തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം. സഭയിൽ കെ.കെ രമ അടിയന്തര പ്രമേയ നോട്ടീസ് നൽകും. റിപ്പോർട്ട് ലഭിച്ച് നാലര വർഷം സർക്കാർ പൂഴ്ത്തി എന്നും സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളിൽ നടപടികൾ ഒന്നും സ്വീകരിച്ചില്ല എന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
സഭയിലെ ചോദ്യോത്തര വേളയിൽ ബുധനാഴ്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതിപക്ഷം സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. 2019-ൽ വന്ന റിപ്പോർട്ട് സർക്കാർ മാറ്റിവെച്ചത് ആരോപണ വിധേയരെ സംരക്ഷിക്കാൻ വേണ്ടിയല്ലേയെന്ന് പ്രതിപക്ഷം ചോദിച്ചു. അതേസമയം, പനി കാരണം രണ്ടു ദിവസം വിശ്രമത്തിൽ ആയിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ എത്തിയേക്കും. ഗവർണർ – മുഖ്യമന്ത്രി യുദ്ധം പുതിയ തലത്തിലേക്ക് നീങ്ങുമ്പോൾ ആ വിഷയവും സഭയിൽ ഉയരും.
Also Read:തിരുവമ്പാടിയില്‍ നിന്നും കാണാതായ പെൺക്കുട്ടിയെ കണ്ടെത്തി
വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കണമെന്ന് അറിയിച്ചത് വിവരാവകാശ കമ്മിഷൻ ആണെന്നും, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒരു പേജും സർക്കാർ മറച്ചുവെച്ചിട്ടില്ലെന്നായിരുന്നു സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ സഭയിൽ പ്രതികരിച്ചത്. ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്ത് സിനിമാ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു കമ്മിറ്റി രൂപവത്കരിച്ചത് ഒന്നാം പിണറായി സർക്കാരാണെന്നും സജി ചെറിയാൻ പറഞ്ഞു.