കറാച്ചി: തെക്കനേഷ്യയിലെ മുന്‍നിര തൊഴിലാളി നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കറാമത്ത് അലി കറാച്ചിയില്‍ അന്തരിച്ചു. ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ അനന്തരവന്‍ അബ്ബാസ് ഹൈദര്‍ ആണ് മരണ വിവരം സ്ഥിരീകരിച്ചത്. 78 വയസായിരുന്നു.
പാക്കിസ്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ എജ്യൂകേഷന്‍ ആന്റ് റിസര്‍ച്ച് എക്‌സിക്യൂട്ടിവ് ഡയരക്ടറും പാകിസ്താന്‍-ഇന്ത്യ പീപ്പിള്‍സ് ഫോറം ഫോര്‍ പീസ് സ്ഥാപകാംഗവുമാണ്. അറുപതുകളില്‍ ജനറല്‍ അയ്യൂബ് ഖാന്റെ ഏകാധിപത്യത്തിനെതിരെ പ്രതികരിച്ചാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. കോളജ് വിദ്യാര്‍ഥിയായിരിക്കെ ഫാക്ടറി ജോലിക്ക് ചേര്‍ന്ന് തൊഴിലാളികള്‍ക്കിടയില്‍ സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചു.
നിര്‍മല ദേശ്‍പാണ്ഡേക്കൊപ്പം ഇന്ത്യ-പാകിസ്താന്‍ സൗഹൃദത്തിനുള്ള സംഘടനകള്‍ക്ക് രൂപംനല്‍കി. തെക്കനേഷ്യന്‍ രാജ്യങ്ങള്‍ സമാധാനപൂര്‍വം ഒരുമിച്ചു ചേരുന്ന ഫെഡറേഷന്‍ സ്വപ്നം കണ്ട അദ്ദേഹം ആണവായുധ പരീക്ഷണങ്ങള്‍ക്കും യുദ്ധവെറിക്കുമെതിരെ നിരന്തരം ശബ്ദിച്ചു. പാക് ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളുടെ സ്ഥിരം വിമര്‍ശകനായിരുന്നു.