ദുബായ് : ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലൂടെ 220 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച് അപകടകരമായ സാഹചര്യം സൃഷ്ടിച്ച ഡ്രൈവറെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവര്‍ക്ക് 50,000 ദിര്‍ഹം പിഴ ചുമത്തിയ പൊലീസ് വാഹനം പിടിച്ചെടുത്തു.
ഇവര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വിഡിയോയില്‍ കാറിന്റെ ഡാഷ് ബോര്‍ഡിലെ സ്പീഡോമീറ്ററില്‍ 220 കിലോമീറ്റര്‍ വേഗം ദൃശ്യമാകുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ ഡ്രൈവറുടെ സീറ്റില്‍നിന്ന് മൊബൈല്‍ ഫോണില്‍ എടുത്തതാണെന്ന് സംശയിക്കുന്നു. അങ്ങനെയെങ്കില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കുറ്റത്തിന് കനത്ത പിഴയും ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.ഡ്രൈവറെ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ട്രാഫിക് നിയമങ്ങള്‍ മനഃപൂര്‍വം ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടം വരുത്തുന്ന രീതിയിലാണ് ഇവര്‍ വാഹനമോടിച്ചിരുന്നത്.
ഇത്തരത്തില്‍ നിരുത്തരവാദപരമായി വാഹനമോടിക്കുകയും അതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്യുന്നവരെ പിടികൂടാനായി പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ വൈറലായ അഭ്യാസപ്രകടനങ്ങളുടെ വീഡിയോ പരിശോധിച്ച് ഇതിനകം നിരവധി പേരെ അറസ്റ്റ് ചെയ്തു.ഇതില്‍ ഒരാള്‍ മഴയില്‍ കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതിനും മറ്റൊരാള്‍ എസ്.യു.വി ഉപയോഗിച്ച് രണ്ടു ചക്രത്തില്‍ അഭ്യാസം കാണിച്ചതിനുമാണ് അറസ്റ്റിലായത്. ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ വിട്ടുകിട്ടാന്‍ 50,000 ദിര്‍ഹം പിഴ നല്‍കേണ്ടിവരുമെന്ന് ദുബായ് പൊലീസ് ഓര്‍മിപ്പിച്ചു.