പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ്; രാഹുലിനായി അന്വേഷണ സംഘം ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കും

പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ്; രാഹുലിനായി അന്വേഷണ സംഘം ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കും
പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ്; രാഹുലിനായി അന്വേഷണ സംഘം ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കും

കോഴിക്കോട് : പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുലിനായി അന്വേഷണ സംഘം ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കും. ഇയാള്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നോട്ടീസ് പുറത്തിറക്കുന്നത്. രാഹുല്‍ വിദേശത്ത് പോയിട്ടില്ലായെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രാഹുലിന്റെ മൊബൈല്‍ സിഗ്‌നല്‍ കര്‍ണാടകത്തില്‍ നിന്ന് കിട്ടിയിരുന്നു. ഇവിടെ നിന്ന് ഇയാള്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കൂടി പൊലീസ് കണക്കിലെടുക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകത്തിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

സ്ത്രീധനത്തിന്റെ പേരിലാണ് ക്രൂരമായ ആക്രമണമെന്ന് പരാതി നല്‍കിയിട്ടും ഗാര്‍ഹിക പീഡനത്തിന് മാത്രം കേസ് എടുത്ത പൊലീസ് നടപടിയ്‌ക്കെതിരെയും യുവതിയും കുടുംബവും രംഗത്ത് വന്നിരുന്നു. വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുന്‍പ് അതായത് മെയ് 11ന് പന്തീരാങ്കാവിലെ വീട്ടില്‍ ഭര്‍ത്താവ് നടത്തിയ ക്രൂരതയാണ് യുവതി വെളിപ്പെടുത്തുന്നത്. വീട് കാണല്‍ ചടങ്ങിനെത്തിയ അമ്മയും സഹോദരനുമടക്കം മുഖത്തും ശരീരത്തിലുമേറ്റ പാടുകളും രക്തക്കറയും കണ്ടത് കൊണ്ട് മാത്രമാണ് എല്ലാം തുറന്ന് പറഞ്ഞതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. രാത്രി 1 മണിയോടെയാണ് മര്‍ദ്ദനം. പക്ഷെ വീട്ടില്‍ അമ്മയും രാഹുലിന്‍ര്‍റെ സുഹൃത്തുമടക്കം ഉണ്ടായിട്ടും ആരും സഹായത്തിനെത്തിയില്ല. 150 പവനും കാറുമായിരുന്നു ഭര്‍ത്താവിന്റെ ആവശ്യം. ഭര്‍ത്താവിന്റെ അമ്മയടക്കമുള്ളവരുടെ പിന്തുണയോടെയാണ് സംഭവമെന്ന് സംശയിക്കുന്നതായും യുവതി പറഞ്ഞു. ഗുരുതരമായ കുറ്റകൃത്യത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയും യുവതി ചൂണ്ടികാട്ടുന്നു. ഗാര്‍ഹിക പീഡനം, ആയുധം കൊണ്ട് ആക്രമിക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പന്തീരങ്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്.

രാഹുലിന്റെ ബന്ധുക്കളില്‍ നിന്ന് ഇന്ന് തന്നെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. ഇന്നലെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം വീട്ടിലെത്തിയിരുന്നെങ്കിലും വീട് പൂട്ടിയിരുന്നതിനാല്‍ മടങ്ങുകയായിരുന്നു. പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായ പീഡനം നേരിട്ടെന്നായിരുന്നു പറവൂര്‍ സ്വദേശിയായ നവവധുവിന്റെ വെളിപ്പെടുത്തല്‍. കേബിള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്താന്‍ ഭര്‍ത്താവ് രാഹുല്‍ ശ്രമിച്ചെന്നും ലഹരിയിലായിരുന്ന രാഹുല്‍ ഒരു രാത്രി മുഴുവന്‍ അടച്ചിട്ട മുറിയില്‍ മര്‍ദ്ദിച്ചെന്നും പെണ്‍കുട്ടി വെളിപ്പെടുത്തുന്നു.

Top