മുംബൈ: വന്‍ വാഗ്ദാനങ്ങളുമായി മഹാരാഷ്ട്രയില്‍ പ്രതിപക്ഷ സഖ്യം പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീകള്‍ക്ക് മാസം 3000 രൂപയും തൊഴിലില്ലാത്ത യുവാക്കള്‍ക്ക് മാസം 4000 രൂപയും സഹയധനം നല്‍കും. ജാതി സെന്‍സസും മുന്നണി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.
ഭരണപക്ഷത്തിന് പിന്നാലെ പ്രതിപക്ഷം പുറത്തിറക്കിയ പ്രകടന പത്രികയിലും നിറഞ്ഞ് നിന്നത് ക്ഷേമ പദ്ധതികള്‍ തന്നെ. തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് 1500 രൂപ മാസ സഹായം പ്രഖ്യാപിച്ചത്. പ്രകടന പത്രികയില്‍ അത് 2100 രൂപയാക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍ പ്രതിപക്ഷം വാഗ്ദാനം നല്‍കുന്നത് 3000 രൂപയാണ്.
കര്‍ണാടകയില്‍ നടപ്പാക്കിയ ഗൃഹലക്ഷ്മി പദ്ധതിക്ക് സമാനമായി മഹാലക്ഷ്മി യോജന എന്നപേരിലാണ് പദ്ധതി. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയും ഉറപ്പ് നല്‍കുന്നു. തൊഴിലില്ലാത്ത യുവാക്കള്‍ക്ക് 4000 രൂപ മാസ സഹായം, കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിങ്ങനെ വാഗ്ദാനമുണ്ട്.
പ്രതീക്ഷിച്ച പോലെ ജാതി സെന്‍സസും പ്രതിപക്ഷത്തിന്റെ പ്രകടന പത്രികയിലുണ്ട്. കര്‍ഷക ആത്മഹത്യ കുറയ്ക്കാന്‍ കാര്‍ഷിക കടം 13 ലക്ഷം വരെ എഴുതി തള്ളുകയും ചെയ്യുമെന്നാണ് ഉറപ്പ്. മുംബൈയിലെ ബികെസി ഗ്രൗണ്ടില്‍ നടന്ന റാലി പ്രതിപക്ഷ സഖ്യത്തിന്‍്രറെ ശക്തിപ്രകടനമായി മാറി. സേനാ നേതാവ് ഉദ്ദവ് താക്കറെ, എന്‍സിപി നേതാവ് ശരദ് പവാര്‍ തുടങ്ങിയ നേതൃനിര ഒന്നാകെ വേദിയിലുണ്ടായിരുന്നു.