സിനിമ നയം രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചതായി പി രാജീവ്

സിനിമ നയം രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചതായി പി രാജീവ്
സിനിമ നയം രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചതായി പി രാജീവ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്ന പശ്ചാത്തലത്തിൽ സിനിമ നയം രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി പി രാജീവ്. ഷാജി എൻ കരുണിൻ്റെ നേതൃത്വത്തിൽ ആശയവിനിമയം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. സിനിമാലോകത്തെ നിഗൂഢതകൾ മാറ്റാൻ സർക്കാർ ഇടപെടുമെന്നും മലയാള സിനിമയ്ക്ക് ഭൂഷണമല്ലാത്ത പല പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും അതിന്റെ അടിവേര് അറുക്കാനുള്ള സമരമാണ് സിനിമയിലെ വനിതകൾ നടത്തുന്നതെന്നും പി രാജീവ് പറഞ്ഞു. അതിന് പൂർണ്ണ പിന്തുണ സർക്കാർ നൽകുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി. ജസ്റ്റിസ് ഹേമ തന്നെ സ്വകാര്യത മാനിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു അത് കൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടാൻ വൈകിയതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടിലെ മൊഴികളികളുടെ അടിസ്ഥാനത്തിൽ നിയമനടപടികൾ സ്വീകരിക്കുന്നതിൽ ചർച്ച നടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31നായിരുന്നു സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ന് പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമാ ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള പല കാര്യങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

2017 ജൂലൈയിലാണ് സിനിമയിലെ സ്ത്രീ വിവേചനങ്ങള്‍ സംബന്ധിച്ച് പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്‍ഡ്) അധ്യക്ഷയായി മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്‍ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഇത്തരത്തിലുള്ള ഒരു കമ്മീഷന്‍ രൂപീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യമായായിരുന്നു.

Top