പാലക്കാട് ഒരുങ്ങുന്നത് വൻ കായിക പദ്ധതി

സ്‌പോർട്‌സ് ഹബ് നിർമ്മിക്കുന്നത് ഭഗവതി ക്ഷേത്രത്തിൻറെയും അസോസിയേഷൻറെയും പേരിലായിരിക്കും.

പാലക്കാട് ഒരുങ്ങുന്നത് വൻ കായിക പദ്ധതി
പാലക്കാട് ഒരുങ്ങുന്നത് വൻ കായിക പദ്ധതി

തിരുവനന്തപുരം: വൻ കായിക പദ്ധതിയെ വരവേൽക്കാൻ പാലക്കാട് ഒരുങ്ങിക്കഴിഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷൻറെ സ്‌പോർട്‌സ് ഹബ് സ്‌റ്റേഡിയം ആണ് മലബാർ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തൻകുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റ്റ്റിൻറെ 21 ഏക്കർ സ്ഥലത്ത് വരുന്നത്. കായിക പ്രേമികൾക്കായി രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകൾ, ഫ്ലഡ് ലൈറ്റ്, ക്ലബ് ഹൗസ്, നീന്തൽ കുളം, ബാസ്‌കറ്റ് ബോൾ, ഫുട്‌ബോൾ മൈതാനങ്ങൾ, കൂടാതെ മറ്റ് കായിക ഇനങ്ങൾക്കുള്ള സൗകര്യവും ഈ കായിക പദ്ധതിയിൽ വരുന്നുണ്ട്.

സ്‌പോർട്‌സ് ഹബ് നിർമ്മിക്കുന്നത് ഭഗവതി ക്ഷേത്രത്തിൻറെയും അസോസിയേഷൻറെയും പേരിലായിരിക്കും. ഈ വർഷം ഡിസംബറിലാണ് ഇതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പിടുക. 33 വർഷത്തേക്കാണ് ലീസ് എഗ്രിമെൻറിൻറെ അടിസ്ഥാനത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഭൂമി ഏറ്റെടുക്കുക. പ്രദേശവാസികളെ നിരാശയിലാഴ്ത്താതെയാണ് പദ്ധതി കൊണ്ടുവരിക. പ്രദേശവാസികൾക്ക് തന്നെയാണ് ഈ കായിക പദ്ധതിയിൽ ജോലിക്ക് മുൻഗണന നൽകുക.

Also Read: കോഴിക്കോട് ജില്ലയിൽ നാളെ മുതൽ ജലവിതരണം മുടങ്ങും

21,35000 രൂപയാണ് പ്രതിവർഷം ഈ പദ്ധതിയിലൂടെ ക്ഷേത്രത്തിനു ലഭിക്കുക. കൂടാതെ 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും കേരള ക്രിക്കറ്റ് അസോസിയേഷൻ നൽകും. 2018-ൽ ആണ് കായിക പദ്ധതിയുടെ നടപടിക്രമങ്ങൾ തുടങ്ങിയത്. എന്നാൽ കോവിഡ് മൂലം ഇത് വൈകുകയായിരുന്നു.

മദ്രാസ് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്ട് 1951 പ്രകാരം തുടങ്ങിയ നടപടികൾ മലബാർ ദേവസ്വവും അമ്പലം ട്രസ്റ്റ്റ്റും സെപ്റ്റംബറിൽ തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. 2025 ജനുവരിയോടെയാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം പുനരാരംഭിക്കുക. ആദ്യഘട്ട നിർമ്മാണം 2026 ന് പൂർത്തിയാക്കാനാണ് തീരുമാനം. രണ്ടാം ഘട്ടം 2027 ഏപ്രിൽ മാസത്തോടെ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

Top