അമേരിക്കയെയും ഇസ്രയേലിനെയും വിറപ്പിച്ച് പശ്ചിമേഷ്യയിലെ വന്‍ ശക്തിയായി ഇറാന്‍ മാറുന്ന കാഴ്ചയ്ക്കാണ് ഇപ്പോള്‍ ലോകം സാക്ഷ്യം വഹിക്കുന്നത്. ഇതിനുള്ള പ്രധാന കാരണം ഇറാന്റെ ആണവശക്തി തന്നെ. ഇറാനില്‍ ഭൂമിക്കടിയില്‍ നിരവധി ആണവ റിയാക്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന തിരിച്ചറിവ് അമേരിക്കയെയും പാശ്ചാത്യരാജ്യങ്ങളെയും ഒരുപോലെ ഭയപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഇറാനുമായുള്ള നേരിട്ടുള്ള യുദ്ധത്തില്‍ നിന്ന് ഒഴിവാകാനാണ് ഇപ്പോള്‍ ഇസ്രയേലിന്റെ ശ്രമം. ആണവോര്‍ജ്ജത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഇറാനെതിരെ ഒരു പ്രമേയം പാസാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍. എന്നാല്‍ യുറേനിയം ഉല്‍പ്പാദിപ്പിക്കുന്നതിനെതിരെ പ്രമേയം പാസാക്കിയാല്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയതോടെ രാജ്യങ്ങള്‍ ഭീതിയുടെ നിഴലിലാണ്.
അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി രാജ്യത്തെ വിമര്‍ശിക്കുന്ന പ്രമേയം പാസാക്കിയാല്‍ ഇറാന്റെ ആണവ പദ്ധതി വിപുലീകരിക്കുമെന്ന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തുവന്നതോടെയാണ് ഇപ്പോള്‍ ആണവോര്‍ജ്ജം സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ പൊന്തിവന്നത്. ഇറാനിയന്‍ സ്റ്റേറ്റ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത അഭിമുഖത്തില്‍, ഇറാന്‍ യുഎന്‍ ആറ്റോമിക് വാച്ച്‌ഡോഗുമായി സഹകരിക്കാമെന്നും ആണവ പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാണെന്നും വിദേശകാര്യമന്ത്രി അറിയിച്ചതായാണ് വിവരം. എന്നാല്‍ ആണവോര്‍ജ്ജ ഏജന്‍സി മറ്റ് രാഷ്ട്രങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ അതിജീവിച്ച് തങ്ങള്‍ക്കൊപ്പം നിന്നാല്‍ മാത്രമേ ഇത്തരം ഒരു നിലപാടിലെത്തൂ എന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അറിയിച്ചതായാണ് വിവരം.
Also Read: യുക്രെയിന് അമേരിക്ക നല്‍കിയ സഹായം; കണക്കുകള്‍ കേട്ട് കണ്ണുതള്ളി ലോകരാജ്യങ്ങള്‍
അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഐഎഇഎയുടെ 35 രാജ്യങ്ങളുടെ ബോര്‍ഡ് ഓഫ് ഗവര്‍ണര്‍മാരുടെ യോഗത്തിന് മുന്നോടിയായാണ് അരാഗ്ചി സംസാരിച്ചത്. ഫ്രാന്‍സ്, യുകെ, ജര്‍മ്മനി എന്നിവയുള്‍പ്പെടെ നിരവധി ബോര്‍ഡ് അംഗങ്ങള്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളുടെ നിരീക്ഷണം വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു പുതിയ പ്രമേയത്തിന് വേണ്ടി വാദിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പ്രമേയമാണ് പാസാക്കുന്നതെങ്കില്‍ തങ്ങള്‍ സഹകരിക്കില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്.
അതേസമയം, ഇറാന്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയോടുള്ള (IAEA) സമീപനത്തില്‍ കടുത്ത മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന്റെ സൂചനയാണ് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ പ്രസ്താവനകളിലൂടെ മനസിലാക്കാനാകുന്നത്. IAEA ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ അടുത്ത യോഗത്തിന് മുന്നോടിയായാണ് ഇറാനില്‍ നിന്ന് ഇത്തരത്തിലുള്ള മുന്നറിയിപ്പ് ഉയര്‍ന്നത്. ഇത് രാജ്യങ്ങള്‍ തമ്മിലുള്ള ആണവ നിയമനടപടികളുടെ ഭാവിയെ വലിയ തോതില്‍ സ്വാധീനിക്കാന്‍ സാധ്യതയുള്ളതാണ്.
Also Read: മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല; മലക്കം മറിഞ്ഞ് ഇറാന്‍
IAEA പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നുവെന്ന് കണ്ടാല്‍ ഇറാന്‍ ആണവ പദ്ധതി ശക്തമാക്കുമെന്നാണ് സൂചന. പാശ്ചാത്യ രാജ്യങ്ങളുടെ ഇംഗിതത്തിന് വഴങ്ങി ഒരു പ്രമേയം പാസാക്കിയാല്‍ അത് ഇറാന്‍- അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ബന്ധത്തെ നശിപ്പിച്ചേക്കാനാണ് സാധ്യത. ഇറാന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, മറ്റുപ്രധാന രാജ്യങ്ങള്‍ എന്നിവയുമായുള്ള ആണവ കരാര്‍ ചര്‍ച്ചകളില്‍ മിതത്വം നേടിയെടുക്കാനുള്ള തന്ത്രമായിരിക്കാമെന്നാണ് അന്താരാഷ്ട്ര നയതന്ത്രജ്ഞരുടെ അനുമാനം. അതേസമയം, ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇറാന്‍ ആണവ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയാകുന്നുവെന്നാണ് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ആവര്‍ത്തിക്കുന്നത്.
എന്നാല്‍, അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയോടുള്ള ഞങ്ങളുടെ പെരുമാറ്റം തികച്ചും പ്രൊഫഷണലായിരിക്കുമെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. ഏജന്‍സി ഒരു സാങ്കേതിക സ്ഥാപനമാണ്, സാങ്കേതിക മേഖലയില്‍ അതിന്റെ ചുമതലകള്‍ നിറവേറ്റണം, രാഷ്ട്രീയത്തിന് അതീതമായോ പ്രമുഖ രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കോ അനുസൃതമായി ഏജന്‍സി പ്രവര്‍ത്തിക്കരുതെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Also Read: പുടിനുമായുള്ള സൗഹൃദം ചൈനയോടുള്ള ട്രംപിന്റെ നയത്തില്‍ പ്രതിഫലിക്കുമോ? ലോകം കാത്തിരിക്കുന്നു
അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഞങ്ങള്‍ക്കെതിരെ ഒരു പ്രമേയം പാസാക്കിയാല്‍, അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും ഇറാന്റെ മുന്നറിയിപ്പില്‍ പറയുന്നു. തങ്ങള്‍ക്കെതിരെ നില്‍ക്കുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ആണവ പദ്ധതിക്കെതിരെ നിലകൊള്ളുകയാണെങ്കില്‍ ആ രാജ്യങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത പുതിയ നടപടികളാണ് ഇനി സ്വീകരിക്കുകയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി നിലപാട് വ്യക്തമാക്കി.
ഇറാനും ലോകശക്തികളും തമ്മിലുള്ള 2015 ലെ ആണവ കരാര്‍ ഉപരോധത്തില്‍ ഇളവുകള്‍ നല്‍കുന്നതിന് പകരമായി പാശ്ചാത്യ രാജ്യങ്ങള്‍ ഇറാന്റെ ആണവ പദ്ധതിക്ക് തുരങ്കം വെയ്ക്കുകയായിരുന്നു. എന്നിരുന്നാലും 2015ലെ കരാര്‍ തങ്ങള്‍ പുനരാലോചിക്കാന്‍ തയ്യാറാണെന്നും ഇറാന്‍ അറിയിച്ചതായാണ് വിവരം. അതേസമയം, ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം ആണവായുധ നിര്‍മ്മാണത്തിനുള്ള ശ്രമമായാണ് പാശ്ചാത്യരാജ്യങ്ങള്‍ വിലയിരുത്തുന്നത്.
Also Read: ട്രംപിനെ വധിക്കാൻ ഉദ്ദേശമില്ലെന്ന് ഇറാൻ പറഞ്ഞതായി റിപ്പോർട്ട്
അതുകൊണ്ടുതന്നെ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഇറാന്റെ ആണവ സൈറ്റുകള്‍ക്കെതിരെ പ്രമേയം പാസാക്കിയാല്‍, ഇറാന്‍ ശക്തമായ പ്രതികാര നടപടികള്‍ എടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിനെതിരെ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഇറാന്‍ ശക്തമായ പ്രതികാരത്തിന് തുനിയും.
അതേസമയം, ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ നിലവാരം ആയുധവല്‍ക്കരണത്തിന് ആവശ്യമായ പരിധിക്ക് അടുത്തു എത്തിയിരിക്കുകയാണ്. ഇത് അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്കയ്ക്ക് കാരണമാണെന്നും IAEA ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി പറയുന്നു. ഇറാന്റെ ഇത്തരത്തിലുള്ള നിലപാട് ലോകത്തിന് തന്നെ ഭീഷണി സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇറാന്റെ ആണവ സൈറ്റുകള്‍ക്ക് നേരെയുള്ള ചെറുതോ വലുതോ ആയ ആക്രമണങ്ങള്‍, ഗുരുതരമായ റേഡിയോളജിക്കല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അത് മധ്യേഷ്യയിലെ സമാധാനത്തിനും ജനജീവിതത്തിനും വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നും ഗ്രോസി പാശ്ചാത്യരാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Also Read : ഹൂതികളുടെ സാങ്കേതിക മികവ് ഞെട്ടിക്കുന്നതെന്ന് അമേരിക്ക, വൻ ശക്തികൾക്കും വൻ വെല്ലുവിളി ?
2015ലെ ആണവ കരാറില്‍ നിന്ന് ട്രംപ് ഭരണകൂടം പിന്‍വലിഞ്ഞതിനു ശേഷം ഇറാന്‍ ആണവ പദ്ധതിയില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. 60 ശതമാനം സമ്പുഷ്ടമായ യുറേനിയം ഉല്‍പാദിപ്പിക്കുന്ന ഒരേയൊരു ആണവ ഇതര രാജ്യമാണ് ഇറാന്‍, കൂടാതെ മൂന്ന് ബോംബുകളെങ്കിലും നിര്‍മിക്കാന്‍ ആവശ്യമായ ആയുധ നിലവാരമുള്ള ആണവ ഇന്ധനം ഇറാന്റെ കൈവശമുണ്ടെന്നതും അമേരിക്കയുടെ ഉറക്കംകെടുത്തുന്നുണ്ട്. നിരവധി ചര്‍ച്ചകളും ഊഹാപോഹങ്ങളും തുടരുന്ന ഇറാന്റെ ആണവ പദ്ധതി പതിറ്റാണ്ടുകളായി രാജ്യാന്തര സംഘര്‍ഷത്തിന്റെ കേന്ദ്രബിന്ദുവാണ്. ആണവായുധ വികസനത്തിന് ഇറാന്‍ എത്രമാത്രം സാധിക്കും എന്നതിലാണ് ചര്‍ച്ചകളേറെയും. അത്രയേറെ രഹസ്യാത്മകമാണ് അവരുടെ പ്രവൃത്തികളും. ആണവ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഇറാന്‍ വാദിക്കുന്നുണ്ടെങ്കിലും ആണവ കേന്ദ്രങ്ങളുടെ സ്ഥാനവും സ്വഭാവവും പാശ്ചാത്യരാജ്യങ്ങളെ ഒരുപോലെ ഭീതിയിലാക്കുകയാണ്.