ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025-ന്റെ മെഗാലേലം അടുത്തുവരികയാണ്. നിരവധി ക്രിക്കറ്റ് വിദഗ്ധര്‍ ജിദ്ദയില്‍ നടക്കുന്ന ഇവന്റിനെ ഓരോ ഫ്രാഞ്ചൈസിയും സമീപിക്കേണ്ട രീതിയെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയ്ക്കുകയാണ്. ഇത്തവണ ലേലത്തില്‍ ഏറ്റവുമധികം ഡിമാന്റുള്ള താരങ്ങളില്‍ ഒരാളാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, ചെന്നൈ സൂപ്പര്‍ കിംഗ്സ്, പഞ്ചാബ് കിംഗ്സ് എന്നിവരെല്ലാം പന്തിനെ ടീമിലെത്തിക്കാനുള്ള ശ്രമം അണിയറയില്‍ നടത്തുന്നുണ്ട്. പന്തിന് എത്ര തുക ലേലത്തില്‍ ലഭിക്കുമെന്നുള്ളതാണ് ക്രിക്കറ്റ് ആരാധകരുടെ ആകാംഷ.
Also Read: തന്റെ യൂട്യൂബ് ചാനലിലെ ആ അതിഥിയെ വെളിപ്പെടുത്തി റൊണാൾഡോ
അതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന. താരലേലത്തിലെ വിലയേറിയ താരം പന്ത് ആയിരിക്കുമെന്നാണ് റെയ്ന പറയുന്നത്. ”ഐപിഎല്‍ മെഗാ താരലേലത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് വിലകൂടിയ താരമാകും. പന്ത് മികച്ച നായകനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമാണ്. അദ്ദേഹത്തിന്റെ മൂല്യം വളരെ ഉയര്‍ന്നതാണ്. പന്ത് 25 കോടി മുതല്‍ 30 കോടി വരെ താരം അര്‍ഹിക്കുന്നു.” റെയ്ന പറഞ്ഞു. ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് വലിയ തുകകള്‍ ലഭിക്കുന്നെങ്കില്‍ എന്തുകൊണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിച്ചുകൂടായെന്ന് റെയ്ന ചൂണ്ടിക്കാട്ടി.