ഓൺലൈൻ വ്യാപാരത്തിൽ ജി.എസ്.ടി വിവരങ്ങൾ ഉൾപ്പെടുത്തി വ്യാപാരി സമർപ്പിക്കുന്ന റിട്ടേണുകളിൽ (ജി.എസ്.ടി.ആർ-8) ഇനി എത് സംസ്ഥാനത്തേക്കാണെന്നതും രേഖപ്പെടുത്തണം. ജി.എസ്.ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം.
ഓൺലൈൻ വ്യാപാരങ്ങളുടെ റിട്ടേണിൽ നികുതി എത്ര എന്നതിനൊപ്പമാണ് ഇനി മുതൽ സംസ്ഥാന വിവരങ്ങളും നൽകേണ്ടത്. കേരളത്തിലേക്ക് കൂടുതൽ ഓൺലൈൻ വ്യാപാരം നടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് നികുതി വരുമാന കാര്യത്തിൽ ഇത് ഏറെ ഗുണംചെയ്യുമെന്നാണ് വിലയിരുത്തൽ.
ഇതരസംസ്ഥാനങ്ങളിൽനിന്ന് ചരക്കുകളും സേവനങ്ങളും ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഇ-കൊമേഴ്സ് സ്ഥാപനങ്ങളിൽകൂടി കേരളത്തിൽ വിൽക്കുന്നവർ ഇവിടുത്തെ ഉപഭോക്താക്കളിൽനിന്ന് ഐ.ജി.എസ്.ടി ഈടാക്കുന്നുണ്ട്. എന്നാൽ, അവർ സമർപ്പിക്കുന്ന റിട്ടേണുകളിൽ ഉപഭോഗ സംസ്ഥാനം ഏതെന്നത് വ്യക്തമാക്കാത്തതുമൂലം കേരളത്തിന് നികുതി വിഹിതം ലഭ്യമാക്കാത്ത സ്ഥിതിയുണ്ട്. ഇത് പരിഹരിക്കാൻ പുതിയ തീരുമാനം സഹായകമാകും.
ഇ-കൊമേഴ്സ് ഓപറേറ്റർമാർ ഫയൽ ചെയ്യുന്ന ജി.എസ്.ടി.ആർ-8 റിട്ടേണുകളിൽ ചെറിയ മാറ്റംവരുത്തിയാൽ ഇത് പരിഹരിക്കാനാകുമെന്ന് സംസ്ഥാനം ജി.എസ്.ടി കൗൺസിലിൽ ബോധ്യപ്പെടുത്തിയിരുന്നു.