കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹികപീഡനക്കേസില്‍ മുഖ്യപ്രതി രാഹുലിനെ വിദേശത്തേക്ക് രക്ഷപ്പെടാന്‍ സഹായിച്ച പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ.ടി. ശരത് ലാലും ഒളിവിലെന്ന് അന്വേഷണസംഘം.
ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത ഇയാളെ ചോദ്യംചെയ്യുന്നതിനായി അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിട്ടില്ല. ഇതിനിടെ കഴിഞ്ഞദിവസം ശരത് ലാല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്കി.
അപേക്ഷ വെള്ളിയാഴ്ച പരിഗണിച്ചെങ്കിലും വീണ്ടും പരിഗണിക്കുന്നതിനും കോടതി വാദംകേള്‍ക്കാനും 31-ലേക്ക് മാറ്റി.അന്ന് ഇതുസംബന്ധിച്ച് പോലീസ് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
അഭിഭാഷകരായ കെ.പി. മുഹമ്മദ് ആരിഫ്, പി.കെ. നീതു എന്നിവര്‍ മുഖേനയാണ് ശരത്ലാല് മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയത്. ഒന്നാംപ്രതിയെ രക്ഷപ്പെടാന്‍ താന്‍ സഹായിച്ചെന്ന ആരോപണം ശരിയല്ലെന്നാണ് മുന്‍കൂര്‍ജാമ്യാപേക്ഷയിലെ വാദം.