അരിയില്‍ ഷുക്കൂര്‍ വധക്കേസ്: പി ജയരാജനും ടിവി രാജേഷും വിചാരണ നേരിടണം

2012 ഫെബ്രുവരി 20 നാണ് എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം ഭാരവാഹിയായ അബ്ദുള്‍ ഷുക്കൂര്‍ (24) വെട്ടേറ്റ് കൊല്ലപ്പെടുന്നത്

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: പി ജയരാജനും ടിവി രാജേഷും വിചാരണ നേരിടണം
അരിയില്‍ ഷുക്കൂര്‍ വധക്കേസ്: പി ജയരാജനും ടിവി രാജേഷും വിചാരണ നേരിടണം

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാക്കളായ പി ജയരാജന്റെയും ടിവി രാജേഷിന്റെയും വിടുതല്‍ ഹര്‍ജി സിബിഐ പ്രത്യേക കോടതി തള്ളി. ഇരുവരും വിചാരണ നേരിടണം. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവും കോടതി തള്ളി.

ഇരുവര്‍ക്കുമെതിരെ ഗൂഢാലോചനക്കുറ്റമാണ് സിബിഐ ചുമത്തിയിരുന്നത്. ഷുക്കൂര്‍ കൊലപാതകത്തിലോ ഗൂഢാലോചനയിലേ നേരിട്ട് ബന്ധമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജയരാജനും രാജേഷും കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. വിടുതല്‍ ഹര്‍ജിയെ എതിര്‍ത്തു കൊണ്ട് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക അഡ്വ. മുഹമ്മദ് ഷാ മുഖേന കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. തളിപ്പറമ്പ് ആശുപത്രിയിലെ റൂം നമ്പര്‍ 315ല്‍ വച്ച് പി ജയരാജന്റെയും ടി വി രാജേഷിന്റെയും നേതൃത്വത്തില്‍ നടന്ന ഗൂഡലോചനയില്‍ പങ്കെടുത്ത 2 പേര്‍ ഷുക്കൂറിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും അത് സാധൂകരിക്കുന്ന കോള്‍ ഡാറ്റാ റെക്കോര്‍ഡുകളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും തെളിവായുണ്ടെന്നും ഗൂഢാലോചന നേരിട്ട് കണ്ട ദൃക്‌സാക്ഷികളുടെ മൊഴികള്‍ ഉണ്ടെന്നും അതിനാല്‍ വിടുതല്‍ ഹര്‍ജി തള്ളണമെന്നും അഡ്വ. മുഹമ്മദ് ഷാ സിബിഐ കോടതിയില്‍ വാദിച്ചിരുന്നു. ഇരുഭാഗം വാദം കേട്ട ശേഷമാണ് കേസില്‍ പി ജയരാജനും ടി വി രാജേഷും വിചാരണ നേരിടണമെന്ന് കണ്ടെത്തി ഇരുവരുടെയും വിടുതല്‍ ഹര്‍ജി സിബിഐ സ്പെഷ്യല്‍ കോടതി ജഡ്ജി പി ശബരിനാഥന്‍ തള്ളിയത്.

Also Read: അഡ്ജസ്റ്റ് ചെയ്താല്‍ ഭാവി സുരക്ഷിതമാകുമെന്ന് പറഞ്ഞു; ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ യുവതി

2012 ഫെബ്രുവരി 20 നാണ് എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം ഭാരവാഹിയായ അബ്ദുള്‍ ഷുക്കൂര്‍ (24) വെട്ടേറ്റ് കൊല്ലപ്പെടുന്നത്. പി ജയരാജന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലെറിഞ്ഞു എന്നാരോപിച്ച് കൊണ്ടായിരുന്നു 2012 ഫെബ്രുവരി 20ന് ഷുക്കൂറിനെ 30ഓളം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടങ്കലില്‍ വെച്ച് വിചാരണ ചെയ്ത് കൊലപ്പെടുത്തിയതായാണ് പ്രോസിക്യൂഷന്‍ കേസ്.

കേസില്‍ ഓഗസ്റ്റ് 1 ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 27 ന് ഹൈക്കോടതി ജയരാജന് ജാമ്യം നല്‍കി. 2016 ഫെബ്രുവരി 8 നാണ് കേസ് ഹൈക്കോടതി സിബിഐക്ക് വിടുന്നത്. 2019 ഫെബ്രുവരി 11 ന് പി ജയരാജന്‍, ടിവി രാജേഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ സിബിഐ തലശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

Top