വണ്‍പ്ലസ് എയ്‌സ് ത്രീ പ്രോ ഇന്ത്യയിലേക്ക് എത്തുന്നു

വണ്‍പ്ലസ് എയ്‌സ് ത്രീ പ്രോ ഇന്ത്യയിലേക്ക് എത്തുന്നു

ബാറ്ററി കപ്പാസിറ്റിയിലും ചാര്‍ജിംഗിലും മേന്‍മകളുമായി വണ്‍പ്ലസ് എയ്‌സ് 3 പ്രോ എത്തിയിരിക്കുകയാണ്. 6,100 എംഎഎച്ച് ബാറ്ററിയും 100 വാട്ട്‌സ് ചാര്‍ജിംഗ് കപ്പാസിറ്റിയുമുള്ള എയ്‌സ് ത്രീ പ്രോ ചൈനയില്‍ പുറത്തിറക്കി വണ്‍പ്ലസ്. കൂടുതല്‍ കപ്പാസിറ്റിയും കുറഞ്ഞ വലിപ്പവും ഭാരവുമുള്ള ഗ്ലേഷ്യര്‍ സാങ്കേതികവിദ്യയിലുള്ള ബാറ്ററി വരുന്ന ആദ്യ ഫോണാണിത്. സ്‌നാപ്‌ഡ്രാഗണ്‍ 8 ജനറേഷന്‍ 3 എസ്‌ഒസി ചിപ്പ് സെറ്റില്‍ വരുന്ന ഫോണിന് 50 മെഗാപിക്‌സലിന്‍റെ ട്രിപ്പിള്‍ റീയര്‍ ക്യാമറ യൂണിറ്റാണുള്ളത്.

ചൈനയില്‍ പുറത്തിറക്കിയ ഫോണ്‍ വൈകാതെ ഇന്ത്യയടക്കമുള്ള മറ്റ് വിപണികളിലേക്ക് എത്തും. 6,100 എംഎഎച്ച് ഗ്ലേഷ്യര്‍ ബാറ്ററിയും 100 വാട്ട്‌സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗുമാണ് ഈ ഫോണിന്‍റെ പ്രധാന സവിശേഷത. 24 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജുമുള്ള വേരിയന്‍റുകള്‍ വണ്‍പ്ലസ് എയ്‌സ് 3 പ്രോയ്ക്കുണ്ട്. ഇക്കഴിഞ്ഞ ജനുവരിയില്‍ പുറത്തിറങ്ങിയ വണ്‍പ്ലസ് എയ്‌സ് ത്രീയുടെ അടുത്ത പതിപ്പാണ് എയ്‌സ് 3 പ്ലസ്.

12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വണ്‍പ്ലസ് എയ്‌സ് 3 പ്രോ വേരിയന്‍റിന് ഇന്ത്യന്‍ രൂപ 36,700 ആണ് ചൈനയിലെ വില. 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന് 40,200 രൂപയും, 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള മോഡലിന് 43,600 രൂപയും, 24 ജിബി റാമും 1 ടിബി സ്റ്റോറേജുമുള്ള മോഡലിന് 50,500 രൂപയുമാണ് വില വരിക. മൂന്ന് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

1.5കെയില്‍ വരുന്ന 6.78 ഇഞ്ച് ത്രീഡി കര്‍വ്‌ഡ് അമോള്‍ഡ് ഡിസ്‌പ്ലെ, ഗോറില്ല ഗ്ലാസ് വിക്റ്റസ് 2, ആന്‍ഡ്രോയ്‌ഡ് 14, 5ജി, ഡുവല്‍ 4ജി വോള്‍ട്ട്, വൈഫൈ 7, ബ്ലൂടൂത്ത് 5.4, ജിപിഎസ്, ഗ്ലോനാസ്സ്, ടൈപ്പ്-സി യുഎസ്‌ബി, ഐപി65 റേറ്റിംഗ് എന്നിവ വണ്‍പ്ലസ് എയ്‌സ് 3 പ്രോയുടെ പ്രത്യേകതകളാണ്.

Top