‘അപൂർവ്വരാഗം’ ഷൂട്ടിനിടെ ഉണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ്; മാല പാർവതി

2010 ൽ പുറത്തെത്തിയ 'അപൂർവ്വരാഗം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ദുരനുഭവം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോടാണ് അവർ വെളിപ്പെടുത്തിയിരിക്കുന്നത്

‘അപൂർവ്വരാഗം’ ഷൂട്ടിനിടെ ഉണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ്; മാല പാർവതി
‘അപൂർവ്വരാഗം’ ഷൂട്ടിനിടെ ഉണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ്; മാല പാർവതി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി നടിമാരാണ് സിനിമാ സെറ്റുകളിൽ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് രംഗത്തെത്തിയത്. ഇപ്പോഴിതാ തനിക്കുണ്ടായ ഒരു മോശം അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് നടി മാല പാർവതി. 2010 ൽ പുറത്തെത്തിയ ‘അപൂർവ്വരാഗം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ദുരനുഭവം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോടാണ് അവർ വെളിപ്പെടുത്തിയിരിക്കുന്നത്.

മാല പാർവതിയുടെ വാക്കുകൾ ചുവടെ:

“2009 ൽ ആയിരുന്നു ആ അനുഭവം. എൻറെ മൂന്നാമത്തെ ചിത്രം ആയിരുന്നു. നായികയെ അവതരിപ്പിച്ച നിത്യ മേനൻ എൻറെ കഥാപാത്രത്തിൻറെ മകളും ആയിരുന്നു. സിനിമയിൽ പിന്നീട് ഇല്ലാതിരുന്ന ഒരു സീനിൻറെ ചിത്രീകരണം നടക്കുകയായിരുന്നു. രാത്രി 10.30- 11 മണി ആയിക്കാണും. നിത്യയുടെ കഥാപാത്രം ആദ്യമായി ചുവപ്പ് നിറത്തിലുള്ള ഒരു സാരി ധരിക്കുന്നു, എൻറെയടുത്താണ് അവൾ നിൽക്കുന്നത്. അച്ഛൻ ഇത് കണ്ട് എക്സൈറ്റഡ് ആവുന്നു. അച്ഛൻ കാണാതെ അവൾ എൻറെ മറവിൽ നിൽക്കുന്നതും അച്ഛൻ കഥാപാത്രം ഇവളെ കണ്ടുപിടിക്കാൻ നോക്കുന്നതുമൊക്കെയായ ക്യൂട്ട് ആയ ഒരു രംഗമായിരുന്നു അത്. പെട്ടെന്നുതന്നെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ ദുരുദ്ദേശത്തോടെ എന്നെ സ്പർശിച്ചു. എനിക്ക് വേദനയെടുത്തു. ഞാൻ വല്ലാത്ത ഒരവസ്ഥയിൽ ആയി, പേടി തോന്നി. എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. പ്രതികരിക്കാനും എനിക്ക് സാധിച്ചില്ല. കൈ മൂവ് ചെയ്യരുതെന്ന് സംവിധായകൻ ആ നടനോട് പറഞ്ഞു. പിന്നീട് ആ രംഗം റീടേക്ക് പോയി. പക്ഷേ സംവിധായകൻ ആക്ഷൻ പറഞ്ഞപ്പോഴേക്ക് ഡയലോഗുകളൊക്കെ ഞാൻ മറന്നുപോയി. പല തവണ ശ്രമിച്ചെങ്കിലും അത് ഓർക്കാൻ സാധിച്ചില്ല. 10 റീടേക്കുകൾ പോവേണ്ടിവന്നു എനിക്ക് ആ രംഗം പൂർത്തിയാക്കാൻ.”

Also read: വെളിപ്പെടുത്തലുകള്‍ കേട്ട് ശരീരം വിറയ്ക്കുന്നു: നടി ഷീല

“അടുത്ത ദിവസവും അയാൾക്കൊപ്പം ചിത്രീകരണത്തിൽ പങ്കെടുക്കേണ്ടിവന്നു. അന്ന് അയാളാണ് വരികൾ മറന്നുപോയത്. എൻറെ മുഖത്തേക്ക് അയാൾക്ക് നോക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. എൻറെയുള്ളിൽ ദേഷ്യം ഉണ്ടായിരുന്നു. ആ ഷോട്ടിൽ എൻറെ മുഖം ക്യാമറയിൽ ഉണ്ടായിരുന്നില്ല. ഈ നടൻറെ മുഖമാണ് വരേണ്ടിയിരുന്നത്. ഇയാൾക്കും ഒരുപാട് റീടേക്കുകൾ പോവേണ്ടിവന്നു. സംവിധായകൻ വന്ന് ചോദിച്ചത് കൊഡാക്കിൽ നിന്ന് കമ്മിഷൻ ഉണ്ടോ എന്നാണ്. ദയവായി അയാളുടെ മുഖത്തേത്ത് നോക്കാതിരിക്കൂ എന്നും പറഞ്ഞു. ഈ ചിത്രം പൂർത്തിയാക്കട്ടെയെന്നും. എനിക്ക് കുറച്ച് ട്രോമ ഉണ്ടാക്കിയ ചിത്രമായിരുന്നു അത്. കുറച്ച് മാസത്തേക്ക് ഞാൻ മറ്റ് സിനിമകളിലൊന്നും അഭിനയിച്ചില്ല. പിന്നീട് ഒരു സുഹൃത്ത് എടുത്ത സിനിമയിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയത്”, മാല പാർവതി പറഞ്ഞു.

Top