രാമേശ്വരം: രാമേശ്വരത്തിന് സമീപം പാമ്പൻ പുതിയ റെയിൽവേ പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. ശനിയാഴ്ച പുലർച്ച പാലത്തിന്റെ നടുവിൽ ഗർഡർ ബ്രിഡ്ജ് വിജയകരമായി സ്ഥാപിച്ചതിൽ റെയിൽവേ എൻജിനീയർമാർ ആകാശത്ത് പടക്കം പൊട്ടിച്ച് ആഘോഷിച്ചു.
പാലത്തിൽ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തിയശേഷം ഒക്ടോബർ ഒന്നുമുതൽ രാമേശ്വരത്തേക്കുള്ള ട്രെയിൻ സർവിസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പാമ്പൻ റെയിൽവേ പാലത്തിന് നടുവിലുള്ള തൂക്കുപാലം ദുർബലമായതിനെ തുടർന്നാണ് 2019ൽ 550 കോടി രൂപ ചെലവിൽ പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചത്.
2022 നവംബർ 23ന് പാലത്തിലെ ഇരുമ്പ് പ്ലേറ്റ് കേടായതിനാൽ രാമേശ്വരത്തേക്കുള്ള ട്രെയിൻ ഗതാഗതം നിർത്തിവെച്ചു. 2,070 മീറ്റർ (6,790 അടി) നീളത്തിൽ നിർമിക്കുന്ന പുതിയ പാമ്പൻ പാലം രാമേശ്വരം- മണ്ഡപം റെയിൽവേ സ്റ്റേഷനുകളെ തമ്മിലാണ് ബന്ധിപ്പിക്കുക.
പൂർണമായും നൂതനമായ ഓട്ടോമേറ്റഡ് ഇലക്ട്രോ മെക്കാനിക്കൽ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന പുതിയ പാലത്തിന് താഴെ വലിയ കപ്പലുകൾക്ക് തടസ്സങ്ങളില്ലാതെ കടന്നുപോകാനാവും. ഓട്ടോമാറ്റിക് വെർട്ടിക്കൽ ലിഫ്റ്റിങ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന സ്റ്റെയിൻലസ് സ്റ്റീൽ കൊണ്ട് നിർമിച്ച പാലത്തിൽ 330 തൂണുകളും 18.3 മീറ്റർ നീളമുള്ള 99 സ്പാനുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
കപ്പലുകൾ വരുമ്പോൾ 63 മീറ്റർ നീളമുള്ള മധ്യഭാഗം കടൽനിരപ്പിൽനിന്ന് 17 മീറ്റർ ഉയരും. പിന്നീട് സാധാരണനിലയിലേക്ക് താഴ്ത്തും. ഇത്തരം സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ പാലമായിരിക്കുമിത്. പാലത്തിന്റെ ഗർഡറുകൾ സ്ഥാപിച്ച നിലയിൽ രണ്ടാഴ്ചക്കകം ജോലികൾ പൂർത്തിയാക്കും.