അഞ്ച് പതിറ്റാണ്ടിനു ശേഷംബം​ഗ്ലാദേശിൽ നങ്കൂരമിട്ട് പാകിസ്ഥാൻ ചരക്ക് കപ്പൽ; ഇന്ത്യയിൽ ജാഗ്രത

ബം​ഗ്ലാദേശ് വിമോചന യുദ്ധത്തിനുശേഷം മോശമായ ബന്ധം ഇരുരാജ്യങ്ങളും പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്

അഞ്ച് പതിറ്റാണ്ടിനു ശേഷംബം​ഗ്ലാദേശിൽ നങ്കൂരമിട്ട് പാകിസ്ഥാൻ ചരക്ക് കപ്പൽ; ഇന്ത്യയിൽ ജാഗ്രത
അഞ്ച് പതിറ്റാണ്ടിനു ശേഷംബം​ഗ്ലാദേശിൽ നങ്കൂരമിട്ട് പാകിസ്ഥാൻ ചരക്ക് കപ്പൽ; ഇന്ത്യയിൽ ജാഗ്രത

ധാക്ക: അഞ്ച് പതിറ്റാണ്ടിനുശേഷമാണ് പാകിസ്ഥാനിൽ നിന്നുള്ള ചരക്ക് കപ്പൽ കഴിഞ്ഞ ആഴ്ച ബം​ഗ്ലാദേശിലെ ചിറ്റ​ഗോങ് തുറമുഖത്ത് നങ്കൂരമിട്ടത്. പാനമയുടെ പതാകവെച്ച യുവാൻ സിയാങ് ഫാ സാൻ എന്ന 182 മീറ്റർ നീളമുള്ള കപ്പലാണ് ചിറ്റ​ഗോങിൽ എത്തിയത്. നവംബർ 11-ന് ചിറ്റ​ഗോങിൽനിന്ന് പുറപ്പെടുന്നതിനുമുൻപ് ചരക്ക് ഇറക്കിയതായി തുറമുഖത്തെ ഉന്നത ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ടു ചെയ്തു.

പാകിസ്ഥാൻ, യു.എ.ഇ എന്നിവിടങ്ങളിൽനിന്നും വസ്ത്രവ്യാപാരത്തിനുള്ള അസംസ്കൃത വസ്തുക്കളും ഭക്ഷ്യവസ്തുക്കളുമായാണ് ബം​ഗ്ലാദേശിലേക്ക് കപ്പൽ എത്തിയത്. മുമ്പ്, പാകിസ്ഥാനിൽനിന്നുള്ള സാധനങ്ങൾ ബം​ഗ്ലാദേശിലേക്ക് കൊണ്ടുവന്നിരുന്നത് ഫീഡർ വെസലുകൾ വഴിയായിരുന്നു. ശ്രീലങ്ക, മലേഷ്യ, സിങ്കപ്പുർ എന്നിവിടങ്ങളിൽ എത്തിച്ച ശേഷം ഫീഡർ വെസലുകളിലേക്ക് ചരക്ക് മാറ്റാറാണ് പതിവ്.

Also Read: ഗാസയിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ അടങ്ങിയ ലോറികൾ കൊള്ളയടിച്ചു

സെപ്റ്റംബറിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല ഭരണകൂടം ബം​ഗ്ലാദേശിൽ അധികാരത്തിൽ വന്നതിനുശേഷം പാക് ഉൽപന്നങ്ങളുടെ ഇറക്കുമതിയിലുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചിരുന്നു. പാകിസ്ഥാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലേക്കുള്ള ചുവടുവെപ്പായാണ് നേരിട്ടുള്ള സമു​ദ്ര ബന്ധത്തെ കണക്കാക്കുന്നത്. 1971-ലെ ബം​ഗ്ലാദേശ് വിമോചന യുദ്ധത്തിനുശേഷം മോശമായ ബന്ധം ഇരുരാജ്യങ്ങളും പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

ഇതോടെ ഇന്ത്യൻ സുരക്ഷാ കേന്ദ്രങ്ങളും ജാ​ഗ്രതയിലാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വർധിപ്പിക്കുന്നതിന് നേരിട്ടുള്ള ഷിപ്പിങ് റൂട്ട് പ്രധാന ചുവടുവെപ്പാണെന്ന ധാക്കയിലെ പാക് പ്രതിനിധി സയിദ് അഹമ്മദ് മറൂഫിന്റെ പോസ്റ്റിനു ശേഷം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്.

Top