തിരുവനന്തപുരം: മലയാള സിനിമ മേഖലയിൽ സമഗ്ര വനിതാനയം ഉണ്ടാക്കിയെടുക്കാനുള്ള നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷയുള്ളതായി സംസ്ഥാന വനിത കമീഷൻ അധ്യക്ഷ അഡ്വ പി സതീദേവി. മറ്റ് ഭാഷകളിലെ സിനിമാലോകം ഇക്കാര്യത്തിൽ നമ്മളെ ഉറ്റുനോക്കുകയാണ്.
വനിത കമീഷൻ സംഘടിപ്പിച്ച സംസ്ഥാന സെമിനാർ, ‘തൊഴിലിടത്തിലെ സ്ത്രീ’ കോഴിക്കോട് ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അധ്യക്ഷ.ജസ്റ്റിസ് ഹേമ കമീഷൻ റിപ്പോർട്ടിന്മേൽ നടപടിയെടുക്കാൻ സർക്കാരിന് നിർദേശം നൽകണമെന്ന പൊതുതാൽപര്യഹർജിയിൽ ഹൈക്കോടതി വനിത കമീഷനെയും കക്ഷി ചേർത്തിട്ടുണ്ട്.
ഒരു സമഗ്ര വനിതാനയം നമ്മുടെ സിനിമ മേഖലയിൽ ഉണ്ടാക്കിയെടുക്കാനുള്ള നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്ന് സതീദേവി പറഞ്ഞു. 28 വർഷമായി വിവിധ മേഖലകളിലുള്ള സ്ത്രീകളുടെ തുല്യപദവിക്ക് വേണ്ടിയും ശാക്തീകരണത്തിന് വേണ്ടിയും പ്രവർത്തിച്ചുവരികയാണ് സംസ്ഥാന വനിത കമീഷൻ.
28 വർഷം മുമ്പ് ഉണ്ടായിരുന്ന സ്ത്രീയുടെ പദവി ഇന്നുള്ള പദവിയോട് താരതമ്യപ്പെടുത്തിയാൽ ഈ മാറ്റം മനസിലാകും. ആ പരിശോധന നടത്തേണ്ട സാഹചര്യത്തിലാണ് നാം ഇന്നുള്ളത്. സിനിമ എന്ന കലയുടെ ഉള്ളടക്കത്തെ സ്ത്രീവിരുദ്ധത കീഴ്പ്പെടുത്തുന്നുണ്ടോ എന്ന ചർച്ചകൾ ഉയരുന്നു.
പ്രശസ്ത നടി അതിക്രൂരമായ അതിക്രമത്തിന് ഇരയായപ്പോൾ, അതിന് പിന്നിൽ പ്രമുഖർ ഉണ്ടെന്ന് വാർത്ത വന്നപ്പോൾ സംസ്ഥാന ആഭ്യന്തര വകുപ്പ് ഉടനടി അന്വേഷണം നടത്തി. പ്രമുഖ നടൻ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. ആ ഘട്ടത്തിലാണ് ചില കലാകാരികൾ നിർഭയം മുന്നോട്ടുവന്ന് വിമൻ ഇൻ സിനിമ കലക്ടീവ് എന്ന സംഘടന രൂപീകരിക്കുന്നത്.
സിനിമ എന്ന തൊഴിലിടത്തിൽ സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സൗകര്യമൊരുക്കണമെന്ന കലക്ടീവിന്റെ ആവശ്യത്തിൻമേലാണ് സർക്കാർ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ വെച്ചത്, സതീദേവി ചൂണ്ടിക്കാട്ടി.