തിരുവനന്തപുരം : പാര്‍ട്ടിയില്‍ തരംതാഴ്ത്തല്‍ നടപടി നേരിട്ട സി.പി.എം. നേതാവ് പി.കെ. ശശി കെ.ടി.ഡി.സി. ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചേക്കും. പാര്‍ട്ടി ആവശ്യപ്പെടുംമുമ്പ് സ്ഥാനം രാജിവെക്കാനാണ് നീക്കം. തരംതാഴ്ത്തിയ നടപടിക്കെതിരെ അപ്പീല്‍ നല്‍കിയേക്കും. പി കെ ശശിക്കെതിരെ സിപിഎം അന്വേഷണ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ ഗുരുതര കണ്ടെത്തലുകളാണുണ്ടായത്. പാ൪ട്ടി ഫണ്ടിൽ നിന്നും ലക്ഷങ്ങൾ ശശി തിരിമറി ചെയ്ത് സ്വന്തം അക്കൌണ്ടിലേക്ക് മാറ്റിയെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ.
മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മാണ ഫണ്ടില്‍ തിരിമറി നടത്തി, സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍നിന്ന് സ്വാധീനം ഉപയോഗിച്ച് സമാഹരിച്ച തുക ദുര്‍വിനിയോഗം നടത്തി എന്നീ പരാതികളാണ് പി.കെ. ശശിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ഉയര്‍ന്നത്. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ സഹകരണ സൊസൈറ്റിക്കു കീഴിലെ യൂനിവേഴ്‌സല്‍ കോളജിന് വേണ്ടി സഹകരണ ബാങ്കുകളില്‍നിന്ന് 5.49 കോടി രൂപയാണ് ഓഹരിയായി സമാഹരിച്ചതെന്നാണ് പരാതിക്കാരുടെ വാദം. ധനസമാഹരണം പാര്‍ട്ടി അറിഞ്ഞില്ലെന്നും ഇത് ദുര്‍വിനിയോഗം നടത്തിയെന്നുമുള്ള പരാതിയിലാണ് സി.പി.എം ജില്ല കമ്മിറ്റിയുടെ നടപടി.
അച്ചടക്ക നടപടിയുടെ പശ്ചാത്തലത്തില്‍ കെ.ടി.ഡി.സി. ചെയര്‍മാന്‍ സ്ഥാനമൊഴിയാന്‍കൂടി പാര്‍ട്ടി നിര്‍ദേശിച്ചേക്കുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ്, അതിന് മുമ്പുതന്നെ രാജിവെക്കാന്‍ ഒരുങ്ങുന്നത്. ജില്ലാ കമ്മിറ്റിയുടെ നടപടിക്കെതിരെ സംസ്ഥാന സമിതിയിലാണ് അപ്പീല്‍ നല്‍കുക. ചട്ടങ്ങള്‍ പാലിച്ചല്ല തനിക്കെതിരെ നടപടിയെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാകും അപ്പീൽ നൽകുക.
നേരത്തെ, ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ പീഡിപ്പിച്ചു എന്ന ആരോപണത്തിൽ പി.കെ. ശശിയെ പാർട്ടി ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. പി.കെ ശശി അപമര്യാദയായി പെരുമാറുന്നുവെന്നും എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് അപവാദ പ്രചാരണം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി. സംസ്ഥാന നേതൃത്വം പരാതി പരിഗണിക്കാതിരുന്നതോടെ യുവതി കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാൽ, ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്നും വാക്കാലുള്ള ‘തീവ്രത കുറഞ്ഞ’ പീഡനമാണ് നടന്നെതെന്നുമായിരുന്നു പരാതി അന്വേഷിച്ച കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ കെ ബാലൻ, പി കെ ശ്രീമതി എന്നിവരുടെ കണ്ടെത്തൽ.