ഓപ്പറേഷന്‍ പാം ട്രീ: ആക്രി കച്ചവടത്തിന്റെ മറവിൽ വെട്ടിച്ചത് 1170 കോടിയുടെ നികുതി

ഓപ്പറേഷന്‍ പാം ട്രീ: ആക്രി കച്ചവടത്തിന്റെ മറവിൽ വെട്ടിച്ചത് 1170 കോടിയുടെ നികുതി
ഓപ്പറേഷന്‍ പാം ട്രീ: ആക്രി കച്ചവടത്തിന്റെ മറവിൽ വെട്ടിച്ചത് 1170 കോടിയുടെ നികുതി

തിരുവനന്തപുരം: സംസ്ഥാനത്ത് ജിഎസ്ടി വകുപ്പ് 1170 കോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയതായി സംസ്ഥാന ജിഎസ്ടി വകുപ്പ്. എറണാകുളം ഉള്‍പ്പെടെ ഏഴ് ജില്ലകളിലായി നൂറിലേറെ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ നികുതിവെട്ടിപ്പ് കണ്ടെത്തിയത്. ആക്രി കച്ചവടത്തിന്റെ മറവില്‍ നടക്കുന്ന കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്താനായിരുന്നു റെയ്ഡ്.

ആകെ 209 കോടി രൂപയുടെ നികുതി നഷ്ടമുണ്ടായതായും കണ്ടെത്തി. ഇന്നലെ പുലർച്ചെ മുതൽ സംസ്ഥാനത്തെ 148 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഷെൽ കമ്പനികൾ ഉണ്ടാക്കി നികുതി വെട്ടിക്കുന്നെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു പരിശോധന. കേരളത്തിൽ ഈ മേഖലയിൽ നടത്തിയ ഏറ്റവും വലിയ ഓപ്പറേഷനാണിതെന്നും ജിഎസ്ടി വകുപ്പ് അറിയിച്ചു.

സംസ്ഥാന ജിഎസ്ടി രഹസ്യാന്വേഷണ വിഭാഗവും എന്‍ഫോഴ്സ്മെന്‍റ് വിഭാഗവും ചേര്‍ന്നാണ് ഓപ്പറേഷന്‍ പാം ട്രീ എന്ന പേരിൽ റെയ്ഡ് നടത്തിയത്. തൊഴിൽ നൽകാമെന്ന് പറഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നും മറ്റു വ്യക്തികളിൽ നിന്നും ശേഖരിക്കുന്ന ഐ.ഡി കാർഡുകൾ ഉപയോഗിച്ച് അവരുടെ പേരുകളിൽ വ്യാജ രജിസ്ട്രേഷൻ എടുത്താണ് നികുതി വെട്ടിപ്പ് നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പരിശോധനയില്‍ 148 വ്യാജ ജിഎസ്ടി രജിസ്‌ട്രേഷനുകളും കണ്ടെത്തിയിട്ടുണ്ട്. ആക്രി ഇടപാടുകളുടെ പേരിലാണ് വലിയ നികുതി വെട്ടിപ്പുകള്‍ നടന്നിരിക്കുന്നത്.

Top