാഘോഷത്തില്‍ വയനാടിന്റെ മക്കളെ കൂടെ ചേര്‍ക്കുന്നുണ്ട് ഓരോ മലയാളിയും.
അതിജീവനത്തിന്റെ പാതയില്‍ എത്രയൊക്കെ ഇല്ലായ്മയും പ്രയാസങ്ങളുമുണ്ടെങ്കിലും ഉള്ളതുകൊണ്ട് ഓണം പോലെ, അതാണ് നമ്മുടെ നാടിന്റെ ഒരുമ. വര്‍ഷത്തിലൊരിക്കല്‍ വരുന്ന ഈ ആഘോഷം കൊണ്ടാടാതിരിക്കാന്‍ നമുക്ക് ആവില്ല. ഓണം ഇക്കുറി വൈകിയാണെത്തിയതെങ്കിലും നാടെങ്ങും ഒരുക്കങ്ങള്‍ നേരത്തേ തന്നെ ആരംഭിച്ചിരുന്നു. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഉണ്ണാനും ഉടുക്കാനും ഉള്ളതടക്കം വീടും വിപണിയും ഒരുപോലെ സജ്ജമാണ്. അറിയാം ഓണവിശേഷങ്ങള്‍…
ഓണക്കാലം…
കള്ളവും ചതിയുമില്ലാതെ കേരളം അടക്കിവാണിരുന്ന മഹാബലി തമ്പുരാനെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ വാമനന്‍ തൊട്ട് കീഴ്ലോകം ഭരിച്ചിരുന്ന മാവേലിയെ ചവിട്ടിത്താഴ്ത്തി അധികാരം പിടിച്ചെടുക്കുന്ന പൊന്നുമലക്കാര് വരെ നീളുന്ന ഒരുപാട് മിത്തുകളുടെ കഥാഭാരം കൂടിയാണ് ഓരോ ഓണവും പേറുന്നത്.
പൂവിടല്‍, ഓണക്കളി, ഓണസദ്യ, എന്നിങ്ങനെ നീളുന്ന വൈവിധ്യമാര്‍ന്ന ആഘോഷങ്ങളുടെ മനോഹാരിത, ജാതി മത വ്യത്യാസങ്ങളില്ലാതെ, നമ്മള്‍ ആഘോഷിച്ച് കൊണ്ടിരിക്കുന്ന ഓണത്തിന് ഓരോ നാട്ടിലും ഓരോ കഥയാണെന്ന് തന്നെ പറയണം.
മലയാളികളെ സന്തോഷിപ്പിക്കുന്ന കൊയ്ത്തുത്സവം കൂടിയാണ് ഓണം. ഓണത്തിന് ഓണക്കോടിയും സദ്യയും മാത്രമല്ല ചില ഓണക്കളികള്‍ കൂടി പ്രസക്തമാണ്. ചില ഓണക്കളികള്‍ പരിചയപ്പെടാം.
പുലിക്കളി
കേരളത്തിലെ തനതായ ഒരു കലാരൂപമാണ് പുലികളി അഥവാ കടുവക്കളി. ഓണക്കാലങ്ങളിലാണ് ഈ കലാരൂപം അവതരിപ്പിച്ച് വരാറുള്ളത്. ഈ കലാരൂപത്തിന് ഏകദേശം 200 വർഷത്തെ പഴക്കമുണ്ട്. ഈ കലാരൂപം അവതരിപ്പിക്കുന്ന കലാകാരന്മാർ അന്നേദിവസം കടുവയുടെ ശരീരത്തിലുള്ളതു പോലുള്ള വരകളും, കടുവയുടെ മുഖവും ശരീരത്തിൽ വരയ്ക്കുകയും, മുഖത്ത് കടുവയുടെ മുഖം മൂടിയും വെച്ച് വാദ്യമേളങ്ങൾക്കനുസരിച്ച് നൃത്തം വെയ്ക്കുകയും ചെയ്യുന്നു.
ഉടുക്കും, തകിലുമാണ് വാദ്യങ്ങളായി ഉപയോഗിക്കാറുള്ളത്. പുലികളെക്കൂടാതെ ഒരു വേട്ടക്കാരനും ഈ സംഘത്തിൽ ഉണ്ടായിരിക്കും. കടും മഞ്ഞ നിറത്തിലുള്ളതും, കറുപ്പ് നിറത്തിലുള്ളതുമായ ചായങ്ങളാണ് കൂടുതലായും വരയ്ക്കുവാൻ ഉപയോഗിക്കുന്നത്. പ്രത്യേകം പരിശീലനം സിദ്ധിച്ച ആളുകളാണ് ഈ കലാരൂപം അവതരിപ്പിക്കാറുള്ളത്.
തലപ്പന്തുകളി
ഓണനാളുകളിലെ തലപ്പന്തുകളി പലരിലും ആവേശമുണര്‍ത്തുന്ന ഒന്നാണ്. തെങ്ങോലകൊണ്ടുണ്ടാക്കിയ പന്തുപയോഗിച്ചുള്ള ഒരു കളിയാണ് തലപ്പന്തുകളി. തലമപ്പന്തുകളി എന്ന പേരിലും അറിയപ്പെടുന്നു. പല സ്ഥലങ്ങളിലും വ്യത്യസ്തമായ കളിനിയമങ്ങളാണ് നിലവിലുള്ളത്. ഒരാള്‍ കളിക്കുമ്പോള്‍ മറ്റുള്ളവര്‍ മറുപുറത്ത് നില്‍ക്കും. അതിനെ ‘കാക്കുക’ എന്നാണ് പറയുന്നത്. ഒരു കല്ല് (സ്റ്റമ്പ്) നിലത്ത് കുത്തിനിര്‍ത്തി അതിനടുത്ത് നിന്നാണ് കളിക്കുന്നത്. ഈ കല്ലിനെ ‘ചൊട്ട’ എന്ന് ചിലയിടങ്ങളില്‍ പറയും.
കുമ്മാട്ടിക്കളി
കുമ്മാട്ടിക്കളിയും ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്നതാണ്. കുമ്മാട്ടിപ്പുല്ല് ദേഹത്ത് വെച്ചുകെട്ടി കളിക്കുന്നതാണ് ഈ വിനോദം. പന്നി, ഹനുമാന്‍, അമ്മൂമ്മ, കൃഷ്ണന്‍ തുടങ്ങിയവരുടെ മുഖം മൂടികള്‍ അണിഞ്ഞ് ചെറുപ്പക്കാരും കുട്ടികളും വീടുവീടാന്തരം സന്ദര്‍ശിക്കുന്നു. തൃശൂര്‍, പാലക്കാട്, വയനാട് പ്രദേശങ്ങളിലാണ് ഈ വിനോദം അധികവും പ്രചാരത്തിലുള്ളത്.
കൈകൊട്ടിക്കളി
സ്ത്രീകള്‍ക്ക് മാത്രമായിട്ടും ഓണവിനോദങ്ങളുണ്ട്. കൈകൊട്ടിക്കളിയാണ് അവയില്‍ പ്രധാനം. മുണ്ടും നേര്യേതും അണിഞ്ഞ സ്ത്രീകള്‍ വട്ടത്തില്‍ക്കൂടി പാട്ടുപാടി ചുവടുവെച്ച് കളിക്കുന്നതാണ് കൈകൊട്ടിക്കളി.
തോലുമാടന്‍
ഇതിപ്പോള്‍ അന്യം നിന്നുപോയ ഒരു കലാരൂപമാണ്. ഒരു മുതിര്‍ന്ന ആണ്‍കുട്ടിയെ ദേഹം മുഴുവന്‍ പച്ചിലകള്‍ കൊണ്ട് പൊതിഞ്ഞ് കെട്ടുന്നു. തലയില്‍ പാളത്തൊപ്പി. പാളയില്‍ തീര്‍ത്ത മുഖംമൂടി. അതില്‍ മൂന്നു ദ്വാരങ്ങള്‍ വായുടെയും കണ്ണിന്റെയും സ്ഥാനത്ത്. തോലുമാടനെ പലവിധ ഇലകള്‍ കൊണ്ട് അലങ്കരിച്ചിരിക്കും.പിന്നെ ആര്‍പ്പുവിളികളുമായി ചിലപ്പോള്‍ വാദ്യമേളങ്ങളോടുകൂടിയും എല്ലാ വീടുകളും സന്ദര്‍ശിക്കും, വീട്ടുകാര്‍ നാണയത്തുട്ടുകള്‍ സമ്മാനിക്കും.
ഓണക്കോടി
ഓണം എത്തുന്നതോടെ പരമ്പരാഗത വസ്ത്രങ്ങൾക്കും പ്രാധാന്യമേറും. അതുവരെ അലമാരകളിലും മറ്റും ഒതുങ്ങി കഴിഞ്ഞിരുന്ന കേരളീയ പരമ്പരാഗത വസ്ത്രങ്ങൾ ഓണമെത്തുന്നതോടെ പൊടിതട്ടി പുറത്തിറക്കും. കേരളത്തിനകത്തും പുറത്തും കസവു സാരി അല്ലെങ്കിൽ സെറ്റും മുണ്ടുമാണ് ഓണത്തിന് കേരളീയ സ്ത്രീകൾ പൊതുവേ ധരിക്കാറ്. എന്നാൽ കാലത്തിനൊപ്പം കോലം മാറണമെന്ന് പറയുമ്പോലെ പരമ്പരാഗത വസ്ത്രങ്ങളായ മുണ്ടും നേര്യതിലും ഒട്ടേറെ വൈവിധ്യങ്ങൾ ഇപ്പോൾ വിപണികൾ കീഴടക്കിയിരിക്കുകയാണ് , വിലയിലും ഒട്ടും പിന്നിലല്ല.
കസവിന്റെ വീതിയും ഗുണമേന്മക്കും അനുസരിച്ചാണ് ഇവയുടെ വില. വെറും കസവു മാത്രമെന്ന സങ്കൽപ്പത്തിൽ നിന്ന് പലതരം പ്രിന്റുകൾ വരുന്ന ആകർഷകങ്ങളായ സാരികളും ഓണം വിപണി അടക്കി വാഴുകയാണ് . പ്രിന്റുകൾക്കു പുറമേ മ്യുറൽ ചിത്രങ്ങളുളള സാരികളും ഇപ്പോൾ വിപണിയിലുണ്ട, ഇവയ്ക്കും ആവശ്യക്കാരേറെയാണ് .
സാധാരണ കൈത്തറി കസവ് മെറ്റീരിയലിൽ നിന്നും കുറച്ച് വ്യത്യസ്തമായി ലുക്ക് ലഭിക്കാനായി ഓഫ് വൈറ്റ് അല്ലെങ്കിൽ ക്രീം നിറത്തിലുള്ള ചന്തേരി സിൽക്ക്‌സ്, അതുപോലെതന്നെ ജ്യൂട്ട് സിൽക്ക്‌സ് മെറ്റിരിയലുകൾ തിരഞ്ഞെടുക്കാവുന്നതാണ്. സ്വർണ നിറമുള്ള കസവാണ് മുമ്പ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ സിൽവർ,റോസ്‌ഗോൾഡ് തുടങ്ങിയ നിറങ്ങളിലുള്ള വ്യത്യസ്തമായ കസവുകളും ലഭ്യമാണ്.
തൂശനിലയും തുമ്പ പൂ ചോറും … അറിഞ്ഞുണ്ണാം ഓണസദ്യ
ഓണസദ്യയില്ലാതെ എന്ത് ഓണം. സദ്യ കഴിച്ച് പായസം കുടിച്ച് ഇലമടക്കിയാലെ ഓണം പൂർത്തിയാകു. ഓണസദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഭവങ്ങള്‍ ധാതുക്കളും പോഷകമൂല്യം നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അനുസൃതവുമാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ടുന്ന എല്ലാ പോഷകങ്ങളും ഒരുനേരത്തെ സദ്യയില്‍ നിന്നുതന്നെ ലഭിക്കുന്നു.
ഓണസദ്യ പൊതുവേ സസ്യാഹാരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ളതാണ്. സദ്യയിലെ ഓരോ കറിയ്ക്കും അതിന്റെതായ പ്രാധാന്യമുണ്ട്. ആവി പറക്കുന്ന കുത്തരിച്ചോറും മധുരവും പുളിയും ഉപ്പും എരിവുമെല്ലാം കൂടിച്ചേരുന്ന പല തരം കറികളും ശേഷം പായസവും പഴവുമെല്ലാം ഉള്‍പ്പെടുന്നതാണ് ഓണസദ്യ. അങ്ങനെ ചുമ്മാ ഇരുന്നങ്ങ് കഴിച്ചാൽ പോരാ ഓണസദ്യ അതിനൊക്കെ അതിന്റേതായ ചില രീതികളുണ്ട്.
ആള്‍ ഇരുന്ന ശേഷം മാത്രമാണ് ചോറ് വിളമ്പേണ്ടത്. ആളിരുന്ന ശേഷം, കറികള്‍ ആദ്യം വിളമ്പണം. പായസം ഊണ് കഴിയുന്ന മുറയ്ക്കാണ് വിളമ്പേണ്ടത്. ഊണ് കഴിച്ചെഴുന്നേറ്റാല്‍ നാലും കൂട്ടി മുറുക്കുന്നതും പലയിടത്തും പ്രധാനമാണ്. കായവറവ്, ശര്‍ക്കരവരട്ടി എന്നിവ ഉള്‍പ്പെടുന്ന ഒന്നു കൂടിയാണ് ഓണസദ്യ. വിഭവങ്ങളുടെ കാര്യത്തില്‍ പലയിടത്തും പലതരം വ്യത്യാസങ്ങള്‍ വരുമെന്നു മാത്രം.
ഓരോരോ വിഭവങ്ങള്‍ ഇലയുടെ ഓരോ ഇടങ്ങളില്‍ വേണം വിളമ്പാന്‍. പായ നിലത്ത് വിരിച്ച് തൂശനിലയില്‍ വേണം ഓണസദ്യയുണ്ണാന്‍. തൂശനിലയുടെ കൂര്‍ത്തഭാഗം ഇരിക്കുന്നയാളുടെ ഇടതുഭാഗത്ത് വരണം. കായ വറുത്തത്, ശര്‍ക്കരവരട്ടി എന്നിവ തൂശനിലയുടെ തുഞ്ചത്തായി ഇടതുഭാഗത്ത് വിളമ്പണം. ഇടതുമൂലയില്‍ അച്ചാറും ഇഞ്ചിപ്പുളിയുമെല്ലാം വിളമ്പണം. ഇടതു വശത്ത് ഇലയുടെ താഴത്തായാണ് പഴം വയ്ക്കുക. പപ്പടം ഇതിനു മുകളില്‍ വയ്ക്കണം.
മുഴുവനോടെ കാച്ചിയ പപ്പടമാണ് സദ്യയ്ക്ക് ഉപയോഗിക്കുക. ഇതിന് അപ്പുറത്തായി പച്ചടി, കിച്ചടി എന്നിവ വിളമ്പുന്നു. മധ്യത്തില്‍ നിന്നും തുടങ്ങി വലതു ഭാഗത്തേക്കായി അവിയല്‍, തോരന്‍, കാളന്‍, ഓലന്‍, കൂട്ടുകറി മുതലായവ വിളമ്പുന്നു. സാമ്പാര്‍ സാധാരണയായി ചോറിന് നടുവിലാണ് ഒഴിക്കുന്നത്. ആദ്യം സാമ്പാര്‍ കൂട്ടിയല്ല ഉണ്ണുക. ആദ്യം നെയ്യും പരിപ്പും കൂട്ടി വേണം കഴിക്കാന്‍. ഇതിനൊപ്പം പപ്പടവും കൂട്ടാം. പിന്നീട് സാമ്പാര്‍ കൂട്ടി കഴിക്കാം.
പായസത്തിന്റെ മധുരം കളയാന്‍ മോര്, രസം എന്നിവ ചേര്‍ത്ത് അവസാനം ഇത്തിരി ഊണ് കഴിക്കണം. പിന്നീട് പഴം കഴിക്കാം. സദ്യ ഇഷ്ടപ്പെട്ടാല്‍ മുകളില്‍ നിന്നും താഴേയ്ക്കായി ഇല മടക്കുന്നു.
ഓണപ്പൂക്കളം
ഓണാഘോഷത്തിന്റെ പ്രധാന ഭാഗങ്ങളിലൊന്നാണ് പൂക്കളം ഉണ്ടാക്കല്‍. ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമാണ് അത്തപ്പൂക്കളം. അത്തം നാള്‍ മുതല്‍ സംസ്ഥാനത്തുടനീളമുള്ള മലയാളി വീടുകളില്‍ പൂക്കളങ്ങള്‍ ഇടുന്നു. മഹാബലിയെ വരവേല്‍ക്കാനാണ് ഈ പൂക്കളമെന്നാണ് വിശ്വാസം. മുന്‍കാലങ്ങളില്‍ പൂക്കളങ്ങള്‍ക്കായി പ്രാദേശികമായി ലഭ്യമായ പൂക്കള്‍ മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്.
അത്തം നാളില്‍ ‘തുമ്പ’ പുഷ്പം ഉപയോഗിച്ച് ലളിതമായ പൂക്കളം ഉണ്ടാക്കുന്നു. ചിത്തിര നാളില്‍ വെളുത്ത പൂക്കള്‍ ഇടും. ഓരോ ദിവസം കഴിയുന്തോറും പൂക്കളത്തിന്റെ വലിപ്പം കൂടിക്കൊണ്ടേയിരിക്കും. മുക്കുറ്റി, കോളാമ്പി തുടങ്ങിയ മഞ്ഞപ്പൂക്കളും ചിലപ്പോഴൊക്കെ ആദ്യദിവസം തന്നെ ഇടാറുണ്ട്. ചോതി നാള്‍ മുതല്‍ പൂക്കളത്തില്‍ ചെമ്പരത്തിപ്പൂ പോലെയുള്ള തിളക്കമുള്ള പൂക്കള്‍ ഇടും. മൂലം നാളില്‍ ചതുരാകൃതിയിലുള്ള പൂക്കളം മൂലക്കളം എന്നറിയപ്പെടും. എന്നാല്‍ കാലം കടന്നപ്പോള്‍ പൂക്കളം ഒരുക്കുന്നതില്‍ പ്രത്യേകിച്ച് കളറൊന്നും പലരും നോക്കാറില്ല.
അത്തച്ചമയം
ചരിത്രവഴിയില്‍ കൗതുകമുണര്‍ത്തുന്നതും ചരിത്രത്തിലേക്കുള്ള തിരിഞ്ഞ് നടപ്പുമാണ് അത്തച്ചമയം. ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന ചിങ്ങമാസത്തിലെ അത്തം നാളിലാണ് അത്തച്ചമയം ഘോഷയാത്ര നടക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് കൊച്ചിരാജാക്കന്മാരുടെ ആസ്ഥാനമായ തൃപ്പൂണിത്തുറയില്‍ ആണ് അത്തച്ചമയം നടക്കുക.
പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷത്തിന്റെ തുടക്കം കൂടിയാണ് ഈ സാംസ്‌കാരികോത്സവം. അത്തം നാളില്‍ കൊച്ചി രാജാവ് സര്‍വ്വാഭരണ വിഭൂഷിതനായി സൈന്യസമേതനായി പ്രജകളെ കാണാന്‍ തൃപ്പൂണിത്തുറയിലെ വീഥികളില്‍ കൂടി നടത്തിയിരുന്ന ഘോഷയാത്രയാണിത്. കേരളത്തിലെ മിക്കവാറുമെല്ലാ നാടന്‍ കലാരൂപങ്ങളുടെയും സാന്നിദ്ധ്യമാണ് ഇതിന്റെ സവിശേഷത. നെറ്റിപ്പട്ടം കെട്ടിയ ആനകളും വാദ്യാഘോഷങ്ങളും ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും.
എന്തായാലും പൂവിളിയും ആരവുമൊക്കെയായി ഒരോണം കൂടിയുണ്ണാന്‍ നമ്മള്‍ റെഡിയാണ്. കാണം വിറ്റൊന്നും ഓണം ഉണ്ടില്ലെങ്കിലും ഉള്ളതുകൊണ്ട് ഓണംപോലെ. പെയ്തിറങ്ങിയ ദുരിതപെയ്ത്തിനെയും, ഒഴുകി നീങ്ങിയ നഷ്ടങ്ങളെയെല്ലാം അതിജീവിച്ച് നമുക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാം. കേരളം കണ്ട ഏറ്റവും വലിയ ദുരിതത്തിന് ഇക്കൊല്ലം നാട് സാക്ഷിയായപ്പോള്‍ കൂടെ നിന്നവരെയും, ഒറ്റയടിക്ക് പോയവരെയെല്ലാം ഓര്‍ത്തെടുത്ത് ഈ ഓണത്തില്‍ നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം.