ലണ്ടന്‍: ഗസ്സക്കെതിരെ ഇസ്രായേല്‍ തുടരുന്ന ആസൂത്രിത വംശഹത്യയില്‍ പ്രതിഷേധിച്ചും ഫലസ്തീന്‍ ലാന്‍ഡ് ഡേക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചും ശനിയാഴ്ച യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ലണ്ടന്‍, പാരീസ്, ആംസ്റ്റര്‍ഡാം, കോപ്പന്‍ഹേഗന്‍, ആര്‍ഹസ്, ഓസ്‌ലോ തുടങ്ങി വിവിധ നഗരങ്ങളിലാണ് ശനിയാഴ്ച ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനങ്ങള്‍ അരങ്ങേറിയത്. യുദ്ധം ആരംഭിച്ചത് മുതല്‍ ഇത്തരത്തില്‍ യൂറോപ്പിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വാരാന്ത്യങ്ങളില്‍ പ്രകടനങ്ങള്‍ നടക്കാറുണ്ട്. ഓരോ ദിവസം കഴിയുമ്പോഴും പ്രതിഷേധ പ്രകടനങ്ങള്‍ കൂടുതല്‍ രാജ്യങ്ങളിലേക്കും നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്. ലണ്ടനില്‍ നടന്ന പ്രകടനത്തില്‍ പതിനായിരക്കണക്കിന് പേരാണ് പങ്കെടുത്തത്. രണ്ട് കിലോമീറ്റര്‍ നീണ്ട പ്രകടനം ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ അവസാനിച്ചു. തുടര്‍ന്ന് കൂടുതല്‍ പേര്‍ ഇവിടേക്ക് പ്രതിഷേധവുമായെത്തി. ഏകദേശം രണ്ട് ലക്ഷം പേരാണ് ഐക്യദാര്‍ഢ്യവുമായി ഇവിടെ എത്തിയത്. നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബര്‍ 7ന് ശേഷം 11ാം തവണയാണ് ഇത്തരത്തില്‍ ലണ്ടനില്‍ പ്രകടനം നടക്കുന്നത്. ഗസ്സക്കെതിരായ ഇസ്രായേലിന്റെ യുദ്ധവും വംശഹത്യയും അവസാനിപ്പിക്കണമെന്നും ജനങ്ങളെ പട്ടിണിക്കിടരുതെന്നും ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കരുതെന്നും ബ്രിട്ടീഷ് സര്‍ക്കാറിനോട് ഇവര്‍ ആവശ്യപ്പെട്ടു. പാരീസില്‍ ലാന്‍ഡ് ഡേയുടെ പശ്ചാത്തലത്തില്‍ നിരവധി ഫ്രഞ്ച് പ്രതിനിധികളും സെനറ്റര്‍മാരും പ്രകടനത്തില്‍ പങ്കെടുത്തു. അടുത്തിടെ പാരീസില്‍ നടന്ന ഏറ്റവും വലിയ പ്രകടനങ്ങളിലൊന്നായി മാറിയിത്. കുട്ടികളെയടക്കം കൊല്ലുന്ന ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരതകള്‍, ഗസ്സക്കെതിരായ ഇസ്രായേല്‍ വംശഹത്യ എന്നിവ തടയണമെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ മുദ്രാവാക്യം ഉയര്‍ത്തി.
ബെര്‍ലിനില്‍ ഗസ്സയിലെ ഫലസ്തീന്‍ ജനതക്ക് പിന്തുണയുമായി നിരവധി പേരാണ് തെരുവിലിറങ്ങിയത്. ഇസ്രായേല്‍ അധിനിവേശത്തിനെതിരായ നിലപാട് ജര്‍മ്മന്‍ സര്‍ക്കാര്‍ ഈയിടെ മാറ്റിയിരുന്നു. ഇതിന് പിന്നിലെ പ്രധാന കാരണം ഇത്തരം റാലികളാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ബെര്‍ലിനില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ബഹുജന പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. 1976 മാര്‍ച്ച് 30ലെ സംഭവങ്ങളെ അനുസ്മരിച്ച് എല്ലാ വര്‍ഷവും മാര്‍ച്ച് 30നാണ് ഫലസ്തീനികള്‍ ലാന്‍ഡ് ഡേ ആചരിക്കുന്നത്. തങ്ങളുടെ ഭൂമി പിടിച്ചെടുക്കാനെത്തിയ ഇസ്രായേല്‍ സൈന്യത്തിനെതിരെ പ്രതിഷേധിച്ച ആറുപേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഫലസ്തീന്‍ പൗരന്മാരുടെ 2000 ഹെക്ടര്‍ ഭൂമി പിടിച്ചെടുക്കാനായിരുന്നു ഇസ്രായേല്‍ സര്‍ക്കാറിന്റെ ഉത്തരവ്.
ഫലസ്തീനികള്‍ എല്ലാ വര്‍ഷവും മാര്‍ച്ച് 30ന് പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കാറുണ്ട്. കൂടാതെ ഒലിവ് മരങ്ങള്‍ നട്ടുപിടിപ്പിച്ച് പിറന്നമണ്ണുമായുള്ള ബന്ധം അവര്‍ ഊട്ടിയുറപ്പിക്കും. അതേസമയം, ഈ പ്രതിഷേധങ്ങളെ ഇസ്രായേല്‍ അതിക്രൂരമായാണ് നേരിടാറ്. ഒക്ടോബര്‍ ഏഴിന് ശേഷം ആരംഭിച്ച യുദ്ധത്തിനിടയിലും ഇസ്രായേല്‍ ഫലസ്തീന്‍ ഭൂമി കൈയേറിക്കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 22ന് അധിനിവേശ വെസ്റ്റ്ബാങ്കില്‍ 800 ഹെക്ടര്‍ ഭൂമി പിടിച്ചെടുക്കുമെന്ന് ഇസ്രായേല്‍ ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ച് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ അനധികൃത സെറ്റില്‍മെന്റുകള്‍ നിര്‍മിക്കുകയാണ് ഇസ്രായേലിന്റെ ലക്ഷ്യം. 2022 നവംബര്‍ 1 മുതല്‍ 2023 ഒക്ടോബര്‍ 31 വരെ ഫലസ്തീന്‍ ഭൂമിയില്‍ 24,000 അനധികൃത ഭവന യൂണിറ്റുകള്‍ നിര്‍മ്മിക്കാനാണ് ഇസ്രായേല്‍ അനുമതി നല്‍കിയത്.