മോദി നാരിശക്തിയെ കുറിച്ച് ചിന്തിക്കും മുന്‍പ് തന്നെ, അത് നടപ്പാക്കിയത് ഇടതുപക്ഷ കേരളമാണെന്ന് പി.ജയരാജന്‍

മോദി നാരിശക്തിയെ കുറിച്ച് ചിന്തിക്കും മുന്‍പ് തന്നെ, അത് നടപ്പാക്കിയത് ഇടതുപക്ഷ കേരളമാണെന്ന് പി.ജയരാജന്‍
മോദി നാരിശക്തിയെ കുറിച്ച് ചിന്തിക്കും മുന്‍പ് തന്നെ, അത് നടപ്പാക്കിയത് ഇടതുപക്ഷ കേരളമാണെന്ന് പി.ജയരാജന്‍

രേന്ദ്ര മോദി നാരീശക്തിയെ കുറിച്ച് ചിന്തിക്കുന്നതിനു മുന്‍പ് അത് നടപ്പാക്കിയ സംസ്ഥാനമാണ് ഇടതുപക്ഷ കേരളമെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍. മുസ്ലീംലീഗിനെ കോണ്‍ഗ്രസ്സ് അപമാനിച്ച പോലെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും അപമാനിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. വടകരയില്‍ ശൈലജ ടീച്ചറുടെ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

എക്‌സ്പ്രസ്സ് കേരളയ്ക്ക് നല്‍കിയ അഭിമുഖം കാണുക.

വടകര മണ്ഡലത്തിലെ ഇടതുപക്ഷത്തിന്റെ വിജയസാധ്യത എത്രത്തോളമാണ്?

വടകര മണ്ഡലത്തില്‍ മത്സരിക്കുന്ന എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി സഖാവ് കെ കെ ശൈലജ ടീച്ചര്‍ നല്ല ഭൂരിപക്ഷത്തോടുകൂടി വിജയിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കാരണം ടീച്ചര്‍ക്ക് ആരോഗ്യ മന്ത്രി എന്ന നിലയ്ക്കും ദീര്‍ഘകാലം എംഎല്‍എ ആയിട്ടുള്ളയാള്‍ എന്ന നിലക്കും വനിതാ നേതാവ് എന്ന നിലക്കും സമൂഹത്തില്‍ നല്ല അംഗീകാരം ഉണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പമാണ് നമ്മുടെ നാട് നില്‍ക്കേണ്ടത് എന്നുള്ള സന്ദേശം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കാളും കൂടുതല്‍ ജനങ്ങള്‍ അംഗീകരിക്കുന്ന ഒരു സാഹചര്യമാണ് ഈ പതിനെട്ടാമത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസരത്തില്‍ എവിടെയും ദൃശ്യമാകുന്നത്. അതനുസരിച്ച് ടീച്ചര്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കും.

വടകര മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യുന്ന പ്രധാനപ്പെട്ട വിഷയങ്ങള്‍ എന്തെല്ലാം?

പ്രധാനമായിട്ടും ഇത് ദേശീയ തിരഞ്ഞെടുപ്പാണ്. ദേശീയ തിരഞ്ഞെടുപ്പില്‍ ദേശീയ വിഷയങ്ങളാണ്. നമ്മുടെ ജനാധിപത്യവസ്ഥയെ അപകടപ്പെടുത്തുന്ന ബിജെപിയുടെ നയങ്ങള്‍ക്കെതിരായിട്ടുള്ള ചിന്തയാണ് ഈ തിരഞ്ഞെടുപ്പില്‍ മുഖ്യമായി ജനങ്ങള്‍ മതിക്കുന്നത്. ജനാധിപത്യത്തെ പണാധിപത്യമാക്കി മാറ്റാനുള്ള നീക്കമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ബിജിപി ഗവണ്‍മെന്റ് നടത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇലക്ടറല്‍ ബോണ്ട് നിയമമനുസരിച്ച് കോര്‍പ്പറേറ്റുകളില്‍ നിന്ന് വലിയ പണം ബിജെപിയും കോണ്‍ഗ്രസും അടക്കം സമ്പാദിച്ചത്. അത് ജനാധിപത്യ വ്യവസ്ഥയെ തകര്‍ക്കുന്ന നീക്കമാണ്. ഭീമമായ അഴിമതിയാണ്. അഴിമതിയെ നിയമവല്‍ക്കരിക്കാന്‍ വേണ്ടിയുള്ള നീക്കമാണ് ബിജെപി സര്‍ക്കാര്‍ നടത്തിയത്. അതിന് കൂട്ടുനില്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ബിജെപിയും കോണ്‍ഗ്രസും രണ്ടും വലതുപക്ഷ രാഷ്ട്രീയത്തെ പ്രധിനിധാനം ചെയ്യുന്നതാണ്. കോര്‍പ്പറേറ്റുകളുടെ വര്‍ഗ്ഗ താല്‍പര്യമാണ് അവര്‍ക്കുള്ളത്. സ്വാഭാവികമായിട്ടും ഇടതുപക്ഷം ഇതില്‍നിന്ന് വേറിട്ട് നില്‍ക്കുന്നു. ഇടതുപക്ഷത്തിന്റെ ജനകീയ രാഷ്ട്രീയത്തെ അംഗീകരിക്കണം എന്നാണ് ഈ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുന്നത്.

മുരളീധരനെ മാറ്റി ഷാഫി പറമ്പിലിനെ രംഗത്തിറക്കിയത് എന്തുകൊണ്ടാണെന്നാണ് സഖാവ് കരുതുന്നത്?

അതെല്ലാം കോണ്‍ഗ്രസിന്റെ കാര്യമാണ്. കൈപ്പത്തി ചിഹ്നത്തിലാണ് നേരത്തെ മത്സരിച്ച സ്ഥാനാര്‍ത്ഥിയും ഇപ്പോള്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയും വോട്ടര്‍മാരെ സമീപിച്ചത്. പക്ഷേ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വ്യത്യസ്തമായി കൈപ്പത്തിയോടുള്ള ആഭിമുഖ്യം വലിയതോതില്‍ കുറഞ്ഞിരിക്കുകയാണ്. കാരണം ജനങ്ങള്‍ക്ക് മുമ്പില്‍ തെറ്റായിട്ടുള്ള ഒരു പ്രതീതി നിര്‍മ്മാണത്തിനാണ് കോണ്‍ഗ്രസും ലീഗും പരിശ്രമിച്ചത്. അതായത് മോദിയുടെ അധികാര കസേരയില്‍ രാഹുല്‍ ഗാന്ധി കയറിയിരിക്കും എന്ന ഒരു തെറ്റായ പ്രതീതി നിര്‍മ്മിച്ചുകൊണ്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥി ജയിച്ചത്.

ഈ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കൈപ്പത്തിയും താമരയും തമ്മില്‍ വലിയ വ്യത്യാസമില്ല എന്ന തോന്നലിലേക്ക് ആളുകള്‍ എത്തിയിരിക്കുകയാണ്. എന്ന് മാത്രമല്ല കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 18 സീറ്റില്‍ നിന്ന് വിജയിച്ചു പോയിട്ടുള്ള യുഡിഎഫിന്റെ എംപിമാരെ കേരളത്തിന് വേണ്ടിയോ രാജ്യത്തിന്റെ ജനാധിപത്യത്തിനു വേണ്ടിയോ മതനിരപേക്ഷതയ്ക്ക് വേണ്ടിയോ വലുതായൊന്നും പരിശ്രമിച്ചില്ല. ഈ വിമര്‍ശനം ജനങ്ങളില്‍ നിന്ന് ഉയര്‍ന്നപ്പോള്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ കെപിസിസി പ്രസിഡണ്ട് സുധാകരന്‍ തന്നെ പറഞ്ഞത് ‘ഞങ്ങള്‍ അവിടെ പോയിട്ട് കിളക്കാണോ ?’ എന്നാണ്. ജനങ്ങളുടെ ന്യായമായ ചോദ്യങ്ങളോട് ഈ വിധം പ്രതികരിക്കുന്നതാണ് യുഡിഎഫിന്റെ എംപിമാര്‍ പൊതുവില്‍ സ്വീകരിക്കുന്ന സമീപനം. അതുകൊണ്ട് കേരളത്തിന്റെ താല്‍പര്യങ്ങളും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും താല്‍പര്യങ്ങളും ബലികഴിച്ചതാണ് കഴിഞ്ഞ തവണ തിരഞ്ഞെടുത്ത് പോയിട്ടുള്ള എംപിമാര്‍. ഇത്തവണ അതുകൊണ്ട് ഇടത്പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചുകൊണ്ട് പാര്‍ലമെന്റിനകത്ത് ജനാധിപത്യം മതനിരപേക്ഷത സര്‍വ്വോപരി ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി പോരാടുന്ന ജനപ്രതിനിധികളെ തിരഞ്ഞെടുക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഇടതുപക്ഷത്തിന്റെ പരാജയമുറപ്പാക്കാന്‍ ആര്‍എസ്എസ് വടകര, കണ്ണൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ടോ?

ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. സ്വഭാവികമായിട്ടും ആ മോദി കേരളത്തില്‍ വന്ന് പ്രഖ്യാപിച്ചത് കേരളത്തില്‍ രണ്ടക്ക സംഖ്യ ഞങ്ങള്‍ നേടുമെന്നാണ്. ഈ തിരഞ്ഞെടുപ്പില്‍ വമ്പിച്ച വോട്ടുകള്‍ നേടുമെന്ന് മാത്രമല്ല സീറ്റുകള്‍ നേടുമെന്ന് കൂടി പ്രഖ്യാപിച്ച പാര്‍ട്ടിയാണ് മോദിയുടെ പാര്‍ട്ടി. അവരുടെ ചിഹ്നത്തില്‍ തന്നെ ചെയ്താലല്ലേ അവരുടെ ശക്തി എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാനാവുക. വോട്ട് എണ്ണിയിട്ട് മാത്രമേ മറ്റുകാര്യങ്ങളെ സംബന്ധിച്ച് പറയാനാവൂ.

ശൈലജ ടീച്ചര്‍ വിജയിച്ചാല്‍ മട്ടന്നൂരില്‍ വീണ്ടും ഉപതിരഞ്ഞെടുപ്പ് ഉണ്ടാകും. അത് വെല്ലുവിളിയാകില്ലേ?

ശൈലജ ടീച്ചര്‍ വിജയിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സ്വഭാവികമായിട്ടും മട്ടന്നൂര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വരും മട്ടന്നൂര്‍ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഉരുക്ക് കോട്ടയാണ്. അവിടുത്തെ വിജയത്തെ സംബന്ധിച്ചിടത്തോളം യുഡിഎഫിന് പോലും സംശയം ഉണ്ടാവില്ല.

ഈ തിരഞ്ഞെടുപ്പില്‍ മതന്യൂനപക്ഷങ്ങളുടെ നിലപാട് ഇടതുപക്ഷത്തിന് അനുകൂലമാണോ ?

തീര്‍ച്ചയായിട്ടും. ഹിന്ദു ഭൂരിപക്ഷത്തിന്റെ കാര്യമാണല്ലോ ബിജെപി പറഞ്ഞുകൊണ്ടിരിക്കുന്നത്. അവിടെയാണല്ലോ ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ വിധി വന്നത്. ഏതാണ്ട് ബിജെപിക്കാരെ സംബന്ധിച്ചിടത്തോളം തലയില്‍ ഇടിത്തീ വീഴുന്ന സംഭവമാണുണ്ടായത്. കാരണം ഈ നാട്ടിലെ പാവപ്പെട്ട ഹിന്ദുക്കളെ ഹിന്ദുഐക്യം എന്നൊക്കെ പറഞ്ഞ് കബളിപ്പിച്ച് ഹിന്ദു സംസ്‌കാരത്തിന്റെ സംരക്ഷകരാണ് തങ്ങള്‍ എന്ന് അവകാശപ്പെട്ടുകൊണ്ട് ചെറുപ്പക്കാരെയൊക്കെ വഴിതെറ്റിക്കുന്ന ബിജെപിക്ക് വലിയ തിരിച്ചടിയാണ് സുപ്രീംകോടതി വിധിയിലൂടെ ഉണ്ടായത്. ഇടതുപക്ഷം നേരത്തെ ബിജെപിക്ക് എതിരായി ഉന്നയിച്ച വിമര്‍ശനം അതൊരു വര്‍ഗീയ പാര്‍ട്ടി എന്ന് മാത്രമല്ല വര്‍ഗീയ കോര്‍പ്പറേറ്റ് കൂട്ടുകെട്ട് ഭരണത്തിന്റെ പ്രധിനിധികളാണ് ബിജെപിക്കാര്‍. അവര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് കോര്‍പ്പറേറ്റുകളുടെ പണം വാങ്ങിയിട്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നു. എന്നിട്ട് നാട്ടുകാരോട് ഞങ്ങള്‍ ഹിന്ദുക്കളുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്ന് പറയുന്നു. കള്ളപ്പണക്കാരടക്കമുള്ള കോര്‍പ്പറേറ്റ് മൂലധന ശക്തികളുടെ പണം വാങ്ങി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കോര്‍പ്പറേറ്റുകളുടെ ദാസ്യപണിയെടുക്കുന്ന ഒരു പാര്‍ട്ടിയാണ് ബിജെപി. അതോടൊപ്പം കോണ്‍ഗ്രസ്സുമുണ്ട്. ഈ രണ്ടു വലതുപക്ഷ ശക്തികളെയും തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിചാരണ ചെയ്യും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അതുകൊണ്ട് ഇടതുപക്ഷം ജനപക്ഷ രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നത്. അതിനനുകൂലമായി ജനങ്ങള്‍ ചിന്തിക്കും, പ്രതികരിക്കും, വോട്ട് ചെയ്യുമെന്നാണ് ഞങ്ങള്‍ കണക്കാക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ ലീഗിന്റെ പതാക ഒഴിവാക്കിയതിനെ എങ്ങനെയാണ് വിലയിരുത്തുന്നത് ?

ഒന്നാമതായി കോണ്‍ഗ്രസ് എന്ന് പറയുന്ന പാര്‍ട്ടിക്ക് സ്വന്തമായി നിലപാടുകള്‍ ഇല്ലായെന്നതാണ് നേരത്തെയുള്ള അവസ്ഥ. നിലപാടില്ലാത്ത ഒരു പാര്‍ട്ടിയായി മാറിയിരിക്കുകയാണ്. ഉദാഹരണത്തിന് ഈ തിരഞ്ഞെടുപ്പില്‍ മുഖ്യമായ വിഷയമാണ് പൗരത്വ ഭേദഗതി നിയമം, അതിന്റെ തുടര്‍ നടപടികള്‍, അത് സംബന്ധിച്ച് കോണ്‍ഗ്രസിന്റെ പ്രകടനപത്രിയില്‍ മൗനമാണല്ലോ. രണ്ടായിരത്തിലധികം മുസ്ലിം യുവാക്കളെയാണ് എന്‍ഐഎ നിയമം ഉപയോഗിച്ച് രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലില്‍ അടച്ചിട്ടുള്ളത്. അതിമാരകമായ ഇത്തരം കരിനിയമങ്ങള്‍ ഉപയോഗിച്ച് മോദി ഗവണ്‍മെന്റ് എതിര്‍ക്കുന്നവരെ ജയിലിലടച്ചിട്ടുള്ള, അത്തരം നടപടികള്‍ക്കെതിരായിട്ട് എന്താണ് കോണ്‍ഗ്രസ് പറയുന്നത്. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഇതിനെല്ലാം മൗനമാണ്. അതേസമയം സിപിഎമ്മും സിപിഐയും അടക്കമുള്ള ഇടതുപക്ഷം ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച പ്രകടനപത്രിയില്‍ ഇവയൊക്കെ റദ്ദാക്കുമെന്ന് പറയുന്നു. കൃത്യമായിട്ട് നിലപാടുള്ള ഇടതുപക്ഷത്തിന് മാത്രമാണ്. പിന്നെ പതാകയുടെ കാര്യം പറഞ്ഞല്ലോ ? രാജ്യത്തിലെ മുസ്ലിം ലീഗിനെ ഇത്രമേല്‍ അപമാനിച്ച വേറൊരു പാര്‍ട്ടി രാജ്യത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. അത് കോണ്‍ഗ്രസ്സാണ്. 1960 ലെ തെരഞ്ഞെടുപ്പില്‍ലീഗിന്റെ വോട്ട് വേണം, പക്ഷേ അവര്‍ക്ക് മന്ത്രിസ്ഥാനമോ സ്പീക്കര്‍ സ്ഥാനമോ പോലും കൊടുക്കില്ല. ലീഗില്‍ നിന്ന് അംഗത്വം രാജിവച്ചാലാണ് സ്പീക്കര്‍ സ്ഥാനം കൊടുക്കുക എന്ന നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മുസ്ലിം ലീഗിന്റെ അവസ്ഥ എന്തായിരിക്കും എന്നാണ് തോന്നുന്നത്?

തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം വച്ചല്ലേ അത് പറയാന്‍പറ്റൂ. യുഡിഎഫ് രാഷ്ട്രീയം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. യുഡിഎഫിനകത്ത് ഐക്യത്തോടുകൂടി ഒരു നിലപാടില്ല. പൗരത്വ ഭേദഗതി നിയമം, എന്താണ് ലീഗിന്റെ നിലപാട്, എന്താണ് കോണ്‍ഗ്രസിന്റെ നിലപാട് നേരത്തെ പറഞ്ഞ കരിനിയമങ്ങളുടെ കാര്യത്തില്‍ എന്താണ് കോണ്‍ഗ്രസിന്റെ നിലപാട്, എന്താണ് ലീഗിന്റെ നിലപാട് ? അതേസമയം ഇടതുപക്ഷ ജനാധിപത്യമുന്നണിയെ സംബന്ധിച്ചിടത്തോളം ഓരോ വിഷയത്തിലും കൃത്യമായിട്ട് നിലപാടുണ്ട്, രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിന് ക്ഷണം കിട്ടിയപ്പോള്‍ അതിവേഗം ആര്‍ജ്ജവത്തോടെ കൂടിയുള്ള നിലപാട് ഇടതുപക്ഷം സ്വീകരിച്ചു. കോണ്‍ഗ്രസ് അങ്ങേയറ്റം സന്നിഗ്ധതയോടുകൂടിയുള്ള നിലപാടാണ് സ്വീകരിച്ചത്. പോകില്ല എന്ന് ഒടുവില്‍ തീരുമാനിച്ചതിനുശേഷവും ഹിമാചല്‍പ്രദേശിലെ മന്ത്രി കോണ്‍ഗ്രസിന്റെ മന്ത്രി വിക്രമാദിത്യ സിംഗ് പോയല്ലോ? നിലപാടില്ലാത്ത ഒരു പാര്‍ട്ടിയായിട്ട് കോണ്‍ഗ്രസ് മാറിയിരിക്കുന്നു. അതിനു ജനങ്ങള്‍ കര്‍ശനമായിട്ടുള്ള തക്കതായിട്ടുള്ള ശിക്ഷ കൊടുക്കും.

മോദി തന്നെ പറഞ്ഞിട്ടുണ്ട് അടുത്തത് കേരളമാണെന്ന്. ആ സ്വപ്നം നടക്കുമോ?

അത് മോദിക്ക് കേരളത്തെ കൃത്യമായി തിരിച്ചറിയാനായില്ല എന്നതുകൊണ്ടാണ്. കാരണം മോദി കേരളത്തില്‍ വരുന്നുണ്ട്. ഇനി കേരളമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുന്നണ്ട്. ഇവിടെ വന്ന് സ്ത്രീകളോട് മോദിയുടെ ഗ്യാരണ്ടി പറയുന്നു, നാരീശക്തിയെന്ന്. മോദി കേരളത്തെ ശരിയായി മനസ്സിലാക്കിയിട്ടുണ്ടോ ? കഴിഞ്ഞ 25 വര്‍ഷമായി സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായിട്ടുള്ള കുടുംബശ്രീ, ലോകത്തിലും ഇന്ത്യക്കും മാതൃകയായിട്ടുള്ള കുടുംബശ്രീ പ്രസ്ഥാനം, ഈ കേരളത്തില്‍ ആരാണ് അതിന് അടിത്തറയിട്ടത്? ഇടതുപക്ഷ പ്രസ്ഥാനമാണ്. 25 വര്‍ഷമായിട്ട് സ്ത്രീശാക്തീകരണം നടപ്പാക്കിയിട്ടുള്ള കേരളത്തില്‍ വന്നിട്ട് ഞാന്‍ ഇതാ വരുന്നു, എന്റെ പെട്ടിയില്‍ വെച്ചിട്ടുണ്ട് നാരീ ശക്തി എന്ന് പറയുമ്പോള്‍ കേരളത്തിലെ സ്ത്രീകളുടെ മോദിയോട് ചോദിക്കുകയാണ് 25 വര്‍ഷമായി ഇവിടെ നാരീ ശക്തിയുണ്ട്, കോവിഡ് കാലത്ത് സ്ത്രീകളെ പ്രത്യേകമായിട്ട് സഹായിച്ചിട്ടുണ്ട് കേരളത്തിലെ സര്‍ക്കാര്‍. അതുകൊണ്ട് ഇത്തരം ബഡായികള്‍ ഒന്നും കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ഇടയില്‍ വിലപോകാന്‍ പോകുന്ന പ്രശ്‌നമില്ല.

കേന്ദ്ര ഏജന്‍സികള്‍ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്താല്‍ അതിന്റെ പ്രത്യാഘാതം എന്തായിരിക്കും ?

കേന്ദ്ര ഗവണ്‍മെന്റും അതുപോലെയുള്ള അന്വേഷണം ഏജന്‍സികളും സിപിഎമ്മിനെതിരെ നടപടികള്‍ കൈക്കൊള്ളുന്നു. ഇതൊന്നും സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരു പുതിയ അനുഭവമല്ല. 1965 ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ നേതാക്കന്മാര്‍ ജയിലില്‍ കടന്നുവരുണ്ട്. കോണ്‍ഗ്രസ് ഗവണ്‍മെന്റ് അന്ന് സിപിഎം നേതാക്കന്മാരെ ജയിലില്‍ അടച്ചു. ജയിലില്‍ കിടന്നുകൊണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചിട്ടുള്ള പാര്‍ട്ടിയുടെ പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. ഓലപ്പാമ്പുകള്‍ കാട്ടി സിപിഎമ്മിനെ പോലെയുള്ള ഒരു പ്രസ്ഥാനത്തെ ഭയപ്പെടുത്താം എന്ന് കരുതുന്നത് അങ്ങേയറ്റം മൗഢ്യമാണ്.

അഭിമുഖത്തിൻ്റെ പൂർണ്ണരൂപം എക്സ്പ്രസ്സ് കേരള വീഡിയോയിൽ കാണുക

Top