പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കര രമ്യാ ഹരിദാസും യുഡിഎഫ് സ്ഥാനാര്‍ഥികളായേക്കും

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കര രമ്യാ ഹരിദാസും യുഡിഎഫ് സ്ഥാനാര്‍ഥികളായേക്കും

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കും. ചേലക്കരയില്‍ മുന്‍ എം.പി രമ്യാ ഹരിദാസിനാണ് പ്രഥമപരിഗണന. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി വരുന്നത് ഉപതിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ഗ്രൂപ്പ് വ്യത്യാസമില്ലാതെ രാഹുലിനെ നേതാക്കള്‍ പിന്തുണച്ചുവെന്നാണ് പുറത്ത് വരുന്ന വിവരം. മറ്റ് പേരുകളൊന്നും പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി നിലവില്‍ യു.ഡി.എഫിന്റെ മുന്നിലില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്നും രമ്യാ ഹരിദാസ് പിടിച്ച വോട്ടുകള്‍ കണക്കിലെടുത്താണ് രമ്യയെ തന്നെ വീണ്ടും കളത്തിലിറക്കുന്നതിനെക്കുറിച്ച് യു.ഡി.എഫ് ചിന്തിക്കുന്നത്. 35,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ. രാധാകൃഷ്ണന്‍ വിജയിക്കുന്നത്. എന്നാല്‍, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് 8,798 വോട്ടുകളായി കുറഞ്ഞു. കഴിഞ്ഞ തവണ മണ്ഡലത്തില്‍ നിന്നും മത്സരിച്ച സി.സി. ശ്രീകുമാറിന്റെ പേരും യു.ഡി.എഫ് പരിഗണനയിലുണ്ട്.

Top