സുരേഷ് ഗോപി ചിത്രം ‘ഒറ്റക്കൊമ്പൻ’ എന്ന സിനിമയുടെ ചിത്രീകരണം സെപ്തംബർ അവസാനം ആരംഭിക്കാൻ ഒരുങ്ങുന്നു. നവാഗതനായ മാത്യൂസ് തോമസാണ് ചിത്രത്തിന്റെ സംവിധാനം. സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രമായ ഒറ്റക്കൊമ്പൻ ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം. വരാഹത്തിനുശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രത്തിന് ഷിബിൻ ഫ്രാൻസിസ് രചന നിർവഹിക്കുന്നു. ഷാജികുമാർ ആണ് ഛായാഗ്രഹണം. വൻ താരനിരയിൽ ഒരുങ്ങുന്ന ഒറ്റക്കൊമ്പനിൽ ബിജുമേനോനും ഉണ്ടായിരിക്കും. വരാഹം, ജെഎസ്കെ എന്നീ ചിത്രങ്ങളുടെ ഡബ്ബിംഗ് പൂർത്തിയാക്കിയ ശേഷം സുരേഷ്ഗോപി ഒറ്റക്കൊമ്പനിൽ ജോയിൻ ചെയ്യും.
ഒറ്റക്കൊമ്പന്റെ ചിത്രീകരണം ഒക്ടോബറിലേക്ക് നീളാനും സാദ്ധ്യതയുണ്ട്. ടൂറിസം വകുപ്പ് കേന്ദ്ര സഹമന്ത്രിസ്ഥാനം ലഭിച്ചശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. 2020ൽ ആണ് ഒറ്റക്കൊമ്പൻ പ്രഖ്യാപിച്ചത്. എന്നാൽ പല കാരണങ്ങളാൽ ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. പൃഥ്വിരാജ് ചിത്രം കടുവയുടെ പ്രമേയവുമായി സാമ്യമുണ്ടെന്ന ആരോപണം വന്നതോടെ ഒറ്റക്കൊമ്പന് പകർപ്പവകാശ നിയമപ്രകാരം സ്റ്റേ വന്നിരുന്നു. പാലാക്കാരൻ അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരം അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും.അതേസമയം സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന വരാഹം ആണ് റിലീസിന് ഒരുങ്ങുന്ന സുരേഷ് ഗോപി ചിത്രം.