കോഴിക്കോട്: എയിംസ് വിഷയത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി എം കെ രാഘവന്‍ എം പി. സംസ്ഥാന സര്‍ക്കാറാണ് എയിംസിനായി കോഴിക്കോട് കിനാലൂരില്‍ 150 ഏക്കര്‍ ഭൂമി ഏറ്റെടുത്തതെന്ന് എം കെ രാഘവന്‍ എംപി വ്യക്തമാക്കി. ഇതില്‍ തനിക്ക് ഒരു ദുരുദ്ദേശവുമില്ല. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ കിനാലൂരില്‍ എത്തിയിരുന്നു. അവര്‍ തൃപ്തരാണ് എന്നാണ് മനസ്സിലായതെന്നും ഒരു ചര്‍ച്ച നടത്തി അത് നഷ്ടമാകുന്ന അവസ്ഥ ഉണ്ടാക്കരുതെന്നും എം കെ രാഘവന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ എയിംസ് എന്നത് 15 വര്‍ഷത്തിലധികമായി ചര്‍ച്ചചെയ്യുന്ന വിഷയമാണ്. സ്ഥലം ഒരു വിഷയമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കിനാലൂരില്‍ സ്ഥലം കണ്ടെത്തിയത്. എയിംസ് വിഷയത്തില്‍ സുരേഷ് ഗോപി സംസ്ഥാന സര്‍ക്കാറുമായി ആലോചന നടത്തണം. സുരേഷ് ഗോപിയുടെ ‘അത് മറന്നേക്കൂ’ എന്ന ഏകപക്ഷീയമായ ഭാഷ ശരിയല്ല. എയിംസ് ചെറിയ വിഷയമല്ല. സുരേഷ് ഗോപി പറഞ്ഞത് എന്തടിസ്ഥാനത്തിലാണ് എന്നറിയില്ല. അദ്ദേഹവുമായി ചര്‍ച്ചനടത്തും. കോഴിക്കോടു വന്ന് അത് മറന്നേക്കൂ എന്ന് പറയരുതായിരുന്നുവെന്നും രാഘവന്‍ വ്യക്തമാക്കി.
കേന്ദ്രമന്ത്രിയായ ശേഷം കഴിഞ്ഞദിവസം കോഴിക്കോട്ടെത്തിയപ്പോഴായിരുന്നു എയിംസ് സംബന്ധിച്ച് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്. എയിംസ് കോഴിക്കോട് വേണമെന്ന എം കെ രാഘവന്‍ എംപിയുടെ ആവശ്യം സംബന്ധിച്ച ചോദ്യത്തിന് ആഗ്രഹിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. എയിംസ് എവിടെ വേണമെന്നതില്‍ 2016ല്‍ താന്‍ അഭിപ്രായം പറഞ്ഞതാണെന്ന് വ്യക്തമാക്കിയ അദ്ദേഹം എം.കെ രാഘവന് രാഷ്ട്രീയ ദുരുദ്ദേശ്യമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.