ഒളിംപിക്സ് ഉദ്ഘാടനം ; ഫ്രാന്‍സിലെ അതിവേഗ ട്രെയിന്‍ ഗതാഗതം തകരാറിലായി

ഒളിംപിക്സ് ഉദ്ഘാടനം ; ഫ്രാന്‍സിലെ അതിവേഗ ട്രെയിന്‍ ഗതാഗതം തകരാറിലായി
ഒളിംപിക്സ് ഉദ്ഘാടനം ; ഫ്രാന്‍സിലെ അതിവേഗ ട്രെയിന്‍ ഗതാഗതം തകരാറിലായി

ളിംപിക്സ് ഉദ്ഘാടന ചടങ്ങിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ആതിഥേയത്വം വഹിക്കുന്ന ഫ്രാന്‍സിലെ അതിവേഗ ട്രെയിന്‍ ഗതാഗതം തകരാറില്‍. തീവയ്പ്പ് ഉള്‍പ്പെടെ ബോധപൂര്‍വമായ പ്രവൃത്തികളാണ് ഗതാഗത സംവിധാനം താറുമാറാക്കിയതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ അതിവേഗ റെയില്‍ ശൃംഖലയെ സ്തംഭിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ആക്രമണമാണിതെന്നാണ് അധികൃതരുടെ വിശദീകരണം.

ആസൂത്രിത ആക്രമണമാണ് ഉണ്ടായതെന്നാണ് അതിവേഗ റെയില്‍വേ അധികൃതര്‍ ആരോപിക്കുന്നത്. ചിലയിടങ്ങളിലെ റെയില്‍വേ ലൈനുകളില്‍ തീപിടുത്തം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ഗതാഗതം തടസപ്പെടുകയും ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയുമായിരുന്നു. ജനങ്ങളോട് യാത്രകള്‍ മാറ്റിവയ്ക്കാനും റെയില്‍വേ യാത്രകള്‍ ഒഴിവാക്കാനും ഫ്രഞ്ച് റെയില്‍വേ അഭ്യര്‍ത്ഥിച്ചു. ആക്രമണം ഏകദേശം എട്ട് ലക്ഷം യാത്രക്കാരെ ബാധിച്ചതായാണ് വിവരം.

അതിവേഗ റെയില്‍ ശൃംഖലയ്ക്കെതിരായ വലിയ ആക്രമണം ക്രിമിനല്‍ പ്രവൃത്തിയാണെന്ന് ഗതാഗത മന്ത്രി പാട്രിച്ച് വെര്‍ഗ്രീറ്റ് വെള്ളിയാഴ്ച പറഞ്ഞു. ഫ്രാന്‍സിന്റെ വടക്ക്, കിഴക്ക്, വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കുള്ള ട്രെയിന്‍ സേവനം പകുതിയായി കുറയുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി കനത്ത സുരക്ഷയില്‍ പാരീസ് തുടരുമ്പോഴാണ് പുതിയ സംഭവം. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നായി ഏകദേശം 3,00,000 കാണികളും വിഐപികളും ഫ്രാന്‍സില്‍ എത്തിയിട്ടുണ്ട്. ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിന്റെ പുറത്ത് ഉദ്ഘാടനം നടക്കും. സെയിന്‍ നദിയിലായിരിക്കും അത്ലീറ്റുകളുടെ പരേഡുകള്‍ ഉള്‍പ്പെടെയുള്ളവ. ഒരോ രാജ്യത്തേയും അത്ലീറ്റുകള്‍ ബോട്ടുകളിലായിരിക്കും പരേഡിന്റെ ഭാഗമാകുക.

ബോട്ടുകളില്‍ ക്യാമറകളുണ്ടാകും. ഇതായിരിക്കും ഓണ്‍ലൈന്‍ സ്ട്രീമിങ്ങിനും മറ്റുമായി ഉപയോഗിക്കുക. 10,500 അത്‌ലീറ്റുകളായിരിക്കും കടന്നുപോകുക. നദിയുടെ കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് ആറ് കിലോമീറ്റര്‍ നീളുന്ന പരേഡ് ട്രൊക്കാഡെറോയിലാണ് അവസാനിക്കുന്നത്.

Top