CMDRF

ലാലിഗയില്‍ തകർന്നടിഞ്ഞ് ബാഴ്സലോണ

തോറ്റെങ്കിലും എട്ട് കളിയിൽ നിന്ന് 21 പോയിന്റുമായി പട്ടികയിൽ ബാഴ്‌സ തന്നെയാണ് ഒന്നാമത്

ലാലിഗയില്‍ തകർന്നടിഞ്ഞ് ബാഴ്സലോണ
ലാലിഗയില്‍ തകർന്നടിഞ്ഞ് ബാഴ്സലോണ

മഡ്രിഡ്: ലാലിഗയില്‍ തോൽവിയുടെ ചൂടറിയാത്ത ബാഴ്സലോണക്ക് കനത്ത തിരിച്ചടി. ഒസാസുനക്കെതിരായ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ബാഴ്സ പരാജയപ്പെട്ടു. ഒസാസുനയുടെ തട്ടകമായ എൽ സദറിലായിരുന്നു മത്സരം. ഒസാസുനക്കായി ആന്‍റേ ബുഡിമിർ ഇരട്ട ഗോൾ, ബ്രയാൻ സരഗോസയും ആബേൽ ബ്രെന്റോൺസുമാണ് മറ്റ് സ്‌കോറർമാർ. ബാഴ്‌സക്കായി പോ വിക്റ്ററും ലാമിൻ യമാലുമാണ് ഗോൾ വീഴ്ത്തിയത്. 18ാം മിനിറ്റിൽ ഒസാസുനയുടെ ആദ്യ ഗോൾ.

പത്ത് മിനിറ്റിനകം സരഗോസയുടെ വക രണ്ടാമത്തെ അടി. ഒന്നാം പകുതി അവസാനിച്ചപ്പോൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഒസാസുന മുന്നിൽ. ഗോൾ മടക്കാൻ കിണഞ്ഞ് പരിശ്രമിച്ച ബാഴ്സ രണ്ടാം പകുതിയാരംഭിച്ച് പത്ത് മിനിറ്റിനുള്ളിൽ ലക്ഷ്യം കണ്ടു. 53ാം മിനിറ്റില്‍ പോ വിക്റ്ററിന്‍റേതായിരുന്നു ഗോൾ. പെനാൽറ്റി ബോക്‌സിന് വെളിയിൽ നിന്ന് വിക്റ്റർ ഉതിർത്ത ദുർബലമായ ഷോട്ട് തട്ടിയകറ്റാൻ ഒസാസുന ഗോളിക്കായില്ല.

Also Read: ലെസ്റ്റർസിറ്റി​യെ തകർത്ത് ആഴ്സണലിന്റെ മുന്നേറ്റം

72ാം മിനിറ്റിൽ ബുഡിമറിനെ പെനാൽറ്റി കിക്കിൽ ഡൊമിങ്വസിന് മഞ്ഞക്കാർഡ്. കിക്കെടുത്ത ബുഡിമർ പിഴവുകളില്ലാതെ രണ്ടാം ഗോൾ സ്വന്തമാക്കി. 85ാം മിനിറ്റിൽ ആബേൽ ബ്രെന്റോൺസും ഗോൾ നേടിയതോടെ ഒസാസുന 4-1ന് മുന്നിൽ. 89ാം മിനിറ്റിൽ സൂപ്പർ താരം ലാമിൻ യമാൽ വലകുലുക്കിയെങ്കിലും പരാജയത്തിൽ നിന്ന് ബാഴ്സയെ കരകയറ്റാനായില്ല.

തോറ്റെങ്കിലും എട്ട് കളിയിൽ നിന്ന് 21 പോയിന്റുമായി പട്ടികയിൽ ബാഴ്‌സ തന്നെയാണ് ഒന്നാമത്. ഏഴ് കളി കളിച്ച റയൽ മാഡ്രിഡ് 17 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഇന്ന് നടക്കുന്ന മാഡ്രിഡ് ഡെർബിയിൽ അത്‌ലറ്റിക്കോയെ തകർത്താൽ കറ്റാലന്മാരുമായുള്ള പോയിന്റ് വ്യത്യാസം റയലിന് ഒന്നായി കുറക്കാം.

Top