തുടരുന്ന കലാപം; മണിപ്പൂരിലെ പൊലീസ് സ്റ്റേഷൻ പരിധികളിൽ വീണ്ടും അഫ്സ്പ

ജിരിബാമിൽ കഴിഞ്ഞ ജൂണിൽ ഒരു കർഷക​ന്‍റെ വികൃതമായ മൃതദേഹം വയലിൽ കണ്ടെത്തിയതിനെ തുടർന്ന് അവിടെയും സംഘർഷം ഉടലെടുക്കുകയായിരുന്നു

തുടരുന്ന കലാപം; മണിപ്പൂരിലെ പൊലീസ് സ്റ്റേഷൻ പരിധികളിൽ വീണ്ടും അഫ്സ്പ
തുടരുന്ന കലാപം; മണിപ്പൂരിലെ പൊലീസ് സ്റ്റേഷൻ പരിധികളിൽ വീണ്ടും അഫ്സ്പ

ഇംഫാൽ: അവസാനിക്കാത്ത വംശീയ കലാപം തുടരുന്ന അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത് മണിപ്പൂരിലെ ആറു പൊലീസ് സ്റ്റേഷൻ പരിധികളിൽ വീണ്ടും അഫ്സ്പ (പ്രത്യേക സായുധാധികാര നിയമം) ഏർപ്പെടുത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇംഫാൽ വെസ്റ്റ് ജില്ലയിലെ സെക്‌മായി, ലംസാംഗ്, ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ലാംലായ്, ജിരിബാം ജില്ലയിലെ ജിരിബാം, കാങ്‌പോക്‌പിയിലെ ലെയ്‌മഖോങ്, ബിഷ്‌ണുപൂരിലെ മൊയ്‌റാംഗ് എന്നിവയാണ് അഫ്‌സ്‌പ വീണ്ടും ഏർപ്പെടുത്തിയ സ്‌റ്റേഷൻ പരിധികൾ.

ഇംഫാൽ, ലാംഫാൽ, സിറ്റി, സിങ്‌ജമേയ്, സെക്‌മായി, ലംസാംഗ്, പാറ്റ്‌സോയ്, വാംഗോയ്, പൊറോമ്പാട്ട്, ഹീൻഗാങ്, ലാംലായ്, ഇറിൽബംഗ്, ലെയ്‌മഖോങ്, തൗബൽ, ബിഷ്‌ണുപൂർ, നാംക്, മോയ്‌റാങ്, ജിരിബാം എന്നിവയായിരുന്നു ഒക്‌ടോബർ ഒന്നിലെ അഫ്‌സ്‌പ ഉത്തരവിൽ നിന്ന് ഒഴിവാക്കിയ സ്‌റ്റേഷനുകൾ. അതേസമയം ഒക്‌ടോബർ ഒന്നിന് മണിപ്പൂർ സർക്കാർ 19 സ്‌റ്റേഷൻ പരിധികൾ ഒഴികെ സംസ്ഥാനത്തുടനീളം അഫ്‌സ്പ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, വംശീയ കലാപം തുടരുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തിൽ പറയുന്നു.

Also Read :പലസ്തീനെ കുറിച്ച് സംസാരം വേണ്ട ! സോയ ഹസന്റെ സെമിനാർ റദ്ദാക്കി

മണിപ്പൂരിലെ ജിരിബാം ജില്ലയിലെ സി.ആർ.പി.എഫ് ക്യാമ്പിന് നേരെ അത്യാധുനിക ആയുധങ്ങളുമായെത്തിയ വിമതർ വെടിയുതിർത്തതിനെ തുടർന്ന് തിങ്കളാഴ്ച സുരക്ഷാ സേനയുമായുള്ള ശക്തമായ ഏറ്റുമുട്ടലിൽ 11 തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇതി​ന്‍റെ പിന്നാലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആറ് സാധാരണക്കാരെ അതേ ജില്ലയിൽനിന്ന് സായുധരായ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി.ഇംഫാൽ താഴ്‌വരയിലെയും സമീപ കുന്നുകളിലെയും ഏറ്റുമുട്ടലുകൾ ബാധിക്കാതിരുന്ന ജിരിബാമിൽ കഴിഞ്ഞ ജൂണിൽ ഒരു കർഷക​ന്‍റെ വികൃതമായ മൃതദേഹം വയലിൽ കണ്ടെത്തിയതിനെ തുടർന്ന് അവിടെയും സംഘർഷം ഉടലെടുക്കുകയായിരുന്നു.

Top