ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒരു കട്ടിൽ ഒരു മുറി’ നാളെ മുതൽ തീയേറ്ററുകളിൽ. കിസ്മത്ത്, തൊട്ടപ്പൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാനവാസ് ഒരുക്കുന്ന മറ്റൊരു ചിത്രമാണിത് .ഒരു ഇടവേളയ്ക്ക് ശേഷം രഘുനാഥ് പാലേരിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ പൂർണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സപ്ത തരംഗ് ക്രിയേഷൻസ്, സമീർ ചെമ്പയിൽ, രഘുനാഥ് പാലേരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അവിചാരിതമായി നഗരത്തിലേക്ക് എത്തിച്ചേർന്ന രണ്ടു കഥാപാത്രങ്ങളുടെ കഥയാണ് ‘ഒരു കട്ടിൽ ഒരു മുറി’ എന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഒറ്റപ്പെട്ടുപോയ മനുഷ്യർ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന അരക്ഷിതത്വവും ഏകാന്തയും അത് അവരിലുണ്ടാക്കുന്ന പക്വമായ വൈകാരിക തലങ്ങളുമാണ് ചിത്രത്തിൽ കാണുവാൻ സാധിക്കുക . അതേസമയം, ആക്ഷേപ ഹാസ്യത്തിന്റെ കൂടി അകമ്പടിയിലാണ് ചിത്രം മുന്നോട്ടു നീങ്ങുകയെന്നും അണിയറക്കാർ കൂട്ടിച്ചേർത്തു.കാലാതീതമായി നിൽക്കുന്ന ഒട്ടനവധി തിരക്കഥകൾ മലയാള സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ച രഘുനാഥ് പാലേരിയെന്ന മാസ്റ്റർ ക്രാഫ്റ്റ് എഴുത്തുകാരൻ്റെ മടങ്ങിവരവുകൂടിയാണ് ഈ ചിത്രം.
ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ പൂർണിമ ഇന്ദ്രജിത്തിന്റെ മികച്ച പ്രകടനം കാണാനാകുമെന്നാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർ പങ്കുവെക്കുന്ന ഒരു പ്രതീക്ഷ, പ്രമേയത്തിലും അവതരണത്തിലും.പ്രധാന കഥാപാത്രങ്ങളെ കൂടാതെ ഷമ്മി തിലകൻ, വിജയരാഘവൻ, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, ജനാർദ്ദനൻ, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി തുടങ്ങി അഭിനേതാക്കളുടെ നീണ്ട നിര തന്നെ ചിത്രത്തിനായി ഒരുമിക്കുന്നുണ്ട്.രഘുനാഥ് പലേരിയും അൻവർ അലിയും ചേർന്നാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്.