വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ ഉടൻ പിരിക്കില്ല. പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ഇന്ന് മുതൽ ടോൾ പിരിക്കാനുള്ള തീരുമാനത്തിൽ നിന്ന് കമ്പനി തൽകാലം പിൻവാങ്ങി.
ഈ വിഷയത്തിൽ സർവകക്ഷി യോഗത്തിന് ശേഷം അന്തിമ തീരുമാനമെടുക്കും. അതേസമയം, എം.എൽ.എമാരെ ഉൾപ്പെടുത്തി മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ടോൾ പിരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം വരുന്നതു വരെ പ്രതിഷേധം തുടരുമെന്ന് ജനകീയ വേദി വ്യക്തമാക്കി.
പ്രദേശവാസികൾ പ്രതിമാസം 340 രൂപയാണ് ടോൾ നൽകേണ്ടി വരിക. പന്നിയങ്കര ടോൾ പ്ലാസ വഴി 50 സ്കൂൾ വാഹനങ്ങൾ മാത്രമാണ് കടന്നു പോകുന്നത്. ഈ വാഹനങ്ങളും ടോൾ നൽകണമെന്നാണ് കമ്പനി പറയുന്നത്.