CMDRF

പാർട്ടി പ്രവർത്തകർക്ക് വേണ്ടി സംസാരിക്കാൻ അൻവറിനെ ചുമതലപ്പെടുത്തിയിട്ടില്ല: പി.മോഹനൻ

സർക്കാരിലുള്ള വിശ്വാസം തകർക്കാൻ കുറേ കാലമായി ഗൂഢാലോചന നടക്കുന്നു

പാർട്ടി പ്രവർത്തകർക്ക് വേണ്ടി സംസാരിക്കാൻ അൻവറിനെ ചുമതലപ്പെടുത്തിയിട്ടില്ല: പി.മോഹനൻ
പാർട്ടി പ്രവർത്തകർക്ക് വേണ്ടി സംസാരിക്കാൻ അൻവറിനെ ചുമതലപ്പെടുത്തിയിട്ടില്ല: പി.മോഹനൻ

കോഴിക്കോട്: പി.വി.അൻവർ ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ. . അകലെ നിന്ന് കാണുന്ന കാഴ്ചക്കാരൻ മാത്രമാണ്. പാർട്ടി പ്രവർത്തകർക്ക് വേണ്ടി സംസാരിക്കാൻ അൻവറിനെ ചുമതലപ്പെടുത്തിയിട്ടില്ല. അൻവറിന് ഈ പാർട്ടിയെപ്പറ്റി എന്തറിയാം. ഏതെങ്കിലും ഒരു പാർട്ടി യോഗത്തിൽ അൻവർ പങ്കെടുത്തിട്ടുണ്ടോ. എന്നിട്ട് ഞങ്ങളെ ഉപദേശിക്കാൻ ശ്രമിക്കുകയാണ്. പി.വി.അൻവറിനെതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ
മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.വി.അൻവർ പിച്ചും പേയും വിളിച്ചു പറയുകയാണെന്ന് പി.മോഹനൻ പറഞ്ഞു. അദ്ദേഹത്തെ നല്ല വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ചിലരുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി, റിയാസിന് വേണ്ടിയാണെന്നാണ് പറയുന്നത്. മുഹമ്മദ് റിയാസ് മന്ത്രിയായത് ഓട്പൊളിച്ചു വന്നിട്ടല്ല. പിണറായി വിജയന്റെ മകളെ വിവാഹം ചെയ്തതുകൊണ്ട് രാഷ്ട്രീയത്തിലേക്ക് വന്ന ആളല്ല റിയാസ്. പ്രവർത്തന അനുഭവമുള്ള യുവനേതാവാണ്. വിദ്യാർഥി പ്രസ്ഥാനത്തിൽ സമരം നയിച്ച് വളർന്നു വന്ന ആളാണ് റിയാസ്. കോഴിക്കോട് കോർപ്പറേഷൻ വാർഡിലേക്കും പാർലമന്റിലേക്കും മത്സരിച്ചിട്ടുണ്ട്. ഇതെല്ലാം പിണറായിയുടെ മകളെ വിവാഹം കഴിച്ചതിന് ശേഷമാണോ. റിയാസ് എവിടെ കിടക്കുന്നു അൻവർ എവിടെ കിടക്കുന്നു.

അച്ചാരം വാങ്ങി പുറപ്പെട്ടതാണ് അൻവർ. അങ്ങനെ അച്ചാരം വാങ്ങി പുറപ്പെട്ടവരുടെ അനുഭവം എന്താണെന്ന് ഉറങ്ങാൻ കിടക്കുമ്പോളെങ്കിലും ഓർത്താൽ നല്ലത്. ചിലപ്പൊൾ വീണ്ടുവിചാരം ഉണ്ടാകും. അങ്ങനെ പുറപ്പെട്ട പി.സി.ജോർജ് ഇപ്പോൾ തെക്ക് വടക്ക് നടക്കുന്നു. നിലമ്പൂരിലെ തെരുവിലൂടെ അൻവറും അങ്ങോട്ടും ഇങ്ങോട്ടും നടക്കും.

വർഗീയ, രാഷ്ട്രീയ ശക്തികളുടെ പിൻബലത്തിലാണ് അൻവർ ഉറഞ്ഞുതുള്ളുന്നത്. സിപിഎമ്മിന്റെ രോമത്തിന് പോലും പോറൽ ഏൽപ്പിക്കാൻ സാധിക്കില്ല. മുമ്പും ഇത്തരം ആരോപണങ്ങൾ ഉണ്ടായെങ്കിലും ജനം തള്ളിക്കളിഞ്ഞു. ജനം ജീവിതാനുഭത്തിന്റെ വെളിച്ചത്തിൽ അവരുടെ മനസ്സിൽ ചെങ്കൊടി പ്രസ്ഥാനത്തെ പ്രതിഷ്ഠിച്ച കാലത്തോളം ഒന്നും ചെയ്യാൻ സാധിക്കില്ല.

സർക്കാരിലുള്ള വിശ്വാസം തകർക്കാൻ കുറേ കാലമായി ഗൂഢാലോചന നടക്കുന്നു. അത്തരം പരിശ്രമങ്ങളെല്ലാം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞതാണ്. ഏതുവിധേനെയും മുഖ്യമന്ത്രിയേയും കുടുംബത്തേയും ആക്രമിക്കുകയാണ് ലക്ഷ്യം. കമ്യൂണിസ്റ്റ് സർക്കാരിനെ തകർക്കുക എന്നത് ലോകത്തെ സകല പിന്തിരിപ്പൻമാരുടേയും പ്രഖ്യാപിത ലക്ഷ്യമാണെന്നും മോഹനൻ പറഞ്ഞു.

Top