പാലക്കാട്ട് അട്ടിമറി വിജയം, ചേലക്കരയിൽ ഇടതിൻ്റെ തോൽവി, ബി.ജെ.പിയുടെ പുതിയ രാഷ്ട്രീയ ‘അജണ്ട’

പാലക്കാട്ട് അട്ടിമറി വിജയം, ചേലക്കരയിൽ ഇടതിൻ്റെ തോൽവി, ബി.ജെ.പിയുടെ പുതിയ രാഷ്ട്രീയ ‘അജണ്ട’

കേരള രാഷ്ട്രീയത്തിൽ ഇന്നുവരെ കാണാത്ത തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് കേരളം ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നത്. ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളിലാണ് പ്രധാനമായും കടുത്ത പോരാട്ടം നടക്കാൻ പോകുന്നത്. വയനാട് ലോകസഭ ഉപതിരഞ്ഞെടുപ്പിൽ വോട്ടുകൾ വർദ്ധിപ്പിക്കുക എന്നതിന് അപ്പുറം ഒരു വിജയ പ്രതീക്ഷ ഇടതുപക്ഷത്തിനും ബി.ജെ.പിയ്ക്കും ഇല്ല. പ്രിയങ്കഗാന്ധി വയനാട്ടിൽ വിജയിക്കും എന്നത് ഉറപ്പാണെങ്കിലും അവരുടെ ഭൂരിപക്ഷം എത്രയൊണ് എന്നതിൽ മാത്രമാണ് സംശയമുള്ളത്.

എന്നാൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭാ മണ്ഡലങ്ങളിലെ സ്ഥിതി അതല്ല വയനാട്ടിൽ വിജയിച്ചാലും പാലക്കാട് വിജയിക്കാൻ കഴിഞ്ഞില്ലങ്കിൽ യു.ഡി.എഫിന് വലിയ തിരിച്ചടിയായി മാറും. ഇത് തിരിച്ചറിയുന്ന കോൺഗ്രസ്സ് നേതൃത്വം പാലക്കാട് നഷ്‌ടപ്പെട്ടാൽ ചേലക്കര പിടിക്കുക എന്ന ഇലക്ഷൻ സ്ട്രാറ്റർജിയാണ് ഇപ്പോൾ പയറ്റാൻ ഒരുങ്ങുന്നത്.

ലോകസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും രമ്യഹരിദാസിനെ തന്നെ ചേലക്കരയിൽ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ്സ് ആലോചിക്കുന്നത്. 2019- ലെ ലോകസഭ തിരഞ്ഞെടുപ്പ് നടന്നപ്പോൾ ചേലക്കര നിയമസഭാ മണ്ഡലത്തിലും വലിയ മുന്നേറ്റം നടത്തിയിരുന്നത് രമ്യ ഹരിദാസാണ്. ഇത്തവണ രമ്യയ്ക്ക് ആലത്തൂരിൽ കാലടിറിയതിന് പിന്നിൽ ബി.ജെ.പി അപ്രതീക്ഷിതമായി വോട്ടുകൾ വർദ്ധിപ്പിച്ചതു കൊണ്ടാണ് എന്നാണ് കോൺഗ്രസ്സ് നേതൃത്വം വിലയിരുത്തുന്നത്. 20,143 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സി.പി.എം സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ വിജയിച്ചിരുന്നത്.

2019ൽ, 5,33,815 വോട്ട് നേടിയാണ് കോൺഗ്രസ് നേതാവ് രമ്യ ഹരിദാസ് വിജയിച്ചിരുന്നത്. സിപിഎം സ്ഥാനാർത്ഥി പി കെ ബിജു അന്ന് ആകെ നേടിയിരുന്നത് 3,74,847 വോട്ടുകളാണ്. 1,58,968 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച രമ്യ ഹരിദാസിന്റെ കൈയ്യിൽ നിന്നാണ് കെ രാധാകൃഷ്ണൻ ഇത്തവണ ആലത്തൂർ തിരിച്ചു പിടിച്ചിരിക്കുന്നത്.

1,88,230 വോട്ടുകളാണ് ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥി സരസു പിടിച്ചിരിക്കുന്നത്. അതായത്, 2019- ലെ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഇരട്ടിയോളം വോട്ട് വർദ്ധനവാണ് ബി.ജെ.പിക്ക് ആലത്തൂരിൽ ഉണ്ടായിരിക്കുന്നത്. രമ്യ ഹരിദാസിന് ലഭിക്കേണ്ട വോട്ടുകളിൽ നല്ലൊരു വിഭാഗം ഡോ സരസുവിൻ്റെ പെട്ടിയിൽ വീണതായാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ചേലക്കര ഉപതിരഞ്ഞെടുപ്പിൽ രമ്യ ഹരിദാസാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥിയെങ്കിൽ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ സി.പി.എമ്മിന് രംഗത്തിറക്കേണ്ടി വരും. ബി.ജെ.പിയുടെ നിലപാടും ഇത്തവണ ചേലക്കരയിൽ നിർണ്ണായകമാകും. 2021-ൽ 39,400 വോട്ടുകൾക്ക് കെ രാധാകൃഷ്ണൻ വിജയിച്ച ചേലക്കരയിൽ ഈ കൂറ്റൻ ഭൂരിപക്ഷം ലഭിച്ചാലും ഇല്ലെങ്കിലും വിജയിക്കുക എന്നത് സി.പി.എമ്മിൻ്റെ നിലനിൽപ്പിൻ്റെ കൂടി പ്രശ്നമാണ്. അതിനായി ആവനാഴിയിലെ സകല ആയുധങ്ങളും സി.പി.എമ്മിന് പ്രയോഗിക്കേണ്ടതായി വരും. ഇടതുപക്ഷ കോട്ടയായ ചേലക്കരയിൽ സി.പി.എമ്മിന് കാലിടറിയാൽ അത് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെയും സാരമായി ബാധിക്കും.

ഇവിടെയാണ് ബി.ജെ.പിയുടെ നിലപാടിനും പ്രസക്തി വർദ്ധിക്കുക. “പാലക്കാട് അട്ടിമറി വിജയം നേടുക, ചേലക്കരയിൽ ഇടതുപക്ഷത്തിൻ്റെ തോൽവി ഉറപ്പാക്കുക” എന്ന തന്ത്രമാണ് ബി.ജെ.പി പയറ്റാൻ പോകുന്നത്. ചേലക്കരയിൽ എന്തായാലും വിജയിക്കാൻ കഴിയില്ലെന്ന് ബി.ജെ.പിയ്ക്ക് അറിയാം. എന്നാൽ, സി.പി.എമ്മിൻ്റെ തോൽവി ഉറപ്പാക്കാൻ കഴിഞ്ഞാൽ, അത് ബി.ജെ.പിയുടെ ‘ഓപ്പറേഷൻ കേരളയ്ക്കാണ് ‘ ഗുണം ചെയ്യുക.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരം, 9,707 വോട്ടിന്റെ ലീഡ് പാലക്കാട് നിയമസഭ മണ്ഡലത്തിൽ യു.ഡി.എഫിന് ഉണ്ടെങ്കിലും, ഉപതിരഞ്ഞെടുപ്പ് വന്നാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകും. ബി.ജെ.പി രണ്ടാം സ്ഥാനത്ത് നിൽക്കുന്ന പാലക്കാട് പിടിക്കാൻ, ഏതറ്റം വരെയും ബി.ജെ.പി പോകും.

2019-ൽ ഷാഫി പറമ്പിൽ സ്ഥാനാർത്ഥിയായിട്ടും 3,859 വോട്ടുകൾക്ക് മാത്രമാണ്, യു.ഡി.എഫിന് വിജയിക്കാൻ കഴിഞ്ഞിരുന്നത്. ഈ കണക്കുകൾ തന്നെയാണ് ബി.ജെ.പിയുടെ പ്രതീക്ഷകൾക്കും അടിസ്ഥാനം. ഏറ്റവും മികച്ച സ്ഥാനാർത്ഥികളെ തന്നെ പാലക്കാട് ഇറക്കാനാണ് ബി.ജെ.പിയും ശ്രമിക്കുന്നത്. കോൺഗ്രസ്സ് പ്രമുഖ യുവ നേതാവിനാണ് പ്രഥമ പരിഗണന നൽകുന്നത്. സി.പി.എമ്മും പരമാവധി വോട്ടുകൾ ശേഖരിക്കാൻ ശേഷിയുള്ള സ്ഥാനാർത്ഥികളെയാണ് പാലക്കാട്ട് തേടുന്നത്.

അതായത്, തീ പാറുന്ന പോരാട്ടത്തിനാണ് പാലക്കാടും ചേലക്കരയും ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഇവിടെ ശ്രദ്ധേയമാകാൻ പോകുന്നത് ബി.ജെ.പിയുടെ ഇലക്ഷൻ സ്ട്രാറ്റർജി തന്നെ ആയിരിക്കും. കോൺഗ്രസ്സ് മുക്ത ഭാരതം എന്ന അജണ്ട വച്ച് മുന്നോട്ട് പോകുന്ന ബി.ജെ.പി കേരളത്തിൽ ആ മുദ്രാവാക്യം മാറ്റി കമ്യൂണിസ്റ്റ് മുക്ത കേരളമെന്നാക്കിയാണ് മാറ്റാൻ പോകുന്നത്.

ലോകസഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വിജയിക്കാൻ കഴിഞ്ഞത് മാത്രമല്ല 11 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമതെത്താനും 9 നിയമസഭാ മണ്ഡലങ്ങളിൽ രണ്ടാമത് എത്താനും ബി.ജെ.പിക്ക് കഴിഞ്ഞതോടെയാണ് കേരളത്തിലെ പ്രധാന ടാർഗറ്റ് സി.പി.എമ്മായി അവർക്ക് മാറിയിരിക്കുന്നത്. സി.പി.എമ്മിനെ തകർത്താൽ മാത്രമേ കേരളത്തിൽ കാവി രാഷ്ട്രീയത്തിന് മുന്നേറ്റം ഉണ്ടാകൂ എന്നാണ് ബി.ജെ.പി തിരിച്ചറിയുന്നത്.

ഇടതുപക്ഷത്തിൻ്റെ പ്രധാനമായും സി.പി.എമ്മിൻ്റെ ഹിന്ദു വോട്ടുകളാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ലോകസഭ തിരഞ്ഞെടുപ്പിൽ ഈ കോട്ടകളിൽ കയറാൻ കഴിഞ്ഞു എന്നത് ബി.ജെ.പിയുടെ ഊർജ്ജമാണ് വല്ലാതെ വർദ്ധിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യം മുതലാക്കാൻ ചേലക്കരയിൽ സി.പി.എമ്മിനെ പരാജയപ്പെടുത്താനും പാലക്കാട്ട് വിജയിക്കാനും വേണ്ടി ഇപ്പോൾ തന്നെ ബി.ജെ.പി പ്രവർത്തനവും തുടങ്ങി കഴിഞ്ഞിട്ടുണ്ട്. കെ സുരേന്ദ്രൻ്റെ മണ്ഡല പര്യടനം നൽകുന്ന സൂചനയും അതു തന്നെയാണ്.

അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണിത്. അതെന്തായാലും പറയാതെ വയ്യ. സ്വന്തം കാലിനടിയിലെ മണ്ണ് ചോർന്ന് പോയത് എന്തു കൊണ്ടാണെന്ന് തിരിച്ചറിഞ്ഞ് ബി.ജെ.പിയെയും വലതുപക്ഷ ശക്തികളെയും ചെറുക്കേണ്ടത് സി.പി.എമ്മിൻ്റെ രാഷ്ട്രീയ ഉത്തരവാദിത്വമാണ്. സംഘപരിവാറിനെതിരായ പോരാട്ടത്തിൻ്റെ മുന ഒടിച്ചത് വകതിരിവില്ലാത്ത ചില നേതാക്കളാണ് എന്നതാണ് ആദ്യം സി.പി.എം നേതൃത്വം തരിച്ചറിയേണ്ടത്. ഇതാണ് മത ന്യൂനപക്ഷങ്ങളെ അടക്കം ഇടതുപക്ഷത്ത് നിന്നും അകറ്റാൻ പ്രധാന കാരണമായിരിക്കുന്നത്. ലീഗ് വർഗ്ഗീയ പാർട്ടിയാണെങ്കിൽ അതും തുറന്നു പറയുകയാണ് വേണ്ടിയിരുന്നത്. അതല്ലാതെ അവർക്ക് ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്ത് പ്രീണന രാഷ്ട്രീയം പയറ്റാൻ ശ്രമിച്ചാൽ പുതിയ കാലത്ത് അതൊന്നും വേവില്ലെന്നതും തിരിച്ചറിയണമായിരുന്നു.

മാന്യമായ പെരുമാറ്റങ്ങൾക്കും പൊതു കാര്യങ്ങളിലെ സജീവമായ ഇടപെടലുകൾക്കും മാതൃകയായിരുന്ന സി.പി.എം ആ പാതയിൽ നിന്നും വേറിട്ട് സഞ്ചരിച്ചതും ജനപ്രിയ നിലപാടുകളിൽ നിന്നും ഇടതുപക്ഷ സർക്കാർ പിന്നോട്ട് പോയതും എല്ലാം സി. പി.എം വോട്ട് ബാങ്കിനെയാണ് ശരിക്കും ബാധിച്ചിരിക്കുന്നത്.

തെറ്റുതിരുത്തൽ നടപടി വെറും യോഗങ്ങളിൽ മാത്രം ആക്കി ചുരുക്കാതെ, പൊതു സമൂഹത്തിനും പാർട്ടി അനുഭാവികൾക്കും, ബോധ്യപ്പെടുന്ന നടപടികളാണ് സ്വീകരിക്കേണ്ടത്. എങ്കിൽ മാത്രമേ മനംമടുത്ത് മാറി നിൽക്കുന്നവർ ചുവപ്പ് പാളയത്തിൽ തിരിച്ചെത്തുകയുള്ളൂ. അതല്ലെങ്കിൽ ചുവപ്പ് കോട്ടയായ ചേലക്കരയും ഇടതുപക്ഷത്തെ കൈവിട്ടാലും അത്ഭതപ്പെടാനില്ല.

സി.പി.എമ്മിന് പറ്റിയ വീഴ്ചയുടെ കൂടി ഉൽപ്പന്നമാണ് ഇപ്പോൾ ബി.ജെ.പി കേരളത്തിൽ ഉണ്ടാക്കിയിരിക്കുന്ന നേട്ടം. 20 ശതമാനമായാണ് ബി.ജെ.പി വോട്ടുകൾ വർദ്ധിപ്പിച്ചിരിക്കുന്നത്. 60 നിയമസഭാ മണ്ഡലങ്ങളിലും അവർക്ക് നേട്ടമുണ്ടായിട്ടുണ്ട്. ഇതൊരിക്കലും ഒരു ചെറിയ നമ്പർ അല്ലെന്നതും ഓർക്കുന്നത് നല്ലതാണ്. കേരളം ബിജെപിക്ക് ബാലികേറാമലയല്ലെന്ന് തെളിയിച്ചു കഴിഞ്ഞതായാണ് രണ്ട് കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യത്തിൽ ചേർന്ന ബി.ജെ.പി നേതൃയോഗം അവകാശപ്പെട്ടിരിക്കുന്നത്. സി.പി.എം കണ്ണു തുറന്ന് കാണേണ്ട യാഥാർത്ഥ്യമാണിത്.

ഇന്നലെ വരെ കേരളത്തിൽ കാവി രാഷ്ട്രീയത്തെ പ്രതിരോധിച്ച് നിർത്തിയത് കോൺഗ്രസ്സോ ലീഗോ അല്ല ഇടതുപക്ഷ രാഷ്ട്രീയമാണ്. കമ്യൂണിസ്റ്റുകൾ തീർത്ത ആ പ്രതിരോധ കോട്ടയിലാണിപ്പോർ വിള്ളൽ വീണിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പോടെ ആ വിള്ളൽ പൊട്ടിചിതറിയാൽ അതോടെ കേരളത്തിലെ ഇടതുപക്ഷ ഭരണവും അസ്തമിക്കും. 2026-ൽ യു.ഡി.എഫിനെ അധികാരത്തിലേറ്റുക അതിനു ശേഷം കോൺഗ്രസ്സിനെ പിളർത്തി ഭരണം പിടിക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. കോൺഗ്രസ്സ് സർക്കാറുകളെ അട്ടിമറിച്ചാണ് രാജ്യം വിഴുങ്ങുന്ന രൂപത്തിലേക്ക് ബി.ജെ.പി വളർന്നത് എന്നതിനാൽ ഒരു സാധ്യതയും തള്ളിക്കളയാൻ കഴിയുകയില്ല. സി.പി.എമ്മിനെതിരെ വാളെടുക്കുന്ന മുസ്ലിംലീഗ് അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ ഈ യാഥാർത്ഥ്യവും തിരിച്ചറിയുന്നത് നല്ലതാണ്. ഇടതുണ്ടെങ്കിലേ കേരളത്തിൽ മതന്യൂനപക്ഷങ്ങൾക്ക് രക്ഷയുണ്ടാകൂ എന്ന് മുസ്ലിംലീഗ് തിരിച്ചറിയാൻ പോകുന്നതും അന്നു മാത്രമായിരിക്കും. അതെന്തായാലും, പറയാതെ വയ്യ.

EXPRESS KERALA VIEW

Top