പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ ഭീകരാക്രമണ പരമ്പരയില്‍ അറുപതിലേറെ സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. പഞ്ചാബ് പ്രവിശ്യയില്‍ നിന്നുവന്ന വാഹനങ്ങള്‍ ദേശീയപാതയില്‍ തടഞ്ഞ്, യാത്രക്കാരുടെ രേഖകള്‍ പരിശോധിച്ച ശേഷമാണ് പഞ്ചാബികളായ ആളുകള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. ബലൂച് ലിബറേഷന്‍ ആര്‍മി ഇതുവരെയും നടത്തിയ ഭീകരാക്രമണ പരമ്പരയിലെ ഏറ്റവും രക്തരൂക്ഷിതമായ ആക്രമണമായിരുന്നു ഇത്. പാക്കിസ്ഥാനിലെ വംശീയ ബലൂച് പ്രദേശങ്ങളില്‍ സുരക്ഷാ സേനയെയും സാധാരണക്കാരെയും ലക്ഷ്യമിടുന്ന ഒരു സായുധ വിഘടനവാദി ഗ്രൂപ്പാണ് ബിഎല്‍എ. പൊലീസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും സംഘം അക്രമം അഴിച്ചുവിട്ടു. ബലൂച് മേഖലയില്‍ ഇത്തരം ആക്രമണങ്ങള്‍ പതിവ് വാര്‍ത്തയാണ്. കഴിഞ്ഞ വര്‍ഷം മാത്രം നടന്ന 170 ഭീകരാക്രമണങ്ങളില്‍ 151 തദ്ദേശീയര്‍ക്കും 114 സുരക്ഷാ ജീവനക്കാര്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. ”ഓപ്പറേഷന്‍ ഹെറോഫ്’ എന്ന ദൗത്യത്തില്‍ 102 പേരെ വധിച്ചെന്ന് ബി.എല്‍.എ അവകാശപ്പെടുമ്പോഴും പാക് പട്ടാളക്യാമ്പുകള്‍ അടക്കം തകര്‍ത്ത അക്രമസംഭവത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ മൗനം തുടരുകയാണ്.
ബലൂചിസ്ഥാനിലെ അരക്ഷിതാവസ്ഥയ്ക്ക് പിന്നില്‍
ചൈനയുടെ നിയന്ത്രണത്തിലുള്ള ഗ്വാദര്‍ തുറമുഖത്തിന് പുറമേ സ്വര്‍ണഖനനമുള്ള പ്രദേശമാണ് ബലൂചിസ്ഥാന്‍. എണ്ണ, സ്വര്‍ണം, ചെമ്പ് ഉള്‍പ്പെടെയുള്ളവയാല്‍ സമ്പുഷ്ടമായ പ്രദേശമായ ബലൂചിസ്ഥാന്‍ തന്നെയാണ് പാകിസ്ഥാനിലെ ഏറ്റവും ദരിദ്രമേഖലകളില്‍ ആദ്യത്തേതും. പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ബലൂചിസ്ഥാന്‍ ജനങ്ങളോടുള്ള അവഗണനയാണ് ഈ അവസ്ഥയ്ക്ക് പിന്നില്‍. ഏകദേശം 15 ദശലക്ഷം ആളുകള്‍ വസിക്കുന്ന തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയുടെ വിഭജനം ആവശ്യപ്പെട്ട് ബലൂചിസ്ഥാനില്‍ ദശാബ്ദങ്ങള്‍ നീണ്ട ആക്രമണങ്ങളാണ് ബിഎല്‍എ നടത്തുന്നത്. പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ബെല്‍റ്റ് ആന്‍ഡ് റോഡ് സംരംഭത്തിന്റെ ഭാഗമായ ചൈന, പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയിലെ (സിപിഇസി) ഒരു പ്രധാന ഇടം കൂടിയാണ് ബലൂചിസ്ഥാന്‍.
ആരാണ് ബിഎല്‍എ?
ഗ്രേറ്റര്‍ ബലൂചിസ്ഥാന്‍ സംസ്ഥാനം സ്ഥാപിക്കുക എന്നതാണ് ബിഎല്‍എയുടെ ലക്ഷ്യം. പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ബലൂചിസ്ഥാന്‍ ജനങ്ങളോടുള്ള അവഗണനയാണ് വിഘടനവാദ സംഘടനകളുടെ പ്രധാന ആയുധം. മേഖലയിലെ വിഭവങ്ങള്‍ പാകിസ്ഥാന്‍ ചൂഷണം ചെയ്യുന്നതിനെതിരെയും ജോലിയുടെയും മനുഷ്യാവകാശങ്ങളുടെയും കാര്യത്തില്‍ പ്രദേശത്തെ ആളുകളോട് കാണിക്കുന്ന നിസ്സംഗ മനോഭാവത്തിനെതിരെയുമാണ് തങ്ങളുടെ പോരാട്ടമെന്നാണ് ബിഎല്‍എ അവകാശപ്പെടുന്നത്. എന്നാല്‍ അതിനായി അവര്‍ കുരുതി കൊടുക്കുന്നതും ഇതേ സാധാരണക്കാരുടെ ജീവനും ജീവിതവുമാണ്. ബലൂചിസ്ഥാനില്‍ പ്രവിശ്യയ്ക്കു പുറത്തുള്ളവര്‍ സുരക്ഷിതരല്ലെന്ന സന്ദേശമാണ് ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ചശേഷം പഞ്ചാബി പ്രവിശ്യയിലുള്ളവരെ മാത്രം തേടിപ്പിച്ചുകൊന്നതിന് പിന്നിലും.
യുഎസും യുകെയും ഉള്‍പ്പെടെ നിരവധി പാശ്ചാത്യ രാജ്യങ്ങള്‍ ബിഎല്‍എയെ ആഗോള തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ചിട്ടുണ്ട്. 2006 ലാണ് പാകിസ്ഥാന്‍ ബിഎല്‍എയെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നത്. ബലൂച് സ്വാതന്ത്ര്യ സമരത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ തീവ്രവാദി സംഘമാണ് ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ). മാരി, ബുഗ്തി, മെംഗല്‍, സര്‍ദാര്‍ എന്നിവരുടെ വംശജരായ സായുധ പോരാളികളുടെ പാരമ്പര്യത്തില്‍ വേരൂന്നിയതാണ് ബിഎല്‍എയുടെ ഉത്ഭവം. സോവിയറ്റ് യൂണിയനും മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രവും ബിഎല്‍എയില്‍ വലിയ സ്വാധീനം ചെലുത്തിയതായാണ് ചരിത്രം പറയുന്നത്.
2018 ല്‍ ബിഎല്‍എയുടെ നേതാവായിരുന്ന അസ്ലം ബലോച്ച് 2018 ല്‍ കാണ്ഡഹാറിലെ ഐനോ മിനയില്‍ ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗ്രൂപ്പിന്റെ നേതൃത്വം അനിശ്ചിതത്വത്തിലായിരുന്നു. ബഷീര്‍ സെബാണ് നിലവില്‍ ബിഎല്‍എയെ നയിക്കുന്നത്. പാകിസ്ഥാന്‍ പ്രവിശ്യയിലുടനീളവും അഫ്ഗാനിസ്ഥാന്റെ സമീപ പ്രദേശങ്ങളിലുമായി ആറായിരത്തോളം അംഗങ്ങളാണ് തീവ്രവാദി ഗ്രൂപ്പിനുള്ളത്. ബലൂച് വിഘടനവാദി നേതാവായിരുന്ന നവാബ് അക്ബര്‍ ഖാന്‍ ബുട്ടി സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ 18-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ആക്രമണങ്ങള്‍.
ബലൂചിസ്ഥാനിലെ വിമതനീക്കങ്ങളെ അമര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന്‍ സൈന്യം നിരപരാധികളെ നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോവുകയും വെടിവെച്ചുകൊല്ലുകയും ചെയ്യുന്നത് പതിവായിരുന്നു. ഇതിനെതിരെ ജനുവരിയില്‍ ബലൂച് ജനത ഇസ്ലാമബാദില്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ബലൂച് യക്ജഹ്തി കമ്മിറ്റി എന്ന സംഘടനയായിരുന്നു ഈ പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. പാക്കിസ്ഥാനില്‍ അരങ്ങേറിയ നിരവധി ആക്രമണങ്ങള്‍ക്ക് പിന്നിലും ഈ സംഘം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആക്രമണത്തിന്റെ നാള്‍ വഴികള്‍…
2024 ഏപ്രിലില്‍ ബലൂചിസ്ഥാനില്‍ ഒരു ബസിലെ ഒമ്പത് യാത്രക്കാരില്‍ നിന്ന് ഐഡി പരിശോധിച്ച ശേഷം നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തി. ഈ വര്‍ഷം പാകിസ്ഥാനിലെ ഏറ്റവും വലിയ നാവിക വ്യോമസേനാ താവളമായ ഗ്വാദര്‍ തുറമുഖ നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ സംഘം ആക്രമണം നടത്തി, തന്ത്രപ്രധാനമായ നഗരമായ മാച്ചിനെ മറികടക്കാന്‍ ശ്രമിച്ചു. 2023 ല്‍ ഗ്വാദറില്‍ ജോലി ചെയ്യുന്ന ചൈനീസ് എഞ്ചിനീയര്‍മാരെ ആക്രമിച്ചു. 2020 ജൂണില്‍, പാകിസ്ഥാന്റെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നാല് ബിഎല്‍എ തീവ്രവാദികള്‍ അതിക്രമിച്ച് കടന്ന് മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെയും ഒരു പോലീസ് ഉദ്യോഗസ്ഥനെയും വെടിവെച്ചു കൊലപ്പെടുത്തി.
2019 ല്‍, ബിസിനസ്സ് യാത്രക്കാര്‍ക്കിടയില്‍ പ്രശസ്തമായ ഗ്വാദറിലെ ഒരു ഹോട്ടലില്‍ ആക്രമണം നടത്തി. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം, പാകിസ്ഥാനില്‍ അക്രമ സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. വിഘടനവാദ തീവ്രവാദ സംഘടനകളുടെ റിക്രൂട്ട്മെന്റും കുതിച്ചുയര്‍ന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. പ്രത്യേകിച്ച് അഫ്ഗാനുമായി അതിര്‍ത്തി പങ്കിടുന്ന ഖൈബര്‍ പഖ്തൂണ്‍ഖ്വയിലും ബലൂചിസ്ഥാനിലും. ബലൂച് ലിബറേഷന്‍ ആര്‍മി, ബലൂച് ലിബറേഷന്‍ ഫ്രണ്ടുമായും (BLF) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായാണ് പറയപ്പെടുന്നത്. ജനുവരിയില്‍ ഇറാനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ പാകിസ്ഥാന്‍ ഇരു വിഭാഗങ്ങളെയും ലക്ഷ്യമിട്ടിരുന്നതായി പാകിസ്ഥാന്‍ സൈനിക പ്രസ്താവനയില്‍ പറഞ്ഞിരുന്നു.