ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവള ടെര്‍മിനലിന്റെ മേല്‍ക്കൂര തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ നിരവധി വാഹനങ്ങളാണ് തകര്‍ന്നത്. വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിലായിരുന്നു അപകടം നടന്നത്. ഇരുമ്പ് ബീം വീണ കാറിനുള്ളില്‍ കുടങ്ങിയ ആളെ രക്ഷപ്പെടുത്തി. പുലര്‍ച്ചെ 5.30ഓടെയായിരുന്നു അപകടം സംഭവിച്ചത്. കനത്ത മഴ തുടരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. അപകടത്തില്‍ വിമാനത്താവളത്തിലെ ടെര്‍മിനലിന്റെ പിക്കപ്പ് ആന്‍ഡ് ഡ്രോപ്പ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. റൂഫ് ഷീറ്റും സപ്പോര്‍ട്ട് ബീമുകളും തകര്‍ന്നതായി അധികൃതര്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ മുതല്‍ ഉണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിന്റെ പഴയ ഡിപ്പാര്‍ച്ചര്‍ ഫോര്‍കോര്‍ട്ടിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നതായി വിമാനത്താവളത്തിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ‘അപകടത്തില്‍ പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദുരിതബാധിതര്‍ക്ക് ആവശ്യമായ എല്ലാ സഹായവും വൈദ്യസഹായവും നല്‍കുന്നതിന് വേണ്ടി എമര്‍ജന്‍സി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് ടെര്‍മിനല്‍ ഒന്നില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സുരക്ഷാ നടപടിയുടെ ഭാഗമായി ചെക്ക്-ഇന്‍ കൗണ്ടറുകള്‍ അടച്ചിട്ടു. സംഭവത്തില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു, എന്തെങ്കിലും അസൗകര്യം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു,’ പ്രസ്താവനയില്‍ പറയുന്നു. ഡല്‍ഹി വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന സംഭവം വ്യക്തിപരമായി നിരീക്ഷിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു കിഞ്ജരാപ്പുപറഞ്ഞു.