ന്യൂഡൽഹി: പദ്‌മ പുരസ്കാര ജേതാക്കളായ 70 ഡോക്ടർമാരാണ് ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയാൻ പ്രത്യേക നിയമം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്. കൊൽക്കത്ത സംഭവത്തെ തുടർന്നാണ് തീരുമാനം. വാക്കാലോ ശാരീരികമോ ആയ ആക്രമണം നടത്തുന്നവർക്ക് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കാൻ കേന്ദ്രം ഓർഡിനൻസ് കൊണ്ടുവരണം തുടങ്ങി വിവിധ ആവശ്യങ്ങളാണ് കത്തിൽ ഉന്നയിച്ചത്.
ഐ.സി.എം.ആർ. മുൻ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ്, ഡൽഹി എയിംസ് മുൻ ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസ് ഡയറക്ടർ ഡോ. എസ്.കെ. സരിൻ എന്നിവരുൾപ്പെടെയുള്ളവരാണ് കത്തയച്ചത്.
അതേസമയം, വനിതാഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ കൊൽക്കത്തയിൽ പ്രതിഷേധത്തിന് അയവില്ല. പ്രതിഷേധത്തെ തടയാൻ പൊലീസും രംഗത്തുണ്ട്. ആർ.ജി. കർ ആശുപത്രി പരിസരത്തിനുപുറമേ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിന്റെ പരിസരത്തും നിരോധനാജ്ഞയുണ്ട്.കൊല്ലപ്പെട്ട ഡോക്ടർക്ക്നീതി ലഭ്യമാക്കണമെന്നാവശ്യമുന്നയിച്ച് ജൂനിയർ ഡോക്ടേഴ്സ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ ഞായറാഴ്ച കൂറ്റൻറാലി നടന്നു. വിദ്യാർഥികളും നാട്ടുകാരും കനത്തമഴയെ അവഗണിച്ച് റാലിയിൽ അണിനിരന്നു. വൈകീട്ട് സിനിമാപ്രവർത്തകരുടെ നേതൃത്വത്തിലും പ്രതിഷേധറാലി നടന്നു. കൂടാതെ ഇടതുമുന്നണിയും കോൺഗ്രസും സംയുക്തമായി വിശാലമായ പ്രതിഷേധപ്രകടനം നടത്തി. സംഭവത്തിൽ പ്രതിഷേധിച്ച് ഉത്തർ പാഡ ശക്തി സംഘ എന്ന ദുർഗാപൂജക്കമ്മിറ്റി സർക്കാർ സഹായമായ 85,000 രൂപ വേണ്ടെന്നുവെക്കുമെന്ന് അറിയിച്ചു.