ഏറെ നാളത്തെ കാത്തിരിപ്പാണ്, ഈ നിമിഷത്തിനായി. ഒടുവിൽ അത് സംഭവിച്ചു. 1338 ദിവസങ്ങള്‍ക്കിപ്പുറം സ്വന്തം മണ്ണില്‍ ടെസ്റ്റ് വിജയം എറിഞ്ഞെടുത്ത് പാക്കിസ്ഥാന്‍. ഇംഗ്ലണ്ടിനെ 152 റണ്‍സിനാണ് പാക്കിസ്ഥാന്‍ കീഴടക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി. 2021-ലാണ് പാകിസ്ഥാന്‍ സ്വന്തം മണ്ണില്‍ അവസാനമായി ടെസ്റ്റ് വിജയം രുചിച്ചത്. 297 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 144 റണ്‍സിന് ആതിഥേയര്‍ പുറത്താക്കി.
നൊമാന്‍ അലിയുടേയും സാജിദ് ഖാന്റേയും ബൗളിങ് മികവാണ് പാകിസ്താന് വിജയം സമ്മാനിച്ചത്. രണ്ടാമിന്നിങ്‌സില്‍ 16 ഓവറില്‍ 48 റണ്‍സ് മാത്രം വഴങ്ങി നൊമാന്‍ എട്ട് ഇംഗ്ലീഷ് ബാറ്റര്‍മാരെയാണ് പുറത്താക്കിയത്. ആദ്യ ഇന്നിങ്‌സില്‍ നൊമാന്‍ മൂന്ന് വിക്കറ്റെടുത്തിരുന്നു. രണ്ടിന്നിങ്‌സുകളിലുമായി ഒമ്പത് വിക്കറ്റുകളാണ് സാജിദ് ഖാന്‍ വീഴ്ത്തിയത്. കളിയിലെ താരവും സാജിദ് ഖാനാണ്. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ യുവതാരം കമ്രാന്‍ ഗുലാമിന്റെ പാകിസ്ഥാന്റെ വിജയ വഴിയിൽ നിര്‍ണായകമായി.
Also Read: പന്തിന്‍റെ പരിക്ക് ഗുരുതരമോ! ഋഷഭ് ഫിറ്റല്ലെങ്കിൽ പിന്നെ ഇനി ആര്?
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന്‍ ഇന്നിങ്‌സിനും 47 റണ്‍സിനും തോറ്റിരുന്നു. ഇതിന് പിന്നാലെ ടീം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ബാബര്‍ അസം, ഷഹീന്‍ ഷാ അഫ്രീദി, സര്‍ഫറാസ് അഹമ്മദ് തുടങ്ങിയ താരങ്ങളെ മാറ്റിയാണ് രണ്ടാം ടെസ്റ്റിനുള്ള ടീം പ്രഖ്യാപിച്ചത്. ആ നീക്കം തെറ്റിയില്ല. കമ്രാന്‍ ഗുലാമിന്റെ സെഞ്ചുറി മികവിൽ ആദ്യ ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ 366 റണ്‍സാണ് അടിച്ചെടുത്തത്. 77 റണ്‍സുമായി സയിം അയ്യൂബും 41 റണ്‍സോടെ മുഹമ്മദ് റിസ്‌വാനും കമ്രാന് പിന്തുണ നല്‍കി. ജാക്ക് ലീച്ച് നാലും ബ്രൈഡന്‍ കാഴ്‌സ് മൂന്നും വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 291 റണ്‍സിന് അവസാനിച്ചു. സെഞ്ചുറി നേടിയ ബെന്‍ ഡെക്കറ്റിനൊഴികെ മറ്റാര്‍ക്കും ഇംഗ്ലീഷ് നിരയില്‍ തിളങ്ങാനായില്ല. സാജിദിന്റേയും നൊമാന്റേയും ബൗളിങ്ങിന് മുന്നില്‍ ഇംഗ്ലണ്ടിന് അടി പതറുകയായിരുന്നു. ഇതോടെ പാകിസ്ഥാന്‍ 75 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ സല്‍മാന്‍ അലി ആഗയുടെ ബാറ്റിങ് കരുത്തില്‍ പാകിസ്ഥാന്‍ 221 റണ്‍സ് അടിച്ചു. മറ്റുള്ളവരെല്ലാം നിലയുറപ്പിക്കാന്‍ പരാജയപ്പെട്ടപ്പോള്‍ സല്‍മാന്‍ 89 പന്തില്‍ 63 റണ്‍സ് അടിച്ചെടുത്തു. നാല് വിക്കറ്റെടുത്ത ഷുഐബ് ബഷീറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജാക്ക് ലീച്ചുമാണ് ഇംഗ്ലണ്ടിനായി മികച്ച ബൗളിങ് കാഴ്ച്ചവെച്ചത്.