CMDRF

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്. അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

കൊല്ലം, തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് വരെ ഇന്ന് അവധിയാണ്. ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി കേരള, ലക്ഷദ്വീപ് ,കര്‍ണാടക തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. കടുത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നദികളിലെയും ഡാമുകളിലെയും ജലനിരപ്പ് ഉയരുകയാണ്. കെഎസ്ഇബിയ്ക്ക് കീഴിലുള്ള ഡാമുകളില്‍ നീരൊഴുക്ക് കൂടിയിട്ടുണ്ട്. ഇടുക്കിയിലെ ജലനിരപ്പ് 52.81 ശതമാനവും വയനാട് ബാണാസുര സഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 83.26 ശതമാനവുമായി വര്‍ധിച്ചു.

മഴതുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ട്രെയിന്റെ സമയത്തില്‍ മാറ്റമുണ്ട്. രാവിലെ 05.15-ന് (ജൂലൈ 31 ബുധനാഴ്ച) തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 20634 തിരുവനന്തപുരം-കാസര്‍കോട് വന്ദേ ഭാരത് എക്‌സ്പ്രസ് 2 മണിക്കൂര്‍ 15 മിനിറ്റ് വൈകി 7.30നാണ് പുറപ്പെടുക.

കന്യാകുമാരി – മംഗളൂരു സെന്‍ട്രല്‍ 16650 പരശുറാം എക്‌സ്പ്രസ് ഭാഗികമായി റദ്ദ് ചെയ്തു. ഇന്ന് പുലര്‍ച്ചെ 03.45ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍, കന്യാകുമാരി മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള സര്‍വീസ് റദ്ദാക്കി. പതിവ് സമയം പ്രകാരം ഷൊര്‍ണൂരില്‍ നിന്നാണ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക.

Top