ഓര്‍ഡര്‍ ചെയ്ത മൊമോസ് നല്‍കിയില്ല; സൊമാറ്റോയ്ക്ക് 60,000 രൂപ പിഴ വിധിച്ച് കോടതി

ഓര്‍ഡര്‍ ചെയ്ത മൊമോസ് നല്‍കിയില്ല; സൊമാറ്റോയ്ക്ക് 60,000 രൂപ പിഴ വിധിച്ച് കോടതി

ബംഗളൂരു: ഓര്‍ഡര്‍ ചെയ്ത മോമോസ് എത്തിക്കുന്നതില്‍ വീഴ്ചവരുത്തിയ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോ ഉപഭോക്താവിന് 60,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ണാടക ധാര്‍വാഡിലെ ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവ്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ശീതള്‍ എന്ന യുവതി ഓണ്‍ലൈനില്‍ മോമോസ് ഓര്‍ഡര്‍ ചെയ്തത്. 133.25 രൂപ സൊമോറ്റോയിലൂടെ അടയ്ക്കുകയും ചെയ്തു. ഓര്‍ഡര്‍ ചെയ്ത് പതിനഞ്ചു മിനിറ്റിനു ശേഷം ഫോണില്‍ ഓഡര്‍ ഡെലിവറി ചെയ്തു എന്ന സന്ദേശം ലഭിച്ചു. എന്നാല്‍, തനിക്ക് ഓര്‍ഡര്‍ ചെയ്ത മോമോസ് ലഭിച്ചില്ലെന്നും ഡെലിവറി ഏജന്റ് വീട്ടില്‍ വന്നിട്ടില്ലെന്നും ശീതള്‍ പറഞ്ഞു.

റെസ്റ്ററന്റില്‍ അന്വേഷിച്ചപ്പോള്‍ ഡെലിവറി ഏജന്റ് ഓര്‍ഡര്‍ എടുത്തതായി അറിഞ്ഞു. വെബ്സൈറ്റ് വഴി ഡെലിവറി ഏജന്റിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഏജന്റ് പ്രതികരിച്ചില്ല. തുടര്‍ന്ന് ശീതള്‍ സൊമാറ്റോയോട് ഇ-മെയില്‍ വഴി പരാതിപ്പെട്ടു. 72 മണിക്കൂര്‍ കാത്തിരുന്നിട്ടും പ്രതികരണമൊന്നും ലഭിച്ചില്ല. തുടര്‍ന്ന്, 2023 സെപ്റ്റംബര്‍ 13ന് ശീതള്‍ സൊമാറ്റോക്ക് വക്കീല്‍ നോട്ടീസ് അയച്ചു.

സോമാറ്റോയില്‍ നിന്ന് മേയ് രണ്ടിന് 133.25 രൂപ തിരികെ ലഭിച്ചതായി ശീതള്‍ പറഞ്ഞു. പരാതിക്കാരന് വളരെയധികം അസൗകര്യവും മാനസിക സംഘര്‍ഷവും ഉണ്ടാക്കിയത് സൊമാറ്റോയുടെ സേവനത്തിന്റെ പോരായ്മയാണെന്ന് ഉപഭോക്തൃ കമീഷന്‍ ചൂണ്ടിക്കാട്ടി. ശീതളിനുണ്ടായ അസൗകര്യത്തിനും മാനസിക പീഡനത്തിനും നഷ്ടപരിഹാരമായി 50,000 രൂപയും 10,000 രൂപ കോടതിച്ചെലവും സൊമാറ്റോ നല്‍കണമെന്ന് കമ്മീഷന്‍ പ്രസിഡന്റ് ഇഷപ്പ കെ ഭൂട്ടെ ഉത്തരവില്‍ പറഞ്ഞു.

Top