CMDRF

വഖഫ് ബില്ലിന്മേൽ പ്രതിപക്ഷം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നു; കിരൺ റിജിജു

വഖഫ് ബില്ലിന്മേൽ പ്രതിപക്ഷം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നു; കിരൺ റിജിജു
വഖഫ് ബില്ലിന്മേൽ പ്രതിപക്ഷം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നു; കിരൺ റിജിജു

ന്യൂഡൽഹി: വഖഫ് ബില്ലിന്മേൽ പ്രതിപക്ഷം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്ര പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജു. മതസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നില്ലെന്നും പ്രതിപക്ഷ നോട്ടീസുകൾ അംഗീകരിക്കുന്നില്ലെന്നും കിരൺ റിജിജു വ്യക്തമാക്കി. ഒരു അവകാശവും ബിൽ കവർന്നെടുക്കുന്നില്ല. ഒരു മത സ്ഥാപനത്തിൻ്റെയും സ്വാതന്ത്ര്യത്തിൽ ഇടപെടുന്നില്ല. ഒരിക്കലും ലഭിക്കാത്തവർക്ക് അവകാശം നൽകാനാണ് ഈ ബിൽ എന്നും കിരൺ റിജിജു വിശദീകരിച്ചു. വഖഫ് ബില്ലിന്മേലുള്ള പ്രമേയത്തിൽ നടന്ന ചർച്ചകൾക്ക് പാർലമെൻ്റിൽ മറുപടി പറയുകയായിരുന്നു പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു.

പ്രതിപക്ഷത്തിന്റെ എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കാമെന്ന് പറഞ്ഞ കിരണ്‍ റിജിജു വഖഫ് നിയമം പല തവണ ഭേദഗതി ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ചു. യുപിഎ സർക്കാരിന് ചെയ്യാൻ കഴിയാത്തതാണ് ഞങ്ങൾ ചെയ്യുന്നത്. ദുർബല വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകുന്നതാണ് ബിൽ എന്നും കിരൺ റിജിജു ന്യായീകരിച്ചു.

പ്രതിപക്ഷത്തിൻ്റെ വിമർശനങ്ങളെ കോൺഗ്രസ് കാലത്ത് രൂപം നൽകിയ കമ്മറ്റികളുടെ നിർദ്ദേശങ്ങൾ എടുത്ത് പറഞ്ഞാണ് റിജിജു നേരിട്ടത്. സച്ചാർ കമ്മറ്റി റിപ്പോർട്ട് സഭയിൽ എടുത്ത് പറഞ്ഞ കിരൺ റിജിജു എല്ലാവരെയും വിശ്വാസത്തിൽ എടുത്താണ് ബിൽ തയ്യാറാക്കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചു. സച്ചാർ കമ്മിറ്റിയാണ് പരിഷ്കാരങ്ങൾക്ക് നിർദേശിച്ചതെന്നും റിജിജു വ്യക്തമാക്കി. ബില്ലിനെ എതിർത്താൽ ചരിത്രം മാപ്പു തരില്ലെന്ന് പ്രതിപക്ഷത്തോട് പറഞ്ഞ കിരൺ റിജിജു വഖഫ് ബോർഡ് ചിലർ കയ്യടക്കി വച്ചിരിക്കുകയാണെന്നും ആരോപിച്ചു.

ബിൽ സ്ത്രീകളെയും കുട്ടികളെയും സഹായിക്കാനാണെന്നും പ്രതിപക്ഷ വിമർശനത്തിന് മറുപടിയായി റിജിജു വ്യക്തമാക്കി. ഭരണഘടനയെയോ മത സ്വാതന്ത്ര്യതെയോ ബിൽ ചോദ്യം ചെയ്യുന്നില്ല. ബില്ലിനെക്കുറിച്ച് പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തരുത്. കോടിക്കണക്കിന് സ്ത്രീകൾക്കും കുട്ടികൾക്കും ബില്ലിലുടെ ഗുണം ലഭിക്കും. ഇത്രയും നീണ്ട ചർച്ച ഒരു ബില്ലിന്റെയും രൂപീകരണത്തിനായി നടന്നിട്ടില്ല. കഴിഞ്ഞ 10 വർഷമായി കൂടിയാലോചന നടക്കുന്നു. ചർച്ച നടത്തിയില്ല എന്നപ്രതിപക്ഷ വാദത്തെ എതിർത്തുകൊണ്ട് കിരൺ റിജിജു ചൂണ്ടിക്കാണിച്ചു.

മുസ്ലീം സഹോദരങ്ങൾക്ക് നീതി നൽകുന്ന ബില്ലാണ് അവതരിപ്പിച്ചതെന്നും ന്യൂനപക്ഷ താത്പര്യം സംരക്ഷിക്കപ്പെടുമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി വ്യക്തമാക്കി. 8000ത്തിലധികം വഖഫ് സ്വത്തുക്കളുടെ പട്ടിക തയ്യാറാക്കി. ബോർഡിൻ്റെ അനധിക്യത കയ്യേറ്റങ്ങളെ കുറിച്ച് പരാതി ലഭിച്ചു. മുൻ കാലങ്ങളിലെ തെറ്റ് തിരുത്താനാണ് ബിൽ. വഖഫ് ഭൂമി മാഫിയകൾ കൈയ്യടക്കി വെച്ചിരിക്കുന്നു. പലയിടത്തും വഖഫിന്റെ പേരിൽ ഭൂമാഫിയ ഇടപെടുന്നു. 1.2 ലക്ഷം കോടിയാണ് വഖഫിൻ്റെ അസ്തി. പ്രതിപക്ഷം വോട്ട് മുന്നിൽ കണ്ടാണ് ബില്ലിനെ എതിർക്കുന്നത്. ഒരു നിയമവും ഭരണഘടനയ്ക്ക് മുകളിലല്ല. കളക്ടർക്ക് അധികാരം നൽകുന്നതിനെ പ്രതിപക്ഷം വിമർശിക്കുന്നുവെന്നും കിരൺ റിജിജു കുറ്റപ്പെടുത്തി. കളക്ടർ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല. പല എംപിമാരും വ്യക്തിപരമായി ബില്ലിനെ പിന്തുണക്കുന്നു. ബില്ലിനെ പിന്തുണക്കാൻ കിരൺ റിജിജു പ്രതിപക്ഷത്തോട് അഭ്യർത്ഥിച്ചു.

Top